2 കൊരിന്ത്യർ 3
3
1ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം? 2നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്. 3അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്”#3:3 അതായത്, തുറന്ന കത്ത് നിങ്ങൾ ആകുന്നു എന്നു വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്.
4യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്. 5ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാൻ കഴിയുന്ന യാതൊരു സാമർഥ്യവും ഞങ്ങൾക്കില്ല; ഞങ്ങളുടെ സാമർഥ്യം ദൈവത്തിൽനിന്ന് വരുന്നു. 6അവിടന്ന് ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി. എഴുതപ്പെട്ട പ്രമാണങ്ങളുടെയല്ല മറിച്ച്, ആത്മാവിന്റെ പ്രമാണങ്ങളുടെതന്നെ ശുശ്രൂഷക്കാർ.#3:6 എഴുതപ്പെട്ട പ്രമാണം മനുഷ്യന്റെ ലംഘനങ്ങളെ ചൂണ്ടിക്കാണിച്ച് അയാൾ മരണാർഹനെന്ന് വ്യക്തമാക്കുന്നു. എന്നാൽ ദൈവസ്നേഹമാകട്ടെ ആത്മികമായി മരിച്ച മനുഷ്യനെ ആത്മികമായി പുനർജീവിപ്പിക്കുന്നു. കാരണം പ്രമാണം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
പുതിയ ഉടമ്പടിയുടെ തേജസ്സ്
7കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു.#3:7 പുറ. 34:29-30 8അങ്ങനെയെങ്കിൽ ആത്മാവിന്റെ ജീവൻ നൽകുന്ന ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും. 9കുറ്റക്കാരനെന്നു വിധിക്കുന്ന പ്രമാണത്തിന്റെ ശുശ്രൂഷ തേജോമയമെങ്കിൽ കുറ്റവിമുക്തരാക്കുന്ന ശുശ്രൂഷ അതിലും എത്രയധികം ശോഭപരത്തുന്നതായിരിക്കും! 10ഒരിക്കൽ തേജസ്സുണ്ടായിരുന്നത്, അതിമഹത്തായ ഇപ്പോഴത്തെ തേജസ്സുമൂലം തേജസ്സറ്റതായിത്തീർന്നിരിക്കുന്നു. 11ഇങ്ങനെ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന#3:11 മൂ.ഭാ. താൽക്കാലികമായ ന്യായപ്രമാണം രംഗപ്രവേശം ചെയ്തത് അതിതേജസ്സോടെ ആയിരുന്നെങ്കിൽ, സുസ്ഥിരമായത് എത്രയധികം തേജസ്സുള്ളതായിരിക്കും!
12ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ടു നാം വളരെ ധൈര്യശാലികളായിരിക്കുന്നു. 13തന്റെ മുഖത്തെ തേജസ്സ് മാഞ്ഞുപൊയ്ക്കൊണ്ടിരുന്നതാണെങ്കിലും ഇസ്രായേല്യർ അതു കാണാതിരിക്കാനായി#3:13 അതായത്, ഭയപ്പെടാതിരിക്കാനായി മോശ തന്റെ മുഖം ഒരു മൂടുപടം കൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല. 14ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്. 15ഇന്നുവരെയും മോശയുടെ പുസ്തകം വായിക്കുമ്പോൾ ഒരു മൂടുപടം ഇസ്രായേൽജനതയുടെ ഹൃദയങ്ങളിൽ ശേഷിക്കുന്നു. 16എന്നാൽ, ഒരു വ്യക്തി കർത്താവായ ക്രിസ്തുവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു. 17കർത്താവ് ആത്മാവാകുന്നു, കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്. 18അങ്ങനെ നാം എല്ലാവരും മൂടുപടം നീക്കപ്പെട്ട നമ്മുടെ മുഖങ്ങളിൽ കർത്താവിന്റെ തേജസ്സ് കണ്ണാടിയിലെന്നപോലെ പ്രതിബിംബിക്കുന്നവരായി, കർത്താവിന്റെ ആത്മാവിൽനിന്ന് വർധമാനമായ തേജസ്സു പ്രാപിച്ചുകൊണ്ട്, അവിടത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.
Currently Selected:
2 കൊരിന്ത്യർ 3: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.