ലൂക്കൊ. 3
3
യോഹന്നാൻ സ്നാപകൻ വഴി ഒരുക്കുന്നു
1തിബര്യാസ് കൈസരുടെ ഭരണത്തിന്‍റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്‍റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു. 2അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിൻ്റേയും കയ്യഫാവിൻ്റേയും കാലത്തായിരുന്നു സെഖര്യാവിന്‍റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായത്. 3അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
4“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാണിത്:
കർത്താവിന്‍റെ വഴി ഒരുക്കുവിൻ;
അവന്‍റെ പാത നിരപ്പാക്കുവിൻ.
5എല്ലാ താഴ്‌വരകളും നികന്നുവരും;
എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും;
വളഞ്ഞതു നേരെയാവുകയും
ദുർഘടമായത് നിരന്ന വഴിയായും തീരും;
6സകലമനുഷ്യരും ദൈവത്തിന്‍റെ രക്ഷയെ കാണും”
എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു.
7തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: ”സർപ്പസന്തതികളേ, വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല. 8മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 9വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.”
10”എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു പുരുഷാരം അവനോട് ചോദിച്ചു.
11അതിന് ഉത്തരമായി അവൻ: ”രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ” എന്നു ഉത്തരം പറഞ്ഞു.
12ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ”ഗുരോ, ഞങ്ങൾ എന്തുചെയ്യണം?” എന്നു അവനോട് ചോദിച്ചു.
13”നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത്” എന്നു അവൻ പറഞ്ഞു.
14പടയാളികൾ അവനോട്: ”ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം?” എന്നു ചോദിച്ചതിന്: ”ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ടു തൃപ്തിപ്പെടുക” എന്നു അവരോട് പറഞ്ഞു.
15എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു. 16യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ”ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. 17അവന്‍റെ കയ്യിൽ വീശുമുറം#3:17 വീശുമുറം എന്നാൽ ഗോതമ്പിനെയും, പതിരിനെയും തമ്മിൽ വേർതിരിക്കാനായി ഉപയോഗിക്കുന്ന ഒരു മുറം. ഉണ്ട്; അവൻ കളത്തെ#3:17 കളം എന്നാൽ ഗോതമ്പ് വേർതിരിക്കാനായി കൊണ്ടിടുന്ന സ്ഥലം. മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
18ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു. 19എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്‍റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി. 20അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.
21അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, 22പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തിൽ അവന്‍റെമേൽ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
23യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്‍റെ മകൻ എന്നു ജനം വിചാരിച്ചു; 24യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിൻ്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി 25യോസേഫിന്‍റെ മകൻ, യോസേഫ് മത്തഥ്യൊസിൻ്റെ മകൻ, മത്തഥ്യൊസ് ആമോസിന്‍റെ മകൻ, ആമോസ് നാഹൂമിൻ്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ, 26നഗ്ഗായി മയാത്തിൻ്റെ മകൻ, മയാത്ത് മത്തഥ്യൊസിൻ്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്‍റെ മകൻ, യോസേഫ് യോദയുടെ മകൻ, 27യോദാ യോഹന്നാന്‍റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്‍റെ മകൻ, സെരുബ്ബാബേൽ ശെയല്തീയേലിന്‍റെ മകൻ, ശെയല്തീയേൽ നേരിയുടെ മകൻ, 28നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിൻ്റെ മകൻ, കോസാം എല്മാദാമിൻ്റെ മകൻ, എല്മാദാം ഏരിൻ്റെ മകൻ, 29ഏർ യോശുവിൻ്റെ മകൻ, യോശു എലീയേസെരിന്‍റെ മകൻ, എലീയേസർ യോരീമിൻ്റെ മകൻ, യോരീം മത്ഥാത്തിൻ്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, 30ലേവി ശിമ്യോൻ്റെ മകൻ, ശിമ്യോൻ യെഹൂദായുടെ മകൻ, യെഹൂദാ യോസേഫിന്‍റെ മകൻ, യോസേഫ് യോനാമിൻ്റെ മകൻ, യോനാം എല്യാക്കീമിൻ്റെ മകൻ, 31എല്യാക്കീം മെല്യാവിൻ്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്‍റെ മകൻ, നാഥാൻ ദാവീദിന്‍റെ മകൻ, 32ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്‍റെ മകൻ, ഓബേദ് ബോവസിന്‍റെ മകൻ, ബോവസ് സല്മോൻ്റെ മകൻ, സല്മോൻ നഹശോൻ്റെ മകൻ, 33നഹശോൻ അമ്മീനാദാബിന്‍റെ മകൻ, അമ്മീനാദാബ് ആരാമിൻ്റെ മകൻ, അരാം ഹെസ്രോന്‍റെ മകൻ, ഹെസ്രോൻ പാരെസിൻ്റെ മകൻ, പാരെസ് യെഹൂദായുടെ മകൻ, 34യെഹൂദാ യാക്കോബിന്‍റെ മകൻ, യാക്കോബ് യിസ്ഹാക്കിന്‍റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്‍റെ മകൻ, അബ്രാഹാം തേരഹിൻ്റെ മകൻ, 35തേരഹ് നാഹോരിൻ്റെ മകൻ, നാഹോർ സെരൂഗിൻ്റെ മകൻ, സെരൂഗ് രെഗുവിൻ്റെ മകൻ, രെഗു ഫാലെഗിൻ്റെ മകൻ, ഫാലെഗ് ഏബെരിൻ്റെ മകൻ, ഏബെർ ശലാമിൻ്റെ മകൻ, ശലാം കയിനാൻ്റെ മകൻ, 36കയിനാൻ അർഫക്സാദിൻ്റെ മകൻ, അർഫക്സാദ് ശേമിന്‍റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിൻ്റെ മകൻ, 37ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിൻ്റെ മകൻ, ഹാനോക്ക് യാരെദിൻ്റെ മകൻ, യാരെദ് മലെല്യേലിൻ്റെ മകൻ, മലെല്യേൽ കയിനാൻ്റെ മകൻ, 38കയിനാൻ ഏനോശിൻ്റെ മകൻ, എനോശ് ശേത്തിൻ്റെ മകൻ, ശേത്ത് ആദാമിന്‍റെ മകൻ, ആദാം ദൈവത്തിന്‍റെ മകൻ.
Currently Selected:
ലൂക്കൊ. 3: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.