YouVersion Logo
Search Icon

സങ്കീ. 66

66
യിസ്രായേലിനു ദൈവം നല്കിയ നന്മയ്ക്ക് സ്തുതി
സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം.
1സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
2ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ;
അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.
3“അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം;
അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും;
4സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും;
അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ.
5വന്ന് ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിൻ;
ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരൻ.
6കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി;
അവർ കാൽനടയായി നദി കടന്നുപോയി;
അവിടെ നാം കർത്താവിൽ സന്തോഷിച്ചു.
7ദൈവം തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു;
അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു;
മത്സരക്കാർ സ്വയം ഉയർത്തരുതേ. സേലാ.
8വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ;
കർത്താവിന്‍റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
9അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു;
നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു;
വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി;
ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
12അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി;
ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു;
എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13ഞാൻ ഹോമയാഗങ്ങളുമായി അങ്ങേയുടെ ആലയത്തിലേക്ക് വരും;
അങ്ങേക്കുള്ള എന്‍റെ നേർച്ചകളെ ഞാൻ കഴിക്കും.
14ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ
അവ എന്‍റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്‍റെ വായാൽ നേർന്നു.
15ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി
തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും;
ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. സേലാ.
16സകലഭക്തന്മാരുമേ, വന്നു കേൾക്കുവിൻ;
അവൻ എന്‍റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
17ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു;
എന്‍റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു.
18ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ
കർത്താവ് കേൾക്കുകയില്ലായിരുന്നു.
19എന്നാൽ ദൈവം കേട്ടിരിക്കുന്നു;
എന്‍റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20എന്‍റെ പ്രാർത്ഥന തള്ളിക്കളയാതെയും
തന്‍റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

Currently Selected:

സങ്കീ. 66: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in