യെശ. 44
44
തിരഞ്ഞെടുക്കപ്പെട്ട യിസ്രായേൽ
1“ഇപ്പോൾ, എന്റെ ദാസനായ യാക്കോബേ,
ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്കുക.
2നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും
നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ#44:2 യെശുരൂനേ യിസ്രായേലേ, നീ ഭയപ്പെടണ്ടാ.
3ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും
വരണ്ട നിലത്തു നീരൊഴുക്കുകളും പകരും;
നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും
നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
4അവർ പുൽമേടുകൾക്കിടയിലെ പുല്ലുപോലെ പൊട്ടിമുളയ്ക്കും,
അരുവികൾക്കരികെയുള്ള അലരിവൃക്ഷങ്ങൾപോലെ തഴച്ചുവളരും.
5‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്നു ഒരുത്തൻ പറയും;
മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും;
വേറൊരുത്തൻ തന്റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്നു എഴുതി,
യിസ്രായേൽ എന്നു മറുപേർ എടുക്കും.
വിഗ്രഹങ്ങളെ വിട്ടുതിരിയുക
6യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു:
ഞാൻ ആദ്യനും അന്ത്യനും ആകുന്നു;
ഞാനല്ലാതെ ഒരു ദൈവവുമില്ല.
7ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ
ഞാൻ എന്നപോലെ വിളിച്ചുപറയുകയും പ്രസ്താവിക്കുകയും
എനിക്കുവേണ്ടി ഒരുക്കിവയ്ക്കുകയും ചെയ്യുന്നവൻ ആര്?
സംഭവിക്കുന്നതും സംഭവിക്കുവാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
8നിങ്ങൾ ഭയപ്പെടണ്ടാ; പേടിക്കുകയും വേണ്ടാ;
പണ്ടുതന്നെ ഞാൻ നിന്നോട് പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ?
നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു;
പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല#44:8 പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല സങ്കീര്ത്തനം 18:2 നോക്കുക;
ഞാൻ ഒരുത്തനെയും അറിയുന്നില്ല.”
9വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ. 10ഒരു ദേവനെ നിർമ്മിക്കുകയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആര്? 11ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും. 12കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേലചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു. 13ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കുകയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു. 14ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരുവേലകവും എടുക്കുകയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ടു ഉറപ്പിക്കുകയും ഒരു അശോകം നട്ടുപിടിപ്പിക്കുകയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു. 15പിന്നെ അത് മനുഷ്യന് തീ കത്തിക്കുവാൻ ഉപകരിക്കുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അത് കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു. 16അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടു തിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; “നല്ല തീ, കുളിർ മാറി” എന്നു പറയുന്നു. 17അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കുകയും അതിനോട് പ്രാർത്ഥിച്ച്: “എന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലയോ” എന്നു പറയുകയും ചെയ്യുന്നു.
18അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാത്തവിധം അവരുടെ കണ്ണുകളെയും ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളെയും അവിടുന്ന് അടച്ചിരിക്കുന്നു. 19ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: “ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ!” എന്നിങ്ങനെ പറയുവാൻ തക്കവിധം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല. 20അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല.
സ്രഷ്ടാവും രക്ഷകനും
21“യാക്കോബേ, ഇത് ഓർത്തുകൊള്ളുക;
യിസ്രായേലേ, നീ എന്റെ ദാസനല്ലയോ;
ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ;
യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.
22ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും
മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു;
എങ്കലേക്ക് തിരിഞ്ഞുകൊള്ളുക;
ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.”
23ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു
ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ;
പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ,
പൊട്ടിയാർക്കുവിൻ;
യഹോവ യാക്കോബിനെ വീണ്ടെടുത്തു
യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു.
24നിന്റെ വീണ്ടെടുപ്പുകാരനും
ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു;
ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും
ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു;
ആര് എന്നോടുകൂടെ ഉണ്ടായിരുന്നു?
25ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും
പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും
ജ്ഞാനികളെ മടക്കി
അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
26ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ച്
എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു;
യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും
യെഹൂദാനഗരങ്ങൾ പണിയപ്പെടും,
ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
27ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക;
നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു.
28കോരെശ് എന്റെ ഇടയൻ;
അവൻ എന്റെ ഹിതമെല്ലാം നിവർത്തിക്കും എന്നും
യെരൂശലേം പണിയപ്പെടും,
മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.”
Currently Selected:
യെശ. 44: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.