2 രാജാക്കന്മാർ 18
18
യെഹൂദാരാജാവായ ഹിസ്കിയാവ്
1ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ മൂന്നാമാണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കിയാവ് രാജാവായി. 2രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബിയ#18:2 മൂ.ഭാ. അബി, അബിയ എന്നതിന്റെ മറ്റൊരുരൂപം. ആയിരുന്നു. 3തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. 4അദ്ദേഹം ക്ഷേത്രങ്ങൾ നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു; മോശ ഉണ്ടാക്കിയിരുന്ന വെങ്കലസർപ്പത്തെയും അദ്ദേഹം നശിപ്പിച്ചു. നെഹുഷ്ഠാൻ#18:4 നെഹുഷ്ഠാൻ എന്ന പദം, വെങ്കലം, സർപ്പം എന്നിവയ്ക്കുള്ള എബ്രായപദങ്ങളോടു സാമ്യമുണ്ട്. എന്നു പേരുവിളിച്ചിരുന്ന അതിന് ഇസ്രായേൽമക്കൾ അന്നുവരെയും ധൂപാർച്ചന നടത്തിയിരുന്നു.
5ഹിസ്കിയാവ് ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ വിശ്വാസം അർപ്പിച്ചു. യെഹൂദാരാജാക്കന്മാരിൽ അദ്ദേഹത്തിനു മുമ്പാകട്ടെ, പിമ്പാകട്ടെ, അദ്ദേഹത്തെപ്പോലെ യഹോവയിൽ വിശ്വാസം അർപ്പിച്ച മറ്റൊരാളും ഉണ്ടായിരുന്നില്ല. 6അദ്ദേഹം യഹോവയെ മുറുകെപ്പിടിച്ചു; അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കാതെ അവിടന്ന് മോശയ്ക്കു നൽകിയ കൽപ്പനകളെല്ലാം അനുസരിച്ചു. 7യഹോവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു; താൻ ഏറ്റെടുത്ത കാര്യങ്ങളിലെല്ലാം അദ്ദേഹം വിജയംകൈവരിച്ചു. അദ്ദേഹം അശ്ശൂർരാജാവിനോട് എതിർത്തുനിന്നു; അദ്ദേഹത്തെ സേവിച്ചില്ല. 8കാവൽഗോപുരംമുതൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരംവരെ, ഗസ്സാപട്ടണവും ചുറ്റുമുള്ള പ്രദേശങ്ങൾവരെയും അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു.
9ഹിസ്കിയാരാജാവിന്റെ നാലാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ ഏഴാമാണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസർ ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. 10മൂന്നുവർഷം കഴിഞ്ഞപ്പോൾ അശ്ശൂര്യർ അതിനെ പിടിച്ചെടുത്തു. അങ്ങനെ ഹിസ്കിയാവിന്റെ ആറാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവായ ഹോശേയയുടെ ഒൻപതാമാണ്ടിൽ ശമര്യ കീഴടക്കപ്പെട്ടു. 11അശ്ശൂർരാജാവ് ഇസ്രായേല്യരെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും, ഗോസാൻ നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും അവരെ പാർപ്പിച്ചു. 12അവർ തങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാതെ അവിടത്തോടുള്ള ഉടമ്പടി—യഹോവയുടെ ദാസനായ മോശ കൽപ്പിച്ചിരുന്ന കാര്യങ്ങൾ—ലംഘിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്. അവർ ആ കൽപ്പനകൾ ചെവിക്കൊള്ളുകയോ അനുസരിക്കുകയോ ചെയ്തില്ല.
13ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി. 14അതിനാൽ യെഹൂദാരാജാവായ ഹിസ്കിയാവ് ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുത്തേക്ക് ഈ സന്ദേശം കൊടുത്തയച്ചു: “ഞാൻ തെറ്റു ചെയ്തുപോയി; എന്നിൽനിന്നു പിൻവാങ്ങണമേ! അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്നതെന്തായാലും ഞാൻ തന്നുകൊള്ളാം.” അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കിയാവിന് മുന്നൂറു താലന്തു#18:14 ഏക. 11 ടൺ. വെള്ളിയും മുപ്പതു താലന്തു#18:14 ഏക. 1 ടൺ. സ്വർണവും പിഴയിട്ടു. 15അങ്ങനെ യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയെല്ലാം ഹിസ്കിയാവ് അദ്ദേഹത്തിനു കൊടുത്തു.
16യെഹൂദാരാജാവായ ഹിസ്കിയാവ് യഹോവയുടെ ആലയത്തിലെ കതകുകളും കട്ടിളകളും സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു. ഈ സമയത്ത് അദ്ദേഹം അതെല്ലാം ഇളക്കിയെടുത്തു. ആ സ്വർണമെല്ലാം അദ്ദേഹം അശ്ശൂർരാജാവിനു കൊടുത്തയച്ചു.
സൻഹേരീബ് ജെറുശലേമിനെ ഭീഷണിപ്പെടുത്തുന്നു
17എങ്കിലും അശ്ശൂർരാജാവ് തന്റെ സർവസൈന്യാധിപനെയും#18:17 മൂ.ഭാ. തർത്താനെയും ഉദ്യോഗസ്ഥമേധാവിയെയും#18:17 മൂ.ഭാ. രബ്-സാരീസിനെയും യുദ്ധക്കളത്തിലെ അധിപനെയും#18:17 മൂ.ഭാ. റബ്-ശാക്കേയെയും ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. അവർ ജെറുശലേമിലേക്കുവന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു. 18അവർ യെഹൂദാരാജാവിനെ വിളിച്ചു. അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അവരുടെ അടുത്തേക്കുചെന്നു.
19യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക:
“ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്? 20നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്? 21നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ. 22പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ജെറുശലേമിൽ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ?
23“ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം. 24രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും? 25അതുമാത്രമോ? യഹോവയുടെ അനുവാദം കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ”
26അപ്പോൾ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!”
27എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?”
28പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക! 29രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല. 30‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ.
31“ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം. 32പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക്, ഒലിവു മരങ്ങളും തേനുമുള്ള ഒരു നാട്ടിലേക്ക്—കൂട്ടിക്കൊണ്ടുപോകും. അതിനാൽ നിങ്ങൾ മരണത്തെയല്ല, ജീവനെത്തന്നെ തെരഞ്ഞെടുക്കുക.
“ ‘യഹോവ നമ്മെ വിടുവിക്കും,’ എന്ന് ഹിസ്കിയാവു പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴി തെറ്റിക്കുകയാണെന്നു കരുതണം. അദ്ദേഹം പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്. 33ഏതെങ്കിലും നാട്ടിലെ ദൈവം എന്നെങ്കിലും അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് തന്റെ നാടിനെ രക്ഷിച്ചിട്ടുണ്ടോ? 34ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ? 35ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തന്റെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”
36“അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല.
37പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.
Currently Selected:
2 രാജാക്കന്മാർ 18: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.