YouVersion Logo
Search Icon

ന്യായാ. 10

10
തോലാ
1അബീമേലെക്കിന്‍റെ മരണശേഷം യിസ്സാഖാർ ഗോത്രത്തിൽ ദോദോവിന്‍റെ മകനായ പൂവാവിന്‍റെ മകൻ തോലാ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു. അവൻ എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു പാർത്തത്. 2അവൻ യിസ്രായേലിനു ഇരുപത്തിമൂന്നു വർഷം ന്യായപാലനം ചെയ്തു; പിന്നീട് അവൻ മരിച്ചു, ശാമീരിൽ അവനെ അടക്കം ചെയ്തു.
യായീർ
3തോലയുടെ മരണശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റ് യിസ്രായേലിനു ഇരുപത്തിരണ്ടു വർഷം ന്യായപാലനം ചെയ്തു. 4അവന്, ഓരോ കഴുത സ്വന്തമായുള്ള മുപ്പതു പുത്രന്മാരും, അവർക്ക് മുപ്പതു പട്ടണങ്ങളും ഉണ്ടായിരുന്നു; ഗിലെയാദ്‌ദേശത്തുള്ള ഈ പട്ടണങ്ങൾ ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്ന പേരിൽ അറിയപ്പെടുന്നു. 5യായീർ മരിച്ചു, കാമോന്‍ പട്ടണത്തില്‍ അവനെ അടക്കം ചെയ്തു.
യിഫ്താഹ്
6യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു ബാൽവിഗ്രഹങ്ങളെയും, അസ്തോരെത്ത് ദേവിയേയും അരാമ്യരുടേയും സീദോന്യരുടേയും മോവാബ്യരുടേയും അമ്മോന്യരുടേയും ഫെലിസ്ത്യരുടേയും ദേവന്മാരെയും സേവിച്ചു; യഹോവയെ സേവിക്കാതെ ഉപേക്ഷിച്ചു. 7അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; യഹോവ അവരെ ഫെലിസ്ത്യരുടെയും അമ്മോന്യരുടെയും കയ്യിൽ ഏല്പിച്ചു. 8അവർ ആ വർഷംമുതൽ പതിനെട്ട് വർഷം യോർദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തെ എല്ലാ യിസ്രായേൽമക്കളെയും, ഉപദ്രവിച്ചു ഞെരുക്കി. 9കൂടാതെ, യിസ്രായേൽ വളരെ കഷ്ടത്തിൽ ആകത്തക്കവണ്ണം അമ്മോന്യർ, യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‌വാൻ യോർദ്ദാൻ കടന്നു. 10യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് അങ്ങേയോട് പാപം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
11യഹോവ യിസ്രായേൽ മക്കളോട് അരുളിച്ചെയ്തത്: “മിസ്രയീമ്യർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കയ്യിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ? 12കൂടാതെ സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി; നിങ്ങൾ എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കയ്യിൽനിന്നും രക്ഷിച്ചു. 13എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കയില്ല. 14നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിൻ; അവർ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.”
15യിസ്രായേൽ മക്കൾ യഹോവയോട്: “ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; അങ്ങേയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇന്ന് മാത്രം ഞങ്ങളെ വിടുവിക്കേണമേ” എന്നു പറഞ്ഞു. 16അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ്, യഹോവയെ സേവിച്ചു; ആകയാൽ അവരുടെ അരിഷ്ടതയിൽ യഹോവക്ക് സഹതാപം തോന്നി.
17അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി. 18ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽതമ്മിൽ: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നവൻ ആർ? അവൻ ഗിലെയാദ് നിവാസികൾക്ക് തലവനാകും” എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for ന്യായാ. 10