1 ദിനവൃത്താന്തം 24
24
പുരോഹിതവിഭാഗങ്ങൾ
1അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവരായിരുന്നു:
നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരായിരുന്നു. 2എന്നാൽ നാദാബും അബീഹൂവും അവരുടെ പിതാവിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു; അവർക്കു പുത്രന്മാരും ഇല്ലായിരുന്നു. അതിനാൽ എലെയാസാരും ഈഥാമാറും പുരോഹിതന്മാരായി ശുശ്രൂഷചെയ്തു. 3എലെയാസാരിന്റെ ഒരു പിൻഗാമിയായ സാദോക്കിന്റെയും ഈഥാമാരിന്റെ ഒരു പിൻഗാമിയായ അഹീമെലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ, അവരുടെ നിർദിഷ്ട ക്രമമനുസരിച്ചുള്ള ശുശ്രൂഷകൾക്കായി, ഗണങ്ങളാക്കിത്തിരിച്ചു. 4ഈഥാമാരിന്റെ പിൻഗാമികളിലുള്ളതിനെക്കാൾ വളരെക്കൂടുതൽ നേതാക്കന്മാർ എലെയാസാരിന്റെ പിൻഗാമികളിൽ ഉള്ളതായിക്കണ്ടു. അതുപ്രകാരംതന്നെ അവരെ ഗണങ്ങളാക്കിത്തിരിക്കുകയും ചെയ്തു: എലെയാസാരിന്റെ പിൻഗാമികളിൽനിന്നു പതിനാറു കുടുംബത്തലവന്മാരും ഈഥാമാരിന്റെ പിൻഗാമികളിൽനിന്ന് എട്ടു കുടുംബത്തലവന്മാരും ആയി അവരെ വിഭാഗിച്ചു. 5എലെയാസാർ, ഈഥാമാർ, ഇരുവരുടെയും പിൻഗാമികളിൽ വിശുദ്ധസ്ഥലത്തിലെ അധികാരികളും ദൈവത്താൽ നിയുക്തരായ അധികാരികളും ഉണ്ടായിരുന്നതിനാൽ പക്ഷഭേദംകൂടാതെ നറുക്കിട്ടാണ് അവരെ ഗണം തിരിച്ചത്.
6എലെയാസാരിന്റെ ശാഖയിൽനിന്ന് ഒന്നും പിന്നെ ഈഥാമാരിന്റെ ശാഖയിൽനിന്ന് മറ്റൊന്നും എന്നക്രമത്തിൽ കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലേവ്യനും നെഥനയേലിന്റെ പുത്രനുമായ ശെമയ്യാ എന്ന വേദജ്ഞൻ#24:6 മൂ.ഭാ. സൊപേരിം ആ പേരുകൾ രേഖപ്പെടുത്തി. രാജാവ്, പ്രഭുക്കന്മാർ, സാദോക്കു പുരോഹിതൻ, അബ്യാഥാരിന്റെ മകനായ അഹീമെലെക്ക്, കുടുംബത്തലവന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് അവ രേഖപ്പെടുത്തിയത്.
7ഒന്നാമത്തെ നറുക്ക് യെഹോയാരീബിനു വീണു.
രണ്ടാമത്തേത് യെദായാവിനും.
8മൂന്നാമത്തേതു ഹാരീമിനും
നാലാമത്തേതു ശെയോരീമിനും
9അഞ്ചാമത്തേതു മൽക്കീയാവിനും
ആറാമത്തേതു മീയാമിനും.
10ഏഴാമത്തേതു ഹക്കോസിനും
എട്ടാമത്തേത് അബീയാവിനും
11ഒൻപതാമത്തേതു യേശുവയ്ക്കും
പത്താമത്തേതു ശെഖന്യാവിനും
12പതിനൊന്നാമത്തേത് എല്യാശീബിനും
പന്ത്രണ്ടാമത്തേതു യാക്കീമിനും
13പതിമ്മൂന്നാമത്തേതു ഹുപ്പെക്കും
പതിന്നാലാമത്തേതു യേശെബെയാമിനും
14പതിനഞ്ചാമത്തേതു ബിൽഗെക്കും
പതിനാറാമത്തേത് ഇമ്മേരിനും
15പതിനേഴാമത്തേതു ഹേസീരിനും
പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും
16പത്തൊൻപതാമത്തേതു പെഥഹ്യാവിനും
ഇരുപതാമത്തേതു യെഹെസ്കേലിനും
17ഇരുപത്തൊന്നാമത്തേതു യാഖീനും
ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും
18ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും
ഇരുപത്തിനാലാമത്തേതു മയസ്യാവിനും വീണു.
19ഇസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പൂർവപിതാവായ അഹരോനോടു കൽപ്പിച്ചതനുസരിച്ച്, അദ്ദേഹം അവർക്കായി നിർണയിച്ച അനുശാസനങ്ങൾ പ്രകാരം അവർ യഹോവയുടെ ആലയത്തിൽ പ്രവേശിക്കുമ്പോൾ അവർക്കു ശുശ്രൂഷചെയ്യുന്നതിനായി നിശ്ചയിക്കപ്പെട്ട ക്രമവും ഇതുതന്നെ ആയിരുന്നു.
ശേഷമുള്ള ലേവ്യർ
20ലേവിയുടെ പിൻഗാമികളിൽ ശേഷമുള്ളവർ താഴെപ്പറയുന്നവരായിരുന്നു:
അമ്രാമിന്റെ പുത്രന്മാരിൽനിന്ന് ശൂബായേൽ;
ശൂബായേലിന്റെ പുത്രന്മാരിൽനിന്ന് യെഹ്ദേയാവ്.
21രെഹബ്യാവിൽനിന്ന്: അദ്ദേഹത്തിന്റെ പുത്രന്മാരിൽ യിശ്ശീയാവ് ഒന്നാമനായിരുന്നു.
22യിസ്ഹാര്യരിൽനിന്ന്, ശെലോമോത്ത്.
ശെലോമോത്തിന്റെ പുത്രന്മാരിൽനിന്ന്, യഹത്ത്,
23ഹെബ്രോന്റെ പുത്രന്മാർ:
ഒന്നാമൻ യെരീയാവ്,#24:23 23:19 കാണുക. ചി.കൈ.പ്ര. യെരീയാവിന്റെ പുത്രന്മാർ രണ്ടാമൻ അമര്യാവ്, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാം.
24ഉസ്സീയേലിന്റെ പുത്രൻ: മീഖാ.
മീഖായുടെ പുത്രന്മാരിൽനിന്ന്: ശമീർ.
25മീഖായുടെ സഹോദരൻ യിശ്ശീയാവ്.
യിശ്ശീയാവിന്റെ പുത്രന്മാരിൽനിന്ന് സെഖര്യാവ്.
26മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
യയസ്യാവിന്റെ പുത്രൻ ബെനോ.
27മെരാരിയുടെ പുത്രന്മാർ:
യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി.
28മഹ്ലിയിൽനിന്ന്: എലെയാസാർ, അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.
29കീശിൽനിന്ന്: കീശിന്റെ പുത്രൻ, യെരഹ്മയേൽ.
30മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്.
അവരുടെ കുടുംബക്രമമനുസരിച്ചുള്ള ലേവ്യർ ഇവരായിരുന്നു.
31അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.#24:31 അതായത്, സ്ഥാനമോ പ്രായമോ ഈ ശുശ്രൂഷയ്ക്ക് ഒരു മാനദണ്ഡമായി പരിഗണിച്ചിരുന്നില്ല.
Currently Selected:
1 ദിനവൃത്താന്തം 24: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.