YouVersion Logo
Search Icon

2. ശമൂവേൽ 15

15
1അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു. 2അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്ക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിന്നായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്നു അവൻ പറയുമ്പോൾ 3അബ്ശാലോം അവനോടു: നിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും. 4ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും. 5ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും. 6രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
7നാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ. 8യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു. 9രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി. 10എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു. 11അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയതു. 12അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
13അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു. 14അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു. 15രാജഭൃത്യന്മാർ രാജാവിനോടു: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു. 16അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു. 17ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു; 18അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി. 19രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊൾക; 20നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ. 21അതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു. 22ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി. 23ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി. 24സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു. 25രാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും. 26അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു. 27രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ. 28എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു. 29അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
30ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു. 31അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവു കിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു. 32പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു. 33അവനോടു ദാവീദ് പറഞ്ഞതു: നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും. 34എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടു: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യർത്ഥമാക്കുവാൻ കഴിയും. 35അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയിൽ നിന്നു കേൾക്കുന്ന വർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം. 36അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വർത്തമാനം ഒക്കെയും അവർമുഖാന്തരം എന്നെ അറിയിപ്പിൻ. 37അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in