YouVersion Logo
Search Icon

2 കൊരിന്ത്യർ 13

13
അവസാന മുന്നറിയിപ്പുകൾ
1ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.”#13:1 ആവ. 19:15 2-3ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്! 4ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.
5നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? 6പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. 7നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങൾ പരീക്ഷയിൽ പതറിയിട്ടില്ല എന്നു ജനങ്ങൾ കാണണമെന്നല്ല, പിന്നെയോ, ഞങ്ങൾ പരാജിതരായി കാണപ്പെട്ടാൽപോലും നിങ്ങൾ നന്മചെയ്യുന്നവരായിരിക്കണം എന്നതാണ് ഞങ്ങളുടെ പ്രാർഥന. 8സത്യത്തിന് അനുകൂലമായിട്ടല്ലാതെ പ്രതികൂലമായി ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിവില്ല. 9ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ ആനന്ദിക്കുന്നു; നിങ്ങൾ ആത്മികപരിപൂർണത കൈവരിക്കുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു. 10കർത്താവ് എനിക്കു തന്ന അധികാരം നിങ്ങളെ ആത്മികമായി പണിതുയർത്താനുള്ളതാണ്; അല്ലാതെ നിങ്ങളെ ഇടിച്ചുകളയാനുള്ളതല്ല. ഞാൻ വരുമ്പോൾ, ഈ അധികാരം കർക്കശമായി ഉപയോഗിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ് ദൂരത്ത് ഇരുന്നുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എഴുതുന്നത്.
അഭിവാദനങ്ങൾ
11എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
12വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.
13ഇവിടെയുള്ള സകലവിശുദ്ധരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
14കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in