YouVersion Logo
Search Icon

മത്താ. 19

19
1ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ട് യേശു ഗലീല വിട്ടു, 2യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൗഖ്യമാക്കി.
ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ
3പരീശന്മാർ അവന്‍റെ അടുക്കൽ വന്നു: “ഏത് കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ?“ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു.
4അതിന് യേശു മറുപടി പറഞ്ഞത്: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും 5അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? 6അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു. 7അവർ അവനോട്: എന്നാൽ വിവാഹമോചന സാക്ഷ്യപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു. 8അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദിമുതൽ അങ്ങനെയല്ലായിരുന്നു. 9ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
സ്വർഗ്ഗരാജ്യം നിമിത്തം ഷണ്ഡന്മാരായവർ
10ശിഷ്യന്മാർ അവനോട്: “സ്ത്രീയെ സംബന്ധിച്ച് പുരുഷന്‍റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നത് നന്നല്ല“ എന്നു പറഞ്ഞു.
11അവൻ അവരോട്:അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
12 അമ്മയുടെ ഗർഭത്തിൽനിന്ന് തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
സ്വർഗ്ഗരാജ്യം ശിശുതുല്യരായവരുടേത്
13പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.
14യേശു പറഞ്ഞു: ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു. 15അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെനിന്നു യാത്രയായി.
നിത്യജീവനെ പ്രാപിക്കുവാൻ വന്ന ധനിക യുവാവ്
16അനന്തരം ഒരുവൻ വന്നു അവനോട്: “ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം?“ എന്നു ചോദിച്ചതിന്
17അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു. 18ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്; 19അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു.
20യൗവനക്കാരൻ അവനോട്: “ഈ കല്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത്?“ എന്നു ചോദിച്ചു.
21യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 22യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം
23യേശു തന്‍റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. 24ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25അത് കേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്ക് കഴിയും?“ എന്നു പറഞ്ഞു.
26യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു.
സകലവും വിട്ട് യേശുവിനെ അനുഗമിക്കുന്നവർക്ക് എന്ത് ലഭിക്കും?
27പത്രൊസ് അവനോട്: “ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും?“ എന്നു ചോദിച്ചു.
28യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്‍റെ മഹത്വത്തിന്‍റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
എന്‍റെ നാമംനിമിത്തം വിട്ടു കളഞ്ഞവന് നൂറുമടങ്ങ്
29 എന്‍റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. 30എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.

Currently Selected:

മത്താ. 19: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in