ഹോശേ. 10
10
യിസ്രായേലിനെതിരായ യഹോവയുടെ ന്യായവിധി
1യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു;
അവൻ ഫലം കായിക്കുന്നു;
തന്റെ ഫലം വർദ്ധിച്ചപ്പോൾ
അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു;
തന്റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ
അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി.
2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു;
ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും;
അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും
അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.
3ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ;
രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?” എന്ന് പറയും.
4അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്,
ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു;
അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധി
വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.
5ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു;
അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു;
അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട്
അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു.
6ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും;
എഫ്രയീം ലജ്ജിക്കും;
യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച്#10:6 സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ആലോചനയെക്കുറിച്ച് ലജ്ജിക്കും.
7ശമര്യയുടെ കാര്യമോ, അതിന്റെ രാജാവ്
വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും.
8യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും;
മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും;
അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും.
9യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു;
അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു;
ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല;
10ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും;
അവരുടെ രണ്ടു അകൃത്യങ്ങൾ നിമിത്തം
ഞാൻ അവരെ ശിക്ഷിക്കുമ്പോൾ
ജനതകള്‍ അവർക്കെതിരെ കൂടിവരും.
11എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു;
ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും;
ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും;
യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
12നീതിയിൽ വിതയ്ക്കുവിൻ;
ദയക്കൊത്തവണ്ണം കൊയ്യുവിൻ;
നിങ്ങളുടെ തരിശുനിലം ഉഴുവിൻ;
യഹോവ വന്ന് നിങ്ങളുടെമേൽ
നീതി വർഷിപ്പിക്കേണ്ടതിന്
അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു.
13നിങ്ങൾ ദുഷ്ടത ഉഴുത്,
നീതികേട് കൊയ്ത്,
ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു;
നിങ്ങൾ സ്വന്ത വഴിയിലും
നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു.
14അതുകൊണ്ട് നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും;
യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ
നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും;
അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ.
15അങ്ങനെ തന്നെ ബേഥേലേ!
നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും;
പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.
Currently Selected:
ഹോശേ. 10: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.