YouVersion Logo
Search Icon

ഉല്പ. 50

50
യാക്കോബിനെ സംസ്കരിക്കുന്നു
1അപ്പോൾ യോസേഫ് തന്‍റെ അപ്പന്‍റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു. 2പിന്നെ തന്‍റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്‍റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു. 3അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്രയും ദിവസം വേണ്ടി വന്നു. മിസ്രയീമ്യർ അവനെക്കുറിച്ച് എഴുപത് ദിവസം വിലാപം കഴിച്ചു.
4അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്‍റെ ഭവനക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോട് ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്: 5‘എന്‍റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കേണം” എന്നു പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്‍റെ അപ്പനെ സംസ്കരിച്ചശേഷം മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്നു ഉണർത്തിക്കുവിൻ” എന്നു പറഞ്ഞു.
6“നിന്‍റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
7അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്‍റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും 8മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്‍റെ കുടുംബം ഒക്കെയും അവന്‍റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; അവരുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി. 9രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു.
10അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്‍റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു. 11ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു മിസ്രയീമ്യരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അത് യോർദ്ദാനക്കരെ ആകുന്നു.
12യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്‍റെ പുത്രന്മാർ അവനുവേണ്ടി ചെയ്തു. 13അവന്‍റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.
14യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്‍റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു. 15അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്‍റെ സഹോദരന്മാർ കണ്ടിട്ട്: “ചിലപ്പോൾ യോസേഫ് നമ്മെ വെറുത്ത്, നാം അവനോട് ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരംചെയ്യും” എന്നു പറഞ്ഞു. 16അവർ യോസേഫിന്‍റെ അടുക്കൽ ആളയച്ച്: “അപ്പൻ മരിക്കുംമുമ്പ്: ‘നിന്‍റെ സഹോദരന്മാർ നിന്നോട് ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു. 17ആകയാൽ അപ്പന്‍റെ ദൈവത്തിന്‍റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18അവന്‍റെ സഹോദരന്മാർ ചെന്നു അവന്‍റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്കു അടിമകൾ” എന്നു പറഞ്ഞു.
19യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്‍റെ സ്ഥാനത്ത് ഇരിക്കുന്നുവോ? 20നിങ്ങൾ എന്‍റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ നന്മയാക്കിതീർത്തു. 21ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22യോസേഫും അവന്‍റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു. 23എഫ്രയീമിന്‍റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്‍റെ മക്കളും യോസേഫിന്‍റെ മടിയിൽ വളർന്നു.
24അനന്തരം യോസേഫ് തന്‍റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു. 25“ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്‍റെ അസ്ഥികളെ ഇവിടെനിന്ന് കൊണ്ടുപോകേണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
26യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവനു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.

Currently Selected:

ഉല്പ. 50: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in