YouVersion Logo
Search Icon

പുറപ്പാടു 12

12
1 # ലേവ്യപുസ്തകം 23:5; സംഖ്യാപുസ്തകം 9:1-5; 28:16; ആവർത്തനപുസ്തകം 16:1,2 യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ: 2ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം. 3നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം. 4ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം. 5ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. 6ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം. 7അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം. 8അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം. 9തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു. 10പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം. 11അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു. 12ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു. 13നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല. 14#പുറപ്പാടു 23:15; 34:18; ലേവ്യപുസ്തകം 23:6-8; സംഖ്യാപുസ്തകം 28:17-25; ആവർത്തനപുസ്തകം 16:3-8ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം. 15ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം. 16ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു. 17പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം. 18ഒന്നാം മാസം പതിന്നാലാം തിയ്യതി വൈകുന്നേരംമുതൽ ആ മാസം ഇരുപത്തൊന്നാം തിയ്യതി വൈകുന്നേരംവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം. 19ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുതു; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽ നിന്നു ഛേദിച്ചുകളയേണം. 20പുളിച്ചതു യാതൊന്നും നിങ്ങൾ തിന്നരുതു; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
21അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ. 22ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു. 23#എബ്രായർ 11:28യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുവാൻ സമ്മതിക്കയുമില്ല. 24ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം. 25യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങൾക്കു തരുവാനിരിക്കുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം നിങ്ങൾ ഈ കർമ്മം ആചരിക്കേണം. 26ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: 27മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു. 28യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു.
29 # പുറപ്പാടു 4:22,23 അർദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. 30ഫറവോനും അവന്റെ സകലഭൃത്യന്മാരും സകലമിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല. 31അപ്പോൾ അവൻ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ. 32നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊൾവിൻ; എന്നെയും അനുഗ്രഹിപ്പിൻ എന്നു പറഞ്ഞു. 33മിസ്രയീമ്യർ ജനത്തെ നിർബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്നു അയച്ചു: ഞങ്ങൾ എല്ലാവരും മരിച്ചുപോകുന്നു എന്നു അവർ പറഞ്ഞു. 34അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി. 35#പുറപ്പാടു 3:21,22യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. 36യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.
37എന്നാൽ യിസ്രായേൽമക്കൾ, കുട്ടികൾ ഒഴികെ ഏകദേശം ആറു ലക്ഷം പുരുഷന്മാർ കാൽനടയായി റമസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. 38വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു. 39മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴെച്ച മാവുകൊണ്ടു അവർ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവർ വഴിക്കു ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല. 40#ഉല്പത്തി 15:13; ഗലാത്യർ 3:17യിസ്രായേൽമക്കൾ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു. 41നാനൂറ്റി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു. 42യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവെക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.
43യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചതു: പെസഹയുടെ ചട്ടം ഇതു ആകുന്നു: അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുതു. 44എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസന്നു ഒക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം. 45പരദേശിയും കൂലിക്കാരനും അതു തിന്നരുതു. 46#സംഖ്യാപുസ്തകം 9:12; യോഹന്നാൻ 19:36അതതു വീട്ടിൽവെച്ചു തന്നേ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിന്നു പുറത്തു കൊണ്ടുപോകരുതു; അതിൽ ഒരു അസ്ഥിയും ഒടിക്കരുതു. 47യിസ്രായേൽസഭ ഒക്കെയും അതു ആചരിക്കേണം. 48ഒരു അന്യജാതിക്കാരൻ നിന്നോടുകൂടെ പാർത്തു യഹോവെക്കു പെസഹ ആചരിക്കേണമെങ്കിൽ, അവന്നുള്ള ആണൊക്കെയും പരിച്ഛേദന ഏൽക്കേണം. അതിന്റെ ശേഷം അതു ആചരിക്കേണ്ടതിന്നു അവന്നു അടുത്തുവരാം; അവൻ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുതു. 49സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണം തന്നേ ആയിരിക്കേണം. 50യിസ്രായേൽമക്കൾ ഒക്കെയും അങ്ങനെ ചെയ്തു; യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു. 51അന്നു തന്നേ യഹോവ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in