YouVersion Logo
Search Icon

സങ്കീ. 135

135
ദൈവത്തിന്‍റെ നന്മയ്ക്കും ശക്തിക്കും സ്തുതി
1യഹോവയെ സ്തുതിക്കുവിൻ;
യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ;
യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ.
2യഹോവയുടെ ആലയത്തിലും
നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ,
3യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ;
കർത്താവിന്‍റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ.
4യഹോവ യാക്കോബിനെ തനിക്കായും
യിസ്രായേലിനെ തന്‍റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു.
5യഹോവ വലിയവൻ എന്നും
നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു.
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും
യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു.
7ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു;
അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു;
തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
8അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും
കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു.
9മിസ്രയീം ദേശമേ, നിന്‍റെ മദ്ധ്യത്തിൽ ദൈവം ഫറവോന്‍റെമേലും
അവന്‍റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
10ദൈവം വലിയ ജനതകളെ സംഹരിച്ചു;
ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
11അമോര്യരുടെ രാജാവായ സീഹോനെയും
ബാശാൻരാജാവായ ഓഗിനെയും
സകല കനാന്യരാജ്യങ്ങളെയും തന്നെ.
12അവരുടെ ദേശത്തെ തനിക്കു അവകാശമായി,
തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു.
13യഹോവേ, അങ്ങേയുടെ നാമം ശാശ്വതമായും
യഹോവേ, അങ്ങേയുടെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
14യഹോവ തന്‍റെ ജനത്തിന് ന്യായപാലനം ചെയ്യും;
കർത്താവ് തന്‍റെ ദാസന്മാരോട് സഹതപിക്കും.
15ജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും
മനുഷ്യരുടെ കൈവേലയും ആകുന്നു.
16അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല;
17അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
അവയുടെ വായിൽ ശ്വാസവുമില്ല.
18അവ ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏതൊരുവനും അങ്ങനെ തന്നെ.
19യിസ്രായേൽ ഗൃഹമേ, യഹോവയെ വാഴ്ത്തുക;
അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക.
20ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക;
യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുക.
21യെരൂശലേമിൽ അധിവസിക്കുന്ന യഹോവ
സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ.
യഹോവയെ സ്തുതിക്കുവിൻ.

Currently Selected:

സങ്കീ. 135: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീ. 135