ലൂക്കൊ. 5
5
ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു
1ഒരു ദിവസം അവൻ ഗന്നേസരത്ത് തടാകത്തിന്‍റെ കരയിൽ നില്ക്കുമ്പോൾ, പുരുഷാരം ദൈവവചനം കേൾക്കുന്നതിന് വേണ്ടി അവന്‍റെ ചുറ്റും കൂടി. 2രണ്ടു പടക് കരയുടെ അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻ പിടിക്കുന്നവർ ഇറങ്ങി വല കഴുകുകയായിരുന്നു. 3അതിൽ ശിമോന്‍റെ പടകിൽ അവൻ കയറി. കരയിൽ നിന്നു വെള്ളത്തിലേക്ക് അല്പം നീക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
4പുരുഷാരത്തെ ഉപദേശിച്ചു തീർന്നപ്പോൾ അവൻ ശിമോനോട്: ആഴമുള്ള സ്ഥലത്തേയ്ക്ക് നീക്കി മീൻപിടിക്കാനായി വല ഇറക്കുവിൻ എന്നു പറഞ്ഞു.
5അതിന് ശിമോൻ: “ഗുരോ, ഞങ്ങൾ രാത്രിമുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വല ഇറക്കാം“ എന്നു ഉത്തരം പറഞ്ഞു.
6അവർ അങ്ങനെ ചെയ്തപ്പോൾ വളരെ ഏറെ മീൻകൂട്ടം അവർക്ക് ലഭിച്ചു. അവരുടെ വല കീറി പോകാറായി. 7അവർ മറ്റെ പടകിലുള്ള കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിന് വിളിച്ചു. അവർ വന്നു രണ്ടു പടകും മുങ്ങുമാറാകുവോളും നിറച്ചു.
8ശിമോൻ പത്രൊസ് അത് കണ്ടിട്ട് യേശുവിന്‍റെ കാല്ക്കൽ മുട്ടുകുത്തി: “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നതുകൊണ്ട് എന്നെ വിട്ടുപോകേണമേ“ എന്നു പറഞ്ഞു. 9അന്നത്തെ മീൻപിടുത്തത്തിൽ അവനും അവനോട് കൂടെയുള്ളവരും ആശ്ചര്യപ്പെട്ടിരുന്നു. 10അതുപോലെ ശിമോന്‍റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു.
യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു. 11പിന്നെ അവർ പടകുകളെ കരയുടെ അടുത്തേക്ക് അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
12ഒരു ദിവസം, അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണുവീണു: “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും“ എന്നു അവനോട് അപേക്ഷിച്ചു.
13യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.
14യേശു അവനോട്: ഇതു ആരോടും പറയരുത്; എന്നാൽ പോയി നിന്നെത്തന്നെ പുരോഹിതന് കാണിച്ചു കൊടുക്കുക, അവർക്ക് സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അർപ്പിക്ക എന്നു അവനോട് കല്പിച്ചു.
15എന്നാൽ യേശുവിനെക്കുറിച്ചുള്ള വാർത്ത ധാരാളം ആളുകൾ അറിയുവാൻ തുടങ്ങി. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിനും, തങ്ങളുടെ രോഗങ്ങൾക്കു സൗഖ്യം കിട്ടേണ്ടതിനും അവന്‍റെ അടുക്കൽ വന്നു. 16അവനോ ഏകാന്തമായ സ്ഥലങ്ങളിലേയ്ക്ക് പിൻവാങ്ങിപ്പോയി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
17ഒരു ദിവസം അവൻ ഉപദേശിക്കുമ്പോൾ, ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും, യെരൂശലേമിൽ നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കർത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. 18അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്ത് കൊണ്ടുചെന്ന് അവന്‍റെ മുമ്പിൽ കിടത്തുവാൻ ശ്രമിച്ചു. 19പുരുഷാരം കാരണം അവനെ അകത്ത് കൊണ്ടുചെല്ലുവാൻ വഴി കണ്ടില്ല. അതുകൊണ്ട് അവർ വീടിന്‍റെ മുകളിൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ യേശുവിന്‍റെ മുമ്പിൽ ഇറക്കിവച്ചു.
20യേശു അവരുടെ വിശ്വാസം കണ്ടിട്ട്: മനുഷ്യാ, നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.
21ശാസ്ത്രികളും പരീശരും: “ഇവൻ ദൈവദൂഷണം പറയുന്നു, ദൈവത്തിന് അല്ലാതെ പാപങ്ങളെ മോചിക്കുവാൻ മറ്റാർക്കും കഴിയില്ല“ എന്നു ചിന്തിച്ചുതുടങ്ങി.
22യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നത് എന്ത്? 23നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 24എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് നിന്‍റെ കിടക്ക എടുത്തു വീട്ടിലേക്ക് പോക എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു. 25ഉടനെ എല്ലാവരും കാൺകെ അവൻ എഴുന്നേറ്റ്, താൻ കിടന്നിരുന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ട് വീട്ടിലേക്ക് പോയി. 26എല്ലാവരും ആശ്ചര്യപ്പെട്ടു, ദൈവത്തെ മഹത്വപ്പെടുത്തി. അവർ ഭയം നിറഞ്ഞവരായി, “ഇന്ന് നാം അപൂർവകാര്യങ്ങൾ കണ്ടു“ എന്നു പറഞ്ഞു.
27ഈ സംഭവങ്ങൾക്ക് ശേഷം യേശു അവിടെനിന്നു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതി പിരിവുകാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു. 28അവൻ സകലവും വിട്ടു എഴുന്നേറ്റ് അവനെ അനുഗമിച്ചു.
29ലേവി തന്‍റെ വീട്ടിൽ അവനു ഒരു വലിയ വിരുന്നു ഒരുക്കി; അവിടെ നികുതി പിരിവുകാരും വലിയൊരു പുരുഷാരവും അവരോടുകൂടെ ഭക്ഷണം കഴിക്കുവാൻ ഇരുന്നു. 30പരീശരും അവരുടെ ശാസ്ത്രികളും അവന്‍റെ ശിഷ്യന്മാരോട്: “നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത്?“ എന്നു പരാതി പറഞ്ഞു.
31യേശു അവരോട്: ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; 32ഞാൻ നീതിമാന്മാരെ അല്ല, പാപികളെയാണ് മാനസാന്തരത്തിന് വിളിക്കുവാൻ വന്നിരിക്കുന്നത് എന്നു ഉത്തരം പറഞ്ഞു.
33അവർ അവനോട്: “യോഹന്നാന്‍റെ ശിഷ്യന്മാർ ഇടയ്ക്കിടെ ഉപവസിച്ചു പ്രാർത്ഥിക്കുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്യുന്നു; നിന്‍റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു“ എന്നു പറഞ്ഞു.
34യേശു അവരോട്: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ? 35മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്നു, ആ കാലത്ത്, അവർ ഉപവസിക്കും എന്നു പറഞ്ഞു.
36ഒരു ഉപമയും അവരോട് പറഞ്ഞു: ആരും പുതിയവസ്ത്രം കീറിയെടുത്ത് പഴയവസ്ത്രത്തോട് ചേർത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയത് കീറുകയും പുതിയ കഷണം പഴയതിനോട് ചേരാതിരിക്കയും ചെയ്യും. 37ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകരുമാറില്ല, പകർന്നാൽ പുതിയ വീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; 38പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ അത്രേ പകർന്നുവയ്ക്കേണ്ടത്. 39പിന്നെ പഴയത് കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.
Currently Selected:
ലൂക്കൊ. 5: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.