മർക്കൊ. 9
9
1പിന്നെ യേശു അവരോട്: “ദൈവരാജ്യം ശക്തിയോടെ വരുന്നത് കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
യേശു രൂപാന്തരപ്പെടുന്നു.
2ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. 3ഭൂമിയിൽ ഒരു അലക്കുകാരനും വെളുപ്പിപ്പാൻ കഴിയാതവണ്ണം അവന്‍റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി. 4അപ്പോൾ ഏലിയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
5പത്രൊസ് യേശുവിനോടു: “റബ്ബീ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു. 6താൻ എന്ത് പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; ആ ശിഷ്യന്മാരെല്ലാവരും ഭയപരവശരായിരുന്നു.
7പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനു ചെവികൊടുപ്പിൻ” എന്നു മേഘത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി. 8പെട്ടെന്ന് അവർ ചുറ്റും നോക്കിയപ്പോൾ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
9അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ: “മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ഉയിർത്തിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത്” എന്നു അവൻ അവരോടു കല്പിച്ചു. 10‘മരിച്ചവരിൽനിന്ന് ഉയിർക്കുക’ എന്നത് എന്ത് എന്നു അവർ തമ്മിൽ ചർച്ചചെയ്തുംകൊണ്ട് ആ വാക്ക് ഉള്ളിൽ സംഗ്രഹിച്ചു.
11“ഏലിയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത്?” എന്നു അവർ ചോദിച്ചു.
12അതിന് യേശു: “ഏലിയാവ് മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ച്: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നത് എങ്ങനെ? 13എന്നാൽ ഏലിയാവ് വന്നു; അവനെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയത് എല്ലാം അവനോട് ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു ഉത്തരം പറഞ്ഞു.
ദുരാത്മാവ് ബാധിച്ച ബാലനെ സൗഖ്യമാക്കുന്നു.
14അവർ മറ്റു ശിഷ്യന്മാരുടെ അടുക്കെ മടങ്ങിവന്നപ്പോൾ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോട് തർക്കിക്കുന്നതും കണ്ടു. 15പുരുഷാരം യേശുവിനെ കണ്ട ഉടനെ ഭ്രമിച്ചു; ഓടിവന്നു അവനെ വന്ദിച്ചു.
16യേശു അവരോട്: “നിങ്ങൾ എന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” എന്നു ചോദിച്ചു.
17അതിന് പുരുഷാരത്തിൽ ഒരുവൻ: “ഗുരോ, എന്‍റെ മകനെ ഞാൻ നിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവനെ ഊമനായ ഒരു ആത്മാവ് ബാധിച്ചിരിക്കുന്നു. 18അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരച്ച് പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാൻ നിന്‍റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവർക്ക് കഴിഞ്ഞില്ല” എന്നു ഉത്തരം പറഞ്ഞു.
19അവൻ അവരോട്: “അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെയിരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്നു ഉത്തരം പറഞ്ഞു.
20അവർ അവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തുവീണു, വായിൽനിന്ന് നുരച്ചുവന്നു.
21 “ഇതു അവനു സംഭവിച്ചിട്ട് എത്ര കാലമായി?” എന്നു അവന്‍റെ അപ്പനോട് ചോദിച്ചതിന് അവൻ: “ചെറുപ്പംമുതൽ തന്നെ, 22അത് അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞ് ഞങ്ങളെ സഹായിക്കണമേ” എന്നു പറഞ്ഞു.
23യേശു അവനോട്: “നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും” എന്നു പറഞ്ഞു.
24ബാലന്‍റെ അപ്പൻ ഉടനെ നിലവിളിച്ചു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്‍റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്നു പറഞ്ഞു.
25പുരുഷാരം ഓടിക്കൂടുന്നതു കണ്ടിട്ട് യേശു അശുദ്ധാത്മാവിനെ ശാസിച്ചു: “ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടുപോ; ഇനി അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു.
26അപ്പോൾ അത് നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. ‘മരിച്ചുപോയി’ എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി. 27യേശു അവനെ കൈയ്ക്കു പിടിച്ചു നിവർത്തി, അവൻ എഴുന്നേറ്റ് നിന്നു.
28യേശു വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോട്: “ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
29 “പ്രാർത്ഥനയാൽ അല്ലാതെ ഈ ജനതകൾ ഒന്നിനാലും പുറപ്പെട്ടുപോകയില്ല” എന്നു അവൻ പറഞ്ഞു.
30അവർ അവിടെനിന്നു പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അവർ എവിടെയാണെന്ന് ആരും അറിയരുതെന്ന് അവൻ ഇച്ഛിച്ചു. 31കാരണം അവൻ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവൻ അവരോട്: “മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നു പറഞ്ഞു. 32ആ വാക്കുകൾ അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
വലിയവൻ ആകുവാൻ ആഗ്രഹിക്കുന്നവൻ.
33അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു. 34അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു. 35അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം” എന്നു പറഞ്ഞു.
36അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്‍റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട് പറഞ്ഞു: 37“ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു.
ഇടർച്ച വരുത്താതിരിക്കുക.
38യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു.
39 അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്‍റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. 40നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ. 41നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
42 ”എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവനു ഏറെ നല്ലത്. 43നിന്‍റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: 44അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്കു നല്ലത്. 45നിന്‍റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: 46മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്കു നല്ലത്. 47നിന്‍റെ കണ്ണ് നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; 48രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു നിനക്കു നല്ലത്.
49 ”എല്ലാവരേയും തീകൊണ്ട് ഉപ്പിടും. 50ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.”
Currently Selected:
മർക്കൊ. 9: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.