YouVersion Logo
Search Icon

സങ്കീ. 25

25
മാർഗ്ഗനിർദ്ദേശത്തിനും വിടുതലിനുമുള്ള പ്രാർത്ഥന
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2എന്‍റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചുപോകരുതേ;
എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ.
3അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ;
അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ!
5അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ;
അവിടുന്ന് എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
6യഹോവേ, അങ്ങേയുടെ കരുണയും ദയയും ഓർക്കേണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7എന്‍റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;
യഹോവേ, അങ്ങേയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കേണമേ.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.
9സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11യഹോവേ, എന്‍റെ അകൃത്യം വലിയത്;
തിരുനാമംനിമിത്തം അത് ക്ഷമിക്കേണമേ.
12യഹോവാഭക്തനായ പുരുഷൻ ആര്‍?
അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.
13അവൻ മനോസുഖത്തോടെ വസിക്കും;
അവന്‍റെ സന്തതി ദേശം അവകാശമാക്കും.
14യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും;
അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു.
15എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17എന്‍റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.
18എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;
എന്‍റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
19എന്‍റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ;
അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.
22ദൈവമേ, യിസ്രായേലിനെ
അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.

Currently Selected:

സങ്കീ. 25: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in