1 രാജാക്കന്മാർ 11
11
ശലോമോന്റെ ഭാര്യമാർ
1ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു. 2“നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു. 3അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു. 4ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. 5സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനെയും#11:5 മിൽക്കോം, മോലെക്ക് എന്നതിന്റെ മറ്റൊരുരൂപം. അദ്ദേഹം സേവിച്ചു. 6അങ്ങനെ, ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അദ്ദേഹം യഹോവയെ പരിപൂർണമായി അനുസരിച്ചില്ല.
7ശലോമോൻ ജെറുശലേമിനു കിഴക്കുഭാഗത്തുള്ള ഒരു മലയിൽ#11:7 അതായത്, ഒലിവുമലയിൽ മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനുംവേണ്ടി ഓരോ പൂജാഗിരി പണിയിച്ചു. 8തന്റെ വിദേശീയരായ എല്ലാ ഭാര്യമാർക്കുവേണ്ടിയും ശലോമോൻ ഇപ്രകാരം ചെയ്തുകൊടുത്തു. അവർ അവിടെ തങ്ങളുടെ ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും ബലികൾ അർപ്പിക്കുകയും ചെയ്തുപോന്നു.
9തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനായ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്ന് തന്റെ ഹൃദയം വ്യതിചലിച്ചതുമൂലം യഹോവ ശലോമോനോടു കോപിച്ചു. 10അന്യദേവന്മാരെ അനുഗമിക്കരുതെന്ന് യഹോവ ശലോമോനോട് കൽപ്പിച്ചിരുന്നു; എങ്കിലും അദ്ദേഹം യഹോവയുടെ കൽപ്പന അനുസരിച്ചില്ല. 11അതുകൊണ്ട്, യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നിന്റെ മനോഗതം ഇവ്വിധമാകുകയാലും ഞാൻ നിന്നോടു കൽപ്പിച്ച എന്റെ ഉടമ്പടിയും ഉത്തരവുകളും നീ പാലിക്കാതെയിരിക്കുകയാലും ഞാൻ തീർച്ചയായും രാജ്യം നിന്റെ പക്കൽനിന്ന് പറിച്ചെടുത്ത് നിന്റെ ഭൃത്യന്മാരിൽ ഒരുവനു നൽകും. 12എങ്കിലും, നിന്റെ പിതാവായ ദാവീദിനെ വിചാരിച്ച്, ഞാൻ നിന്റെ ആയുഷ്കാലത്ത് ഇതു പ്രവർത്തിക്കുകയില്ല; നിന്റെ പുത്രന്റെ കൈയിൽനിന്ന് ഞാൻ രാജ്യം പറിച്ചെടുത്തുകളയും. 13പക്ഷേ, രാജ്യംമുഴുവനായും ഞാൻ അവനിൽനിന്നു നീക്കിക്കളയുകയില്ല; എന്റെ ദാസനായ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്ത ജെറുശലേമിനെയും വിചാരിച്ച് ഒരു ഗോത്രത്തെ നിന്റെ പുത്രനു നൽകും.”
ശലോമോന്റെ പ്രതിയോഗികൾ
14ഏദോം രാജകുടുംബത്തിലെ അംഗവും ഏദോമ്യനുമായ ഹദദിനെ യഹോവ ശലോമോനെതിരായി എഴുന്നേൽപ്പിച്ചു. 15ദാവീദ് ഏദോമ്യരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നകാലത്ത് വധിക്കപ്പെട്ടവരെ മറവുചെയ്യാൻ സൈന്യാധിപനായ യോവാബ് നിയോഗിക്കപ്പെട്ടിരുന്നു. അയാൾ ഏദോമിലെ പുരുഷന്മാരെയെല്ലാം വധിച്ചിരുന്നു. 16ഏദോമിലെ പുരുഷന്മാരെയെല്ലാം സംഹരിച്ചുതീരുന്നതുവരെ, യോവാബും ഇസ്രായേൽസൈന്യവും ആറുമാസം അവിടെത്താമസിച്ചു. 17എന്നാൽ, ബാലനായ ഹദദ് തന്റെ പിതാവിന്റെ സേവകന്മാരായ ചില ഏദോമ്യരായ ഉദ്യോഗസ്ഥന്മാരോടൊപ്പം ഈജിപ്റ്റിലേക്കു പലായനംചെയ്തു. 18അവർ മിദ്യാനിൽനിന്നു പുറപ്പെട്ട് പാരാനിൽ എത്തിച്ചേർന്നു. പാറാനിൽനിന്നു ചില അനുയായികളെയുംകൂട്ടി ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലെത്തി. അദ്ദേഹം, ഹദദിന് ഒരു ഭവനവും ഭക്ഷണത്തിനുള്ള വകയും ഒരു നിലവും ദാനംചെയ്തു.
19ഫറവോന് ഹദദിനോട് വളരെ പ്രീതി തോന്നി. അദ്ദേഹം തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അയാൾക്കു വിവാഹംചെയ്തുകൊടുത്തു. 20തഹ്പെനേസിന്റെ സഹോദരി ഹദദിന് ഗെനൂബത്ത് എന്ന പുത്രന് ജന്മംനൽകി. ആ കുട്ടിയെ തഹ്പെനേസ് രാജകൊട്ടാരത്തിൽ വളർത്തി. ഗെനൂബത്ത് അവിടെ ഫറവോന്റെ പുത്രന്മാരോടൊപ്പം വളർന്നു.
21ഹദദ് ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു എന്നും അദ്ദേഹത്തിന്റെ സൈന്യാധിപനായ യോവാബ് മരിച്ചുപോയെന്നുമുള്ള വാർത്ത കേട്ടു. അപ്പോൾ, ഹദദ് ഫറവോനോട്: “എന്റെ സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകുന്നതിന് എന്നെ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
22“നിന്റെ സ്വന്തംനാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കത്തക്കവിധം നിനക്കിവിടെ എന്തിനാണ് കുറവുള്ളത്?” എന്നു ഫറവോൻ ചോദിച്ചു.
“ഒന്നിനുമില്ല, എങ്കിലും എന്നെ തിരികെപ്പോകാൻമാത്രം അനുവദിച്ചാലും!” എന്നു ഹദദ് മറുപടി പറഞ്ഞു.
23എല്യാദാവിന്റെ പുത്രനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും ദൈവം ശലോമോനെതിരായി എഴുന്നേൽപ്പിച്ചു. സോബാരാജാവും തന്റെ യജമാനനുമായ ഹദദേസറിന്റെ അടുക്കൽനിന്ന് ഓടിപ്പോയ ആളായിരുന്നു രെസോൻ. 24അയാൾ വിപ്ളവകാരികളുടെ ഒരു സംഘത്തെ രൂപവൽക്കരിച്ച് അതിന്റെ നേതാവായിത്തീർന്നു. ദാവീദ് സോബാസൈന്യത്തെ സംഹരിച്ചശേഷമാണിതു സംഭവിച്ചത്. അവർ ദമസ്കോസിലേക്കു കടക്കുകയും അവിടെ അനുയായികൾ രെസോനെ രാജാവാക്കുകയും ചെയ്തു. 25ശലോമോന്റെ ജീവിതകാലംമുഴുവനും രെസോൻ ഇസ്രായേലുമായി ശത്രുതയിലായിരുന്നു. ഹദദും ഇസ്രായേലിനെതിരായി ഉപദ്രവങ്ങൾ ചെയ്തു. രെസോൻ ഇസ്രായേലിനോടു ശത്രുതപുലർത്തുകയും അരാമിൽ രാജാവായി തുടരുകയും ചെയ്തുവന്നു.
യൊരോബെയാം ശലോമോനെതിരേ എഴുന്നേൽക്കുന്നു
26നെബാത്തിന്റെ മകനും ശലോമോന്റെ ഉദ്യോഗസ്ഥരിൽ ഒരുവനുമായ യൊരോബെയാമും ശലോമോനെതിരേ വിപ്ളവം ഉണ്ടാക്കി. അദ്ദേഹം സെരേദായിൽനിന്നുള്ള ഒരു എഫ്രയീമ്യൻ ആയിരുന്നു. സെരൂയ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
27അദ്ദേഹം ശലോമോനെതിരേ വിപ്ളവത്തിനു തിരിഞ്ഞതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മുകൾത്തട്ടുകൾ നിർമിച്ച് തന്റെ പിതാവായ ദാവീദിന്റെ നഗരത്തിന്റെ കേടുപാടുകൾ തീർത്തു. 28യൊരോബെയാം അതിസമർഥനായ ഒരു യുവാവായിരുന്നു. അദ്ദേഹം അധ്വാനിയും പരിശ്രമശാലിയുമാണെന്നും തന്റെ ജോലികൾ എത്ര ഭംഗിയായി നിർവഹിക്കുന്നു എന്നും കണ്ടപ്പോൾ യോസേഫിന്റെ ഗോത്രങ്ങളിൽനിന്നുള്ള ജോലിക്കാരുടെടെ മുഴുവൻ ചുമതലയും ശലോമോൻ അദ്ദേഹത്തെ ഏൽപ്പിച്ചു.
29അക്കാലത്ത്, ഒരിക്കൽ യൊരോബെയാം ജെറുശലേമിൽനിന്നു പുറത്തേക്കു പോകുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. അഹീയാപ്രവാചകൻ ഒരു പുതിയ അങ്കിയാണു ധരിച്ചിരുന്നത്. അവരിരുവരുംമാത്രമേ നഗരത്തിനു വെളിയിൽ ആ ഗ്രാമപ്രദേശത്ത് ഉണ്ടായിരുന്നുള്ളൂ. 30അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു കീറി അതിനെ പന്ത്രണ്ടു കഷണങ്ങളാക്കി. 31പിന്നെ അദ്ദേഹം യൊരോബെയാമിനോടു പറഞ്ഞതു: “പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളുക: കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്: ‘നോക്കുക! ഞാൻ ശലോമോന്റെ കൈയിൽനിന്ന് രാജ്യം വേർപെടുത്താൻ പോകുന്നു. പത്തു ഗോത്രം ഞാൻ നിനക്കു തരുന്നു. 32എന്നാൽ എന്റെ ദാസനായ ദാവീദിനെ ഓർത്തും ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ജെറുശലേം നഗരത്തെക്കരുതിയും ഒരു ഗോത്രം അവനു നൽകും. 33അവർ#11:33 ചി.കൈ.പ്ര. അവൻ എന്നെ ഉപേക്ഷിച്ചു; സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മോലെക്കിനെയും ആരാധിച്ചു; അവർ എന്നെ അനുസരിച്ചു ജീവിച്ചില്ല; എന്റെ ദൃഷ്ടിയിൽ നീതിയായുള്ളത് അവർ ചെയ്തില്ല; ശലോമോന്റെ പിതാവായ ദാവീദ് എന്റെ ഉത്തരവുകളും നിയമങ്ങളും പ്രമാണിച്ചതുപോലെ അവർ പ്രമാണിച്ചതുമില്ല; അതിനാൽ ഞാനിതു ചെയ്യും.
34“ ‘എന്നാൽ രാജ്യംമുഴുവനും ശലോമോന്റെ കൈയിൽനിന്നു ഞാൻ എടുത്തുകളയുകയില്ല. ഞാൻ തെരഞ്ഞെടുത്തവനും എന്റെ കൽപ്പനകളും ഉത്തരവുകളും പ്രമാണിച്ചവനുമായ എന്റെ ദാസനായ ദാവീദിനെ കരുതി അവന്റെ ആയുഷ്കാലം മുഴുവൻ ഞാൻ അവനെ ഭരണം നടത്താൻ അനുവദിക്കും. 35അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജ്യം എടുത്തുകളയുകയും പത്തു ഗോത്രങ്ങൾ ഞാൻ നിനക്കു നൽകുകയും ചെയ്യും. 36എങ്കിലും, എന്റെ നാമം സ്ഥാപിക്കാൻവേണ്ടി ഞാൻ തെരഞ്ഞെടുത്ത നഗരമായ ജെറുശലേമിൽ എന്റെമുമ്പാകെ, എന്റെ ദാസനായ ദാവീദിന് ഒരു വിളക്ക് എന്നേക്കും ഉണ്ടായിരിക്കുന്നതിനായി ഞാൻ ഒരു ഗോത്രം അവന്റെ പുത്രനു നൽകും. 37ഞാൻ നിന്നെ തെരഞ്ഞെടുക്കും. നിന്റെ ഹൃദയാഭിലാഷംപോലെ നീ ഭരണംനടത്തും; നീ ഇസ്രായേലിനു രാജാവായിരിക്കും. 38ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ ചെയ്യുകയും, എന്നെ അനുസരിച്ച് ജീവിക്കുകയും എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചുകൊണ്ട് എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനുവേണ്ടി പണിതതുപോലെ നിനക്കുവേണ്ടിയും സ്ഥിരമായ ഒരു രാജവംശം പണിയും; ഞാൻ ഇസ്രായേലിനെ നിനക്കു നൽകുകയും ചെയ്യും. 39ഇതുമൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും; എന്നാൽ അത് എന്നേക്കുമായിട്ടല്ലതാനും.’ ”
40ഇക്കാരണത്താൽ, ശലോമോൻ യൊരോബെയാമിനെ കൊല്ലുന്നതിനു ശ്രമിച്ചു; പക്ഷേ, യൊരോബെയാം ഈജിപ്റ്റിൽ ശീശക്ക് രാജാവിന്റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ അദ്ദേഹം അവിടെ താമസിച്ചു.
ശലോമോന്റെ മരണം
41ശലോമോന്റെ ഭരണകാലത്തുണ്ടായ മറ്റുള്ള വൃത്താന്തങ്ങൾ, അതായത്, അദ്ദേഹം ചെയ്ത സമസ്തകാര്യങ്ങളും തന്റെ ജ്ഞാനവും അദ്ദേഹത്തിന്റെ ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 42ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി. 43പിന്നെ, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കി. അദ്ദേഹത്തിന്റെ മകനായ രെഹബെയാം അദ്ദേഹത്തിന്റെ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
Currently Selected:
1 രാജാക്കന്മാർ 11: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.