YouVersion Logo
Search Icon

യാക്കോ. 2

2
മുഖപക്ഷം എന്ന പാപം
1എന്‍റെ സഹോദരന്മാരേ, തേജസ്സുള്ളവനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്.
2നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രവും പൊന്മോതിരവും ധരിച്ചുകൊണ്ട് ഒരുവനും, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ദരിദ്രനും വന്നാൽ, 3നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ ഇരുന്നാലും എന്നും, ദരിദ്രനോട്: നീ അവിടെ നിൽക്കുക; അല്ലെങ്കിൽ എന്‍റെ പാദപീഠത്തിൽ ഇരിക്കുക എന്നും പറയുന്നു എങ്കിൽ, 4നിങ്ങൾ നിങ്ങളുടെ ഇടയിൽ വേർതിരിവ് ഉണ്ടാക്കുകയും ദുഷ്ടവിചാരത്തോടെ വിധിക്കുകയും അല്ലയോ ചെയ്യുന്നത്?
5എന്‍റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. 6ധനവാന്മാർ അല്ലയോ നിങ്ങളെ പീഢിപ്പിക്കുന്നത്? അവർ അല്ലയോ നിങ്ങളെ കോടതികളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്? 7നിങ്ങളുടെമേൽ വിളിക്കപ്പെട്ടിരിക്കുന്ന നല്ല നാമത്തെ അവർ അല്ലയോ ദുഷിക്കുന്നത്?
8എന്നാൽ “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിൻപ്രകാരമുള്ള രാജകീയ ന്യായപ്രമാണം നിങ്ങൾ നിവർത്തിയ്ക്കുന്നു എങ്കിൽ നിങ്ങൾ നന്നായി ചെയ്യുന്നു. 9മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്താൽ തെളിയുന്നു.
10എന്തെന്നാൽ ഒരുവൻ ന്യായപ്രമാണം മുഴുവനും അനുസരിച്ച് നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിനും കുറ്റക്കാരനായിത്തീരുന്നു; 11വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നുവല്ലോ. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കിൽ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീരുന്നു. 12സ്വാതന്ത്ര്യത്തിൻ്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്‌വിൻ. 13കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും എന്നതിനാൽ തന്നെ; കരുണ ന്യായവിധിയെ ജയിക്കുന്നു!
വിശ്വാസവും പ്രവൃത്തിയും
14എന്‍റെ സഹോദരന്മാരേ, ഒരുവൻ തനിക്കു വിശ്വാസം ഉണ്ട് എന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്ത് പ്രയോജനം? ആ വിശ്വാസത്താൽ അവനു രക്ഷ പ്രാപിക്കുവാൻ സാധിക്കുമോ? 15ഒരു സഹോദരനോ, സഹോദരിയോ വസ്ത്രവും ദൈനംദിന ആഹാരവും ഇല്ലാതിരിക്കെ നിങ്ങളിൽ ഒരുവൻ അവരോട്: 16“സമാധാനത്തോടെ പോയി തണുപ്പകറ്റുകയും വിശപ്പടക്കുകയും ചെയ്‌വിൻ” എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവർക്ക് കൊടുക്കാതിരുന്നാൽ ഉപകാരമെന്ത്? 17അങ്ങനെ പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതവേ നിർജ്ജീവമാകുന്നു.
18എന്നാൽ ഒരുവൻ: “നിനക്കു വിശ്വാസം ഉണ്ട്; എനിക്ക് പ്രവൃത്തികൾ ഉണ്ട്” എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചുതരാം. 19ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ? കൊള്ളാം; ഭൂതങ്ങളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.
20വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്ന് ഗ്രഹിക്കുവാൻ നിനക്കു മനസ്സുണ്ടോ? 21നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്. 22അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ. 23“അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു” എന്നുള്ള തിരുവെഴുത്ത് നിവൃത്തിയാവുകയും, അവനു ദൈവത്തിന്‍റെ സ്നേഹിതൻ എന്നു പേർ ലഭിക്കുകയും ചെയ്തു. 24അങ്ങനെ മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
25അതുപോലെ രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്ളുകയും വേറൊരു വഴിയായി പറഞ്ഞയക്കുകയും ചെയ്തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്? 26ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതു പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in