സങ്കീ. 68
68
ദൈവത്തിന്‍റെ ശക്തിയും മഹത്ത്വവും
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങേയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു;
അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു.
2പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു;
തീയിൽ മെഴുക് ഉരുകുന്നതുപോലെ
ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും;
അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ;
മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ#68:4 മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ അവന്‍ ഉയരുകയും മേഘത്തില്‍ കൂടെ വരികയും ചെയ്യുന്നു;
യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ.
5ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ
അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും#68:5 സഹായകനും ന്യായപാലകനും ആകുന്നു.
6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;
അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു;
എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും.
7ദൈവമേ, അങ്ങ് അങ്ങേയുടെ ജനത്തിന് മുമ്പായി പുറപ്പെട്ടു
മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ - സേലാ -
8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു.
ഈ സീനായി, യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി.
9ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച്
ക്ഷീണിച്ചിരുന്ന അങ്ങേയുടെ അവകാശത്തെ തണുപ്പിച്ചു.
10അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു;
ദൈവമേ, അങ്ങേയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു.
11കർത്താവ് ആജ്ഞ കൊടുക്കുന്നു;
അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു.
12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു;
വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും
പ്രാവിന്‍റെ ചിറക് വെള്ളികൊണ്ടും അതിന്‍റെ തൂവലുകൾ പൊന്നുകൊണ്ടും
പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു#68:13 നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്‍റെ ചിറക് വെള്ളികൊണ്ടും അതിന്‍റെ തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു കൊള്ളയടിക്കപ്പെട്ട സാധനങ്ങള്‍ സ്ത്രീകളുടെ ഇടയില്‍ വിഭാഗിക്കുന്നതിനെപ്പറ്റിയുള്ള വിവരണം. പ്രാവ് യിസ്രായേലിന്‍റെ ചിഹ്നമാണ് .
14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ
സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15ബാശാൻപർവ്വതം ദൈവത്തിന്‍റെ പർവ്വതമാകുന്നു.
ബാശാൻപർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16കൊടുമുടികളേറിയ പർവ്വതങ്ങളേ,
ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ
നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്?
യഹോവ അതിൽ എന്നേക്കും വസിക്കും.
17ദൈവത്തിന്‍റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു;
കർത്താവ് അവരുടെ ഇടയിൽ,
സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. #68:17 സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. യഹോവ അവരുടെ ഇടയില്‍ ഉണ്ട്, സീനായി പര്‍വ്വതം വിശുദ്ധമാകുന്നു
18അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;
യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്
അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
19നമ്മുടെ രക്ഷയാകുന്ന ദൈവമായി,
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
20നമ്മുടെ ദൈവം നമുക്ക് രക്ഷയുടെ ദൈവം ആകുന്നു;
മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവയ്ക്കുള്ളവ തന്നെ.
21അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും
തന്‍റെ അകൃത്യത്തിൽ നടക്കുന്നവന്‍റെ രോമാവൃതമായ ശിരസ്സും തകർത്തുകളയും.
22നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും
അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും
23ഞാൻ അവരെ ബാശാനിൽനിന്ന് മടക്കിവരുത്തും;
സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.
24ദൈവമേ, അവർ അവിടുത്തെ എഴുന്നെള്ളത്ത് കണ്ടു;
എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തിലേക്കുള്ള എഴുന്നെള്ളത്തു തന്നെ.
25സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;
തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ള ഏവരുമേ,
സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27അവിടെ അവരുടെ നായകനായ ഇളയ ബെന്യാമീനും
യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും
സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ട്.
28ദൈവമേ നിന്‍റെ ബലം കല്പിക്ക#68:28 ദൈവമേ നിന്‍റെ ബലം കല്പിക്ക നിന്‍റെ ബലം കാണിക്കുക ;
ദൈവമേ, അവിടുന്ന് ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിനെ സ്ഥിരപ്പെടുത്തണമേ.
29യെരൂശലേമിലുള്ള അങ്ങേയുടെ മന്ദിരം നിമിത്തം
രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും.
30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും
ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ
അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ;
യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കേണമേ.
31മിസ്രയീമിൽ നിന്ന് മഹത്തുക്കൾ വരും;
കൂശ് വേഗത്തിൽ തന്‍റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.
32ഭൂമിയിലെ രാജ്യങ്ങളെ, ദൈവത്തിന് പാട്ടുപാടുവിൻ;
കർത്താവിന് കീർത്തനം ചെയ്യുവിൻ. സേലാ.
33പുരാതനമായ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിൻ!
ഇതാ, കർത്താവ് തന്‍റെ ശബ്ദത്തെ,
ബലമേറിയ ശബ്ദത്തെ കേൾപ്പിക്കുന്നു.
34ദൈവത്തിന്‍റെ ശക്തി അംഗീകരിക്കുവിൻ;
അവിടുത്തെ മഹിമ യിസ്രായേലിന്മേലും അവിടുത്തെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു;
യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു.
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
Currently Selected:
സങ്കീ. 68: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.