ന്യായാ. 14
14
ശിംശോന്റെ വിവാഹം
1അനന്തരം ശിംശോൻ തിമ്ന ഗ്രാമത്തിലേക്ക് ചെന്നു, അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. 2അവൻ വന്ന് തന്റെ അപ്പനോടും അമ്മയോടും പറഞ്ഞു: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം.”
3അവന്റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ?” എന്നു ചോദിച്ചു.
അതിന് ശിംശോൻ തന്റെ അപ്പനോട്: “അവളെ എനിക്ക് ഭാര്യയായി വേണം; അവളെ എനിക്ക് ഇഷ്ടമായിരിക്കുന്നു” എന്നു പറഞ്ഞു. 4ഇത് യഹോവയാൽ വന്നതാണെന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ, യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു.
5അങ്ങനെ ശിംശോൻ അവന്റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി. തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്റെനേരെ അലറിവന്നു. 6അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു. താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല. 7പിന്നെ അവൻ ചെന്നു ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശിംശോന് ഇഷ്ടമായി.
8കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിക്കുവാൻ തിരികെ പോയപ്പോൾ, സിംഹത്തിന്റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. 9അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല. 10അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു. ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു. യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. 11അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.
12ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന്റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. 13ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം” എന്നു പറഞ്ഞു.
അവർ അവനോട്: “നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ” എന്നു പറഞ്ഞു.
14അവൻ അവരോട്:
“ഭോക്താവിൽനിന്ന് ഭോജനവും
മല്ലനിൽനിന്ന് മധുരവും പുറപ്പെട്ടു” എന്നു പറഞ്ഞു.
എന്നാൽ ഉത്തരം പറവാൻ മൂന്നു ദിവസത്തോളം അവർക്ക് കഴിഞ്ഞില്ല. 15ഏഴാം ദിവസത്തിലോ#14:15 ഏഴാം ദിവസത്തിലോ നാലാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്നു പറഞ്ഞു.
16ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
അവൻ അവളോട്: “എന്റെ അപ്പനോടും അമ്മയോടും ഞാൻ അത് പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്ക് പറഞ്ഞുതരുമോ?” എന്നു പറഞ്ഞു. 17വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട്, ഏഴാം ദിവസം അവൻ അവൾക്കും, അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു.
18ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്:
“തേനിനെക്കാൾ മധുരമുള്ളത് എന്ത്?
സിംഹത്തെക്കാൾ ബലമുള്ളത് എന്ത്?” എന്നു പറഞ്ഞു.
അതിന് അവൻ അവരോട്:
”നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ#14:18 പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ
എന്റെ കടം വീട്ടുകയില്ലായിരുന്നു” എന്നു പറഞ്ഞു.
19പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ ശക്തമായി വന്നു; അവൻ അസ്കലോന് പട്ടണത്തിലേക്ക് ചെന്നു മുപ്പതു പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി. 20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു.
Currently Selected:
ന്യായാ. 14: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.