YouVersion Logo
Search Icon

സങ്കീ. 62

62
ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന ഗാനം
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ, ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
എന്‍റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു.
2കർത്താവ് തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു;
എന്‍റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
3അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ#62:3 അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ
ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും?
4അവന്‍റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്;
അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;
എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ.
5എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക;
എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.
6എന്‍റെ പാറയും എന്‍റെ രക്ഷയും ദൈവം തന്നെ ആകുന്നു;
എന്‍റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല.
7ദൈവം എന്‍റെ രക്ഷയും, മഹത്വവും, എന്‍റെ ബലത്തിന്‍റെ പാറയും ആകുന്നു;
എന്‍റെ രക്ഷാസങ്കേതവും കർത്താവ് തന്നെ.
8ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ;
നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ;
ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ.
9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;
തുലാസിൻ്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്;
സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്;
11“ശക്തി ദൈവത്തിനുള്ളത്” എന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു,
ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12കർത്താവേ, ദയയും അങ്ങേക്കുള്ളതാകുന്നു;
അവിടുന്ന് ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

Currently Selected:

സങ്കീ. 62: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in