YouVersion Logo
Search Icon

സദൃ. 23

23
1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ
നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക#23:1 നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക നിന്‍റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്ന് കരുതിക്കൊള്ളുക.
2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ
നിന്‍റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക.
3അവന്‍റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്;
അവ വഞ്ചിക്കുന്ന ഭോജനമത്രേ.
4ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്;
അതിനായുള്ള ബുദ്ധി വിട്ടുകളയുക.
5നിന്‍റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്?
അത് ഇല്ലാതെയായിപ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്ക് എന്നപോലെ
അത് ചിറകെടുത്ത് പറന്നുകളയും.
6കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്;
അവന്‍റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്.
7അവൻ തന്‍റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു;
‘തിന്നു കുടിച്ചുകൊള്ളുക’ എന്നു അവൻ നിന്നോട് പറയും;
അവന്‍റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
8നീ തിന്ന കഷണം ഛർദ്ദിച്ചുപോകും;
നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്;
അവൻ നിന്‍റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും.
10പണ്ടേയുള്ള അതിര്‍ നീക്കരുത്;
അനാഥരുടെ നിലം ആക്രമിക്കുകയുമരുത്.
11അവരുടെ പ്രതികാരകൻ ബലവാനല്ലയോ;
അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും.
12നിന്‍റെ ഹൃദയം പ്രബോധനത്തിനും
നിന്‍റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
13ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്;
വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ
നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
15മകനേ, നിന്‍റെ ഹൃദയം ജ്ഞാനം പഠിച്ചാൽ
എന്‍റെ ഹൃദയവും സന്തോഷിക്കും.
16നിന്‍റെ അധരം നേര് സംസാരിച്ചാൽ
എന്‍റെ അന്തരംഗങ്ങൾ ആനന്ദിക്കും.
17നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്;
നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക.
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;
നിന്‍റെ പ്രത്യാശക്ക് ഭംഗം വരുകയുമില്ല.
19മകനേ, കേട്ടു ജ്ഞാനം പഠിക്കുക;
നിന്‍റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക.
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും
മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും;
ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും.
22നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്ക് കേൾക്കുക;
നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
23നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്;
ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
24നീതിമാന്‍റെ അപ്പൻ ഏറ്റവും ആനന്ദിക്കും;
ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
25നിന്‍റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;
നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
26മകനേ, നിന്‍റെ ഹൃദയം എനിക്ക് തരിക;
എന്‍റെ വഴി നിന്‍റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും
പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;
മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു.
29ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം?
ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്?
30വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും
മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ.
31വീഞ്ഞു ചുവന്ന് പാത്രത്തിൽ തിളങ്ങുന്നതും
രസമായി ഇറക്കുന്നതും നീ നോക്കരുത്.
32ഒടുവിൽ അത് സർപ്പംപോലെ കടിക്കും;
അണലിപോലെ കൊത്തും.
33നിന്‍റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും;
നിന്‍റെ ഹൃദയം വക്രത പറയും.
34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും
പാമരത്തിന്‍റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
35“അവർ എന്നെ അടിച്ചു എനിക്ക് നൊന്തില്ല;
അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല.
ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അത് തന്നെ തേടും” എന്നു നീ പറയും.

Currently Selected:

സദൃ. 23: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in