മീഖാ 2
2
മനുഷ്യന്‍റെയും യഹോവയുടെയും പദ്ധതികൾ
1കിടക്കയിൽ നീതികേട് നിരൂപിച്ച്
തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം!
അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട്
പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു.
2അവർ നിലങ്ങൾ മോഹിച്ച് അതിക്രമത്താൽ അവ കൈവശപ്പെടുത്തുന്നു;
അവർ വീടുകൾ മോഹിച്ച് അവയെ പിടിച്ചെടുക്കുന്നു;
അങ്ങനെ അവർ പുരുഷനെയും അവന്‍റെ ഭവനത്തെയും,
മനുഷ്യനെയും അവന്‍റെ അവകാശത്തെയും പീഡിപ്പിക്കുന്നു.
3അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഈ ജനത്തിന്‍റെ നേരെ അനർത്ഥം നിരൂപിക്കുന്നു;
അതിൽനിന്ന് നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കുകയില്ല,
നിഗളത്തോടെ നടക്കുകയുമില്ല;
ഇത് ദുഷ്ക്കാലമല്ലയോ.”
4ആ നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും
ഒരു വിലാപം വിലപിക്കുകയും ചെയ്തു:
“നാം നശിച്ച്, നമുക്ക് പൂർണ്ണ സംഹാരം ഭവിച്ചിരിക്കുന്നു;
അവിടുന്ന് എന്‍റെ ജനത്തിന്‍റെ ഓഹരി മാറ്റിക്കളഞ്ഞു;
അവിടുന്ന് അത് എന്‍റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു!
വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു”
എന്നു പറയും;
5അതുകൊണ്ട് യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിക്കുവാൻ
നിനക്ക് ആരും ഉണ്ടാകുകയില്ല.
6“പ്രവചിക്കരുത്” എന്ന് അവർ പ്രവാചകന്മാരോട് പറയുന്നു;
ഇവയെക്കുറിച്ച് അവർ പ്രവചിക്കേണ്ടതല്ല;
അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല.
7“യാക്കോബ് ഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു?
യഹോവ മുൻകോപിയോ?
അങ്ങനെയോ അവിടുത്തെ പ്രവൃത്തികൾ?
നേരായി നടക്കുന്നവന് എന്‍റെ വചനങ്ങൾ ഗുണകരമല്ലയോ?
8ഒടുവിൽ ഇതാ, എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു;
യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നു പോകുന്നവരുടെ
വസ്ത്രത്തിന്മേൽനിന്ന് നിങ്ങൾ പുതപ്പ് വലിച്ചെടുക്കുന്നു.
9നിങ്ങൾ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെ
അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു;
അവരുടെ പൈതങ്ങളോട് നിങ്ങൾ
എന്‍റെ മഹത്വം സദാകാലത്തേക്കും അപഹരിച്ചുകളയുന്നു.”
10“പുറപ്പെട്ടുപോകുവിൻ;
നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം
ഇത് നിങ്ങൾക്ക് വിശ്രാമസ്ഥലമല്ല.”
11വ്യാജാത്മാവിൽ നടക്കുന്ന ഒരുവൻ:
“ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോട് പ്രവചിക്കും”
എന്നിങ്ങനെ വ്യാജം പറഞ്ഞാൽ അവൻ
ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.
വിമോചനം വാഗ്ദാനംചെയ്യപ്പെടുന്നു
12“യാക്കോബേ, ഞാൻ നിനക്കുള്ളവരെ എല്ലാം ചേർത്തുകൊള്ളും;
യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും;
തൊഴുത്തിലെ ആടുകളെപ്പോലെ,
മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും;
ആൾപെരുപ്പം ഹേതുവായി അവിടെ വലിയ മുഴക്കം ഉണ്ടാകും.
13തകർക്കുന്നവൻ അവർക്ക് മുമ്പായി പുറപ്പെടുന്നു;
അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും;
അവരുടെ രാജാവ് അവർക്ക് മുമ്പായും
യഹോവ അവരുടെ നായകനായും നടക്കും.”
Currently Selected:
മീഖാ 2: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.