സങ്കീ. 91
91
സംരക്ഷകനായ ദൈവം
1അത്യുന്നതനായ ദൈവത്തിന്റെ മറവിൽ വസിക്കുകയും
സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
2യഹോവയെക്കുറിച്ച്: “അവിടുന്ന് എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്നു പറയുന്നു.
3ദൈവം നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും
മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.
4തന്റെ തൂവലുകൾകൊണ്ട് കർത്താവ് നിന്നെ മറയ്ക്കും;
അവിടുത്തെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും;
അവിടുത്തെ വിശ്വസ്തത നിനക്കു പരിചയും കവചവും ആകുന്നു.
5രാത്രിയിലെ ഭീകരതയും
പകൽ പറന്നുവരുന്ന അമ്പുകളും
6ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും
ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.
7നിന്റെ വശത്ത് ആയിരം പേരും
നിന്റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം,
എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല.
8നിന്റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി
ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
9എന്റെ സങ്കേതമായ യഹോവയെ,
അത്യുന്നതനായവനെത്തന്നെ, നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ,
10ഒരു അനർത്ഥവും നിനക്കു ഭവിക്കുകയില്ല;
ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തുവരുകയില്ല.
11നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന്
കർത്താവ് നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;
12നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന്
അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും.
13സിംഹത്തെയും അണലിയെയും നീ ചവിട്ടും;
ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14“അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും;
അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും.
15അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും;
കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും;
ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും.
16ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും;
എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
Currently Selected:
സങ്കീ. 91: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.