2 ദിനവൃത്താന്തം 16
16
ആസായുടെ അവസാന വർഷങ്ങൾ
1ആസായുടെ ഭരണത്തിന്റെ മുപ്പത്തിയാറാംവർഷത്തിൽ യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.
2അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത്, ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയച്ചു. എന്നിട്ട് ഈ വിധം പറഞ്ഞു: 3“എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”
4ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം#16:4 ആബേൽ-മയീം ആബേൽ-ബേത്ത്-മാക്കാ എന്നും അറിയപ്പെടുന്നു. എന്നിവയും നഫ്താലിയിലെ സകലഭണ്ഡാരനഗരങ്ങളും ആക്രമിച്ചു കീഴടക്കി. 5ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കുകയും ആ ഉദ്യമംതന്നെ ഉപേക്ഷിക്കുകയും ചെയ്തു. 6അതിനുശേഷം, ആസാരാജാവ് യെഹൂദ്യയിലുള്ള സകലരെയും കൂട്ടിക്കൊണ്ടുചെന്ന് ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ച് അദ്ദേഹം ഗേബായും മിസ്പായും പണിയിച്ചു.
7ആ സമയത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുത്തുവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിച്ചതുകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപ്പെട്ടിരിക്കുന്നു. 8കൂശ്യരും, ലൂബ്യരും അസംഖ്യം രഥങ്ങളോടും കുതിരപ്പടയോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലേ? എന്നിട്ടും നീ യഹോവയിൽ ആശ്രയിച്ചപ്പോൾ അവിടന്ന് അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. 9യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”
10ഇതുമൂലം ആസാ ആ ദർശകനോടു കോപിച്ച് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. ഇക്കാരണത്താൽ അദ്ദേഹത്തിനുനേരേ ആസാ കോപാകുലനായിരുന്നു. ഈ സമയത്തുതന്നെ ആസാ ജനങ്ങളിൽ പലരെയും പീഡിപ്പിക്കുകയും ചെയ്തു.
11ആസായുടെ ഭരണകാലത്തെ സംഭവങ്ങൾ, ആദ്യവസാനം, യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 12ആസായുടെ ഭരണത്തിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ അദ്ദേഹത്തിന് തന്റെ പാദത്തിൽ രോഗം ബാധിച്ചു. രോഗം അതികഠിനമായി മൂർച്ഛിച്ചെങ്കിലും, അദ്ദേഹം തന്റെ രോഗാവസ്ഥയിൽപോലും വൈദ്യന്മാരിൽനിന്നല്ലാതെ യഹോവയിൽനിന്നു സഹായം തേടിയില്ല. 13അങ്ങനെ തന്റെ ഭരണത്തിന്റെ നാൽപ്പത്തിയൊന്നാമാണ്ടിൽ ആസാ മരിച്ചു; അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. 14ദാവീദിന്റെ നഗരത്തിൽ ആസാ തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കല്ലറയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. സുഗന്ധദ്രവ്യങ്ങളും പലതരം പരിമളക്കൂട്ടുകളുംകൊണ്ടു മൂടിയ ഒരു ശവമഞ്ചത്തിൽ അവർ അദ്ദേഹത്തെ കിടത്തി; അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു വലിയ അഗ്നികുണ്ഡം ഒരുക്കുകയും ചെയ്തു.
Currently Selected:
2 ദിനവൃത്താന്തം 16: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.