YouVersion Logo
Search Icon

1 ശമുവേൽ 1

1
ശമുവേലിന്റെ ജനനം
1എഫ്രയീംമലനാട്ടിലെ രാമാഥയീം സോഫീമിൽ#1:1 1 ദിന. 6:26-27,33-35 കാണുക. എൽക്കാനാ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം യെരോഹാമിന്റെ മകനായിരുന്നു. യെരോഹാം എലീഹൂവിന്റെ മകൻ, എലീഹൂ തോഹൂവിന്റെ മകൻ, തോഹൂ എഫ്രയീമ്യനായ സൂഫിന്റെ മകൻ. 2എൽക്കാനായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു, എന്നാൽ ഹന്നായ്ക്കു മക്കൾ ഉണ്ടായിരുന്നില്ല.
3എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു. 4എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു. 5എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. 6യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു. 7ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. 8എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു.
9ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. 10ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു. 11അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.”
12അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി. 13ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി. 14അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു.
15“അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്. 16അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.”
17ഏലി അവളോട്: “സമാധാനത്തോടെ പോകുക; ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമാറാകട്ടെ.”
18“അങ്ങയുടെ ഈ ദാസി അങ്ങയുടെ കൃപാകടാക്ഷത്തിനു പാത്രമാകട്ടെ,” എന്നു പറഞ്ഞുകൊണ്ട് ഹന്നാ അവിടെനിന്നു പോയി. അവൾ ഭക്ഷണം കഴിച്ചു; പിന്നീടൊരിക്കലും അവളുടെ മുഖം വാടിയില്ല.
19പിറ്റേദിവസം അതിരാവിലെ എൽക്കാനായും കുടുംബവും എഴുന്നേറ്റ് യഹോവയുടെമുമ്പാകെ ആരാധന കഴിച്ചതിനുശേഷം രാമായിലുള്ള തങ്ങളുടെ വീട്ടിലേക്കു തിരിച്ചുപോയി. എൽക്കാനാ ഹന്നായെ അറിഞ്ഞു; യഹോവ അവളെ ഓർത്തു. 20അങ്ങനെ താമസംവിനാ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഞാൻ അവനെ യഹോവയോടു ചോദിച്ചുവാങ്ങി,” എന്നു പറഞ്ഞുകൊണ്ട് അവൾ പൈതലിനു ശമുവേൽ എന്നു പേരിട്ടു.
ഹന്നാ ശമുവേലിനെ സമർപ്പിക്കുന്നു
21അടുത്തവർഷം എൽക്കാനാ കുടുംബസമേതം യഹോവയ്ക്കു വർഷംതോറുമുള്ള യാഗം അർപ്പിക്കുന്നതിനും തന്റെ നേർച്ചകൾ നിറവേറ്റുന്നതിനുമായി പോയി. 22എന്നാൽ ഹന്നാ അവരുടെകൂടെ പോയില്ല. അവൾ ഭർത്താവിനോട്, “കുഞ്ഞിന്റെ മുലകുടി മാറട്ടെ. അപ്പോൾ ഞാനവനെ യഹോവയുടെ തിരുമുമ്പിൽ കൊണ്ടുചെന്ന് സമർപ്പിക്കും;#1:22 ചി.കൈ.പ്ര. നാസീർവ്രതസ്ഥനായി സമർപ്പിക്കും. സംഖ്യ. 6:1-21 കാണുക. അവൻ സ്ഥിരമായി അവിടെത്തന്നെ താമസിക്കും.”
23അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി.
24പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്,#1:24 ചി.കൈ.പ്ര. മൂന്നു കാളക്കിടാവ്. ഒരു ഏഫാ#1:24 ഏക. 16 കി.ഗ്രാം. ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു. 25അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു. 26അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ. 27ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു. 28അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ#1:28 മൂ.ഭാ. അവൻ അവിടെ യഹോവയെ ആരാധിച്ചു.

Currently Selected:

1 ശമുവേൽ 1: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in