YouVersion Logo
Search Icon

വെളി. 16

16
ദൈവക്രോധത്തിൻ്റെ പാത്രം
1നിങ്ങൾ പോയി ദൈവക്രോധത്തിൻ്റെ പാത്രങ്ങൾ ഏഴും ഭൂമിയിൽ ഒഴിച്ചുകളവിൻ എന്നു ഏഴു ദൂതന്മാരോടും വിളിച്ചുപറയുന്ന ഒരു മഹാശബ്ദം അതിവിശുദ്ധ സ്ഥലത്തിൽ നിന്നു ഞാൻ കേട്ടു.
2ഒന്നാമത്തെ ദൂതൻ പോയി തന്‍റെ പാത്രം ഭൂമിയിൽ ഒഴിച്ചു; മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ ആരാധിച്ചവരുമായ മനുഷ്യരുടെമേൽ നാറ്റമുണ്ടാക്കുന്ന ദുഷിച്ച വ്രണം ഉണ്ടായി.
3രണ്ടാമത്തെ ദൂതൻ തന്‍റെ പാത്രം സമുദ്രത്തിൽ ഒഴിച്ചു; അത് മരിച്ചവൻ്റെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തുക്കൾ ഒക്കെയും ചത്തുപോയി.
4മൂന്നാമത്തെ ദൂതൻ തന്‍റെ പാത്രം നദികളിലും നീരുറവുകളിലും ഒഴിച്ചു, അവ രക്തമായിത്തീർന്നു. 5അപ്പോൾ ജലത്തിനധിപനായ ദൂതൻ പറയുന്നതായി ഞാൻ കേട്ടത്: “ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ കർത്താവേ, നീ ഇങ്ങനെ ഈ ന്യായവിധി നടത്തിയതുകൊണ്ട് നീ നീതിമാൻ ആകുന്നു. 6വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ഒഴുക്കിയതുകൊണ്ട് നീ അവർക്ക് രക്തം കുടിക്കുവാൻ കൊടുത്തു; അതിന് അവർ യോഗ്യർ തന്നെ.”
7അതുപോലെ യാഗപീഠത്തിൽ നിന്നും: “അതേ, സർവ്വശക്തനായ ദൈവമായ കർത്താവേ, നിന്‍റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” എന്നു പറയുന്നതായി ഞാൻ കേട്ടു.
8നാലാമത്തെ ദൂതൻ തന്‍റെ പാത്രം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീകൊണ്ട് മനുഷ്യരെ ചുട്ടുപൊള്ളിക്കുവാൻ അതിന് അധികാരം കൊടുത്തു. 9മനുഷ്യർ കൊടുംചൂടിനാൽ വെന്തുപോയി; എങ്കിലും ഈ ബാധകളുടെമേൽ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ നിന്ദിച്ചതല്ലാതെ, അവനു മഹത്വം കൊടുക്കുവാൻ തക്കവണ്ണം അവർ മാനസാന്തരപ്പെട്ടില്ല.
10അഞ്ചാമത്തെ ദൂതൻ തന്‍റെ പാത്രം മൃഗത്തിന്‍റെ ഇരിപ്പിടത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്‍റെ രാജ്യം ഇരുണ്ടുപോയി. അതിവേദനയാൽ അവർ നാവ് കടിച്ചു. 11വേദനയും വ്രണങ്ങളും നിമിത്തം സ്വർഗ്ഗത്തിലെ ദൈവത്തെ നിന്ദിച്ചതല്ലാതെ അപ്പോഴും അവർ ചെയ്തിരുന്ന പ്രവൃത്തി വിട്ടു മാനസാന്തരപ്പെട്ടില്ല.
12ആറാമത്തെ ദൂതൻ തന്‍റെ പാത്രം യൂഫ്രട്ടീസ് എന്ന മഹാനദിയിൽ ഒഴിച്ചു: കിഴക്ക് നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി. 13മഹാസർപ്പത്തിൻ്റെയും മൃഗത്തിൻ്റെയും കള്ളപ്രവാചകൻ്റെയും#16:13 കള്ളപ്രവാചകന്‍-ഭൂമിയില്‍ നിന്ന് കയറിവന്ന രണ്ടാമത്തെ മൃഗം, വെളിപ്പാട് 13:1 വായിൽനിന്ന് തവളകളെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറത്തു വരുന്നത് ഞാൻ കണ്ടു. 14ഇവ ഭൂതലത്തിലെങ്ങും ഉള്ള രാജാക്കന്മാരെ ഒക്കെയും സർവ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് കൂട്ടിച്ചേർക്കുവാൻ തക്കവണ്ണം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്ക് ചെല്ലുന്ന ഭൂതാത്മാക്കൾ തന്നെ. — 15ജാഗ്രതയായിരിക്ക! ഞാൻ കള്ളനെപ്പോലെ വരും; സൂക്ഷിച്ചു തന്‍റെ വസ്ത്രം വൃത്തിയായി കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ. അല്ലെങ്കിൽ, അവർ നഗ്നരായി നടക്കുകയും മറ്റുള്ളവർ അവരുടെ ലജ്ജ കാണുകയും ചെയ്യും. 16അവൻ അവരെ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ#16:16 ഹര്‍മ്മഗദോന്‍-മഗിദ്ദോന്‍-കുന്ന് എന്നു പേരുള്ള സ്ഥലത്ത് കൂട്ടിക്കൊണ്ട് വന്നു.
17ഏഴാമത്തെ ദൂതൻ തന്‍റെ പാത്രം ആകാശത്തിൽ ഒഴിച്ചു; അപ്പോൾ: ചെയ്തു തീർന്നു എന്നു പറയുന്ന ഒരു മഹാശബ്ദം സിംഹാസനത്തിൽ നിന്നും അതിവിശുദ്ധസ്ഥലത്ത് നിന്നും പുറപ്പെട്ടു. 18അപ്പോൾ ശബ്ദകോലാഹലങ്ങളും ഇടിമുഴക്കവും മിന്നലുകളും ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതുമായ വലുതായൊരു ഭൂകമ്പവും ഉണ്ടായി. 19മഹാനഗരം മൂന്നു ഭാഗമായി പിരിഞ്ഞു; ജനതകളുടെ പട്ടണങ്ങളും വീണുപോയി; അപ്പോൾ ദൈവക്രോധത്തിൻ്റെ തീഷ്ണതയുള്ള മദ്യം നിറഞ്ഞിരിക്കുന്ന പാനപാത്രം കൊടുക്കുവാൻ തക്കവണ്ണം മഹാബാബേലിനെ ദൈവം ഓർത്തു. 20സകലദ്വീപും ഓടി മറഞ്ഞു; പർവ്വതങ്ങൾ കാണ്മാനില്ലാതെയായി. 21മനുഷ്യരുടെമേൽ ആകാശത്ത് നിന്നും വലിയ കൽമഴ പെയ്തു. ഓരോ കല്ലിനും ഒരു താലന്തു#16:21 ഒരു താലന്തു 40 കിലോഗ്രാം. ഭാരം ഉണ്ടായിരുന്നു. കൽമഴയുടെ ബാധ ഏറ്റവും കഠിനമായിരുന്നതുകൊണ്ട് മനുഷ്യർ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

Currently Selected:

വെളി. 16: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in