YouVersion Logo
Search Icon

യോനാ 1

1
യോനാ ദൈവസന്നിധിയില്‍ നിന്ന് ഓടിപ്പോകുന്നു
1അമിത്ഥായുടെ മകനായ യോനായ്ക്ക് യഹോവയുടെ അരുളപ്പാട് ഉണ്ടായത് ഇപ്രകാരമായിരുന്നു: 2“നീ മഹാനഗരമായ നീനെവേയിൽ ചെന്നു അതിന് വിരോധമായി പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്‍റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”
3എന്നാൽ യോനാ യഹോവയുടെ വാക്കനുസരിച്ച് നിനെവേയിലേക്കു പോകാതെ യോപ്പ തുറമുഖത്തേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു യാത്രക്കൂലി കൊടുത്ത് യഹോവയുടെ സന്നിധിയിൽ നിന്നും തർശ്ശീശിലേക്കു പൊയ്ക്കളവാൻ അതിൽ കയറി.
4യഹോവ സമുദ്രത്തിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു, കടൽ ക്ഷോഭിച്ചു. കപ്പൽ തകർന്നുപോകുന്ന അവസ്ഥയിലായി. 5കപ്പലിൽ ഉള്ളവർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്‍റെ ദേവനോട് നിലവിളിച്ചു. കപ്പലിന് ഭാരം കുറയ്ക്കേണ്ടതിന് അവർ അതിലെ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്‍റെ അടിത്തട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. 6കപ്പിത്താൻ അവന്‍റെ അടുക്കൽവന്ന് അവനോട്: “നീ ഈ സമയത്തു ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റ് നിന്‍റെ ദേവനെ വിളിച്ചപേക്ഷിക്ക. ഒരുപക്ഷേ നാം നശിച്ചുപോകാതെ ദേവന്‍ നമ്മെ കടാക്ഷിച്ചാലോ.”
7അനന്തരം അവർ: “വരുവിൻ, ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിന് നാം നറുക്കിടുക” എന്ന് തമ്മിൽതമ്മിൽ പറഞ്ഞു. അങ്ങനെ അവർ നറുക്കിട്ടു. യോനായ്ക്ക് നറുക്കു വീണു. 8അവർ അവനോട് “ആരുടെനിമിത്തം ഈ അനർത്ഥം നമ്മുടെമേൽ വന്നു എന്ന് നീ പറഞ്ഞുതരേണം. നിന്‍റെ തൊഴിൽ എന്ത്? നീ എവിടെ നിന്ന് വരുന്നു? നിന്‍റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ?” എന്നു ചോദിച്ചു.
9അവൻ അവരോട് “ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗ്ഗീയദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു” എന്നു പറഞ്ഞു. ദൈവകൽപ്പന ധിക്കരിച്ച് തിരുസന്നിധിയിൽ നിന്ന് താൻ ഓടിപ്പോകയാണെന്ന് യോന അവരോട് പറഞ്ഞു.
10അപ്പോൾ ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: “നീ എന്തിന് അങ്ങനെ ചെയ്തു?” എന്നു ചോദിച്ചു. 11എന്നാൽ കടൽ മേല്ക്കുമേൽ അധികം ക്ഷോഭിച്ചതുകൊണ്ട് അവർ അവനോട്: “കടൽ ശാന്തമാവാൻ തക്കവണ്ണം ഞങ്ങൾ എന്ത് ചെയ്യേണ്ടു?” എന്നു ചോദിച്ചു.
12അവൻ അവരോട്: “എന്നെ എടുത്ത് കടലിൽ ഇടുക. അപ്പോൾ കടൽ അടങ്ങും. എന്‍റെ നിമിത്തമാണ് ഈ കടൽക്ഷോഭം ഉണ്ടായിരിക്കുന്നത് എന്നു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
13യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു. എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല. 14അവർ യഹോവയോടു നിലവിളിച്ചു: “അയ്യോ യഹോവേ, ഈ മനുഷ്യന്‍റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ, എങ്കിലും നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ. യഹോവേ, നിനക്ക് ഇഷ്ടമായത് നീ ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
15പിന്നെ അവർ യോനയെ എടുത്ത് കടലിൽ ഇട്ടുകളകയും കടലിന്‍റെ കോപം അടങ്ങുകയും ചെയ്തു. 16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവക്കു യാഗം കഴിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
17യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്‍റെ വയറ്റിൽ കിടന്നു.

Currently Selected:

യോനാ 1: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in