YouVersion Logo
Search Icon

ഉത്തമഗീതം 1

1
1 # 1. രാജാക്കന്മാർ 4:32 ശലോമോന്റെ ഉത്തമഗീതം.
2അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ;
നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.
3നിന്റെ തൈലം സൗരഭ്യമായതു;
നിന്റെ നാമം പകർന്ന തൈലംപോലെ ഇരിക്കുന്നു;
അതുകൊണ്ടു കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
4നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക;
രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു;
ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും;
നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും;
നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ.
5യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും
കേദാര്യകൂടാരങ്ങളെപ്പോലെയും
ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു.
6എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും
ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു,
എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി;
എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.
7എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക:
നീ ആടുകളെ മേയിക്കുന്നതു എവിടെ?
ഉച്ചെക്കു കിടത്തുന്നതു എവിടെ?
നിന്റെ ചങ്ങാതിമാരുടെ ആട്ടിൻ കൂട്ടങ്ങൾക്കരികെ
ഞാൻ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു?
8സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കിൽ
ആടുകളുടെ കാൽചുവടു തുടർന്നുചെന്നു
ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
9എന്റെ പ്രിയേ, ഫറവോന്റെ രഥത്തിന്നു കെട്ടുന്ന
പെൺകുതിരയോടു ഞാൻ നിന്നെ ഉപമിക്കുന്നു.
10നിന്റെ കവിൾത്തടങ്ങൾ രത്നാവലികൊണ്ടും
നിന്റെ കഴുത്തു മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.
11ഞങ്ങൾ നിനക്കു വെള്ളിമണികളോടു കൂടിയ
സുവർണ്ണസരപ്പളി ഉണ്ടാക്കിത്തരാം.
12രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ
എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ
കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
14എന്റെ പ്രിയൻ എനിക്കു ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ
മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
15എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ;
നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
16എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ;
നമ്മുടെ കിടക്കയും പച്ചയാകുന്നു.
17നമ്മുടെ വീട്ടിന്റെ ഉത്തരം ദേവദാരുവും
കഴുക്കോൽ സരളവൃക്ഷവും ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in