YouVersion Logo
Search Icon

ഹോശേ. 7

7
ദുഷ്ടതയോടുള്ള യിസ്രായേലിന്‍റെ സ്നേഹം
1ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ,
എഫ്രയീമിന്‍റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും
ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു;
അവർ വ്യാജം പ്രവർത്തിക്കുന്നു;
അകത്ത് കള്ളൻ കടക്കുന്നു;
പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
2എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്
അവർ മനസ്സിൽ ചിന്തിക്കുന്നില്ല;
ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു;
അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു.
3അവർ ദുഷ്ടതകൊണ്ട് രാജാവിനെയും
ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
4അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു;
അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു.
മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം
അപ്പക്കാരൻ തീ ആളികത്തിക്കാതിരിക്കുന്നതുപോലെ.
5നമ്മുടെ രാജാവിന്‍റെ ഉത്സവദിവസത്തിൽ
പ്രഭുക്കന്മാർ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നു;
അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.
6അവർ പതിയിരിക്കുന്ന സമയത്ത്
അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു;
അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു;
രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു.
7അവരെല്ലാം അടുപ്പുപോലെ ചൂടുപിടിച്ച്,
തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു;
അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു;
അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.
8എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു;
എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
9അന്യജനത അവന്‍റെ ബലം തിന്നുകളഞ്ഞെങ്കിലും
അവൻ അത് അറിയുന്നില്ല;
അവന്‍റെ തല അവിടവിടെ നരച്ചിരിക്കുന്നു
എങ്കിലും അവൻ അത് അറിയുന്നില്ല.
10യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്ത് പ്രകടമായിരിക്കുന്നു;
എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല;
ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.
11എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു;
അവർ മിസ്രയീമിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു.
12അവർ പോകുമ്പോൾ ഞാൻ എന്‍റെ വല അവരുടെ മേൽ വീശും;
ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും;
അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ
ഞാൻ അവരെ ശിക്ഷിക്കും.
13അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം;
അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം;
ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും
അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു.
14അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ
കിടക്കയിൽവച്ച് അലമുറയിടുന്നു;
അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു;
അവർ എന്നോട് മത്സരിക്കുന്നു.
15ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും,
അവർ എന്‍റെ നേരെ ദോഷം നിരൂപിക്കുന്നു.
16അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്‍റെ അടുക്കലേക്ക് അല്ലതാനും;
അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു;
അവരുടെ പ്രഭുക്കന്മാർ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും;
അത് മിസ്രയീം ദേശത്ത്
അവർക്ക് പരിഹാസഹേതുവായിത്തീരും.

Currently Selected:

ഹോശേ. 7: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in