YouVersion Logo
Search Icon

ഉല്പ. 34

34
ദീനായും ശേഖേമ്യരും
1ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണുവാൻ പോയി. 2അപ്പോൾ ഹിവ്യനായ ഹാമോരിന്‍റെ മകനും ദേശത്തിന്‍റെ പ്രഭുവുമായ ശെഖേം അവളെ കണ്ടിട്ട് പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു കളങ്കം വരുത്തി. 3അവന്‍റെ ഉള്ളം യാക്കോബിന്‍റെ മകളായ ദീനായോടു പറ്റിച്ചേർന്നു; അവൻ ബാലികയെ സ്നേഹിച്ചു, ബാലികയോടു ഹൃദ്യമായി സംസാരിച്ചു. 4ശെഖേം തന്‍റെ അപ്പനായ ഹമോരിനോട്: “ഈ ബാലയെ എനിക്ക് ഭാര്യയായിട്ട് എടുക്കേണം” എന്നു പറഞ്ഞു.
5തന്‍റെ മകളായ ദീനായെ അവൻ മാനഭംഗപ്പെടുത്തി എന്നു യാക്കോബ് കേട്ടു; അവന്‍റെ പുത്രന്മാർ ആട്ടിൻകൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുന്നതുവരെ യാക്കോബ് മൗനമായിരുന്നു. 6ശെഖേമിന്‍റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്‍റെ അടുക്കൽ വന്നു. 7യാക്കോബിന്‍റെ പുത്രന്മാർ വിവരം അറിഞ്ഞ് വയലിൽനിന്നു വന്നു. ശേഖേം യാക്കോബിന്‍റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് ആ പുരുഷന്മാർക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.
8ഹമോർ അവരോടു സംസാരിച്ചു: “എന്‍റെ മകൻ ശെഖേമിന്‍റെ മനസ്സ് നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവനു ഭാര്യയായി കൊടുക്കേണം. 9ഞങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യുവിൻ. 10നിങ്ങൾക്ക് ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിക്കുവിൻ” എന്നു പറഞ്ഞു.
11ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: “നിങ്ങൾക്ക് എന്നോട് കൃപ തോന്നിയാൽ നിങ്ങൾ പറയുന്നത് ഞാൻ തരാം. 12എന്നോട് സ്ത്രീധനവും സമ്മാനവും എത്രയെങ്കിലും ചോദിക്കുവിൻ; നിങ്ങൾ പറയുന്നതുപോലെ ഞാൻ തരാം; ബാലയെ എനിക്ക് ഭാര്യയായിട്ടു തരേണം” എന്നു പറഞ്ഞു.
13തങ്ങളുടെ സഹോദരിയായ ദീനായെ ഇവൻ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാർ ശെഖേമിനോടും അവന്‍റെ അപ്പനായ ഹമോരിനോടും സംസാരിച്ചു വ്യാജമായി ഉത്തരം പറഞ്ഞത്: 14“ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷന് കൊടുക്കുന്ന കാര്യം ഞങ്ങൾക്കു സാധിക്കുന്നതല്ല; അത് ഞങ്ങൾക്ക് അപമാനമാകുന്നു. എങ്കിലും ഒന്ന് ചെയ്താൽ ഞങ്ങൾ സമ്മതിക്കാം.
15നിങ്ങളുടെ പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയി തീരുമെങ്കിൽ 16ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ എടുക്കുകയും നിങ്ങളോടുകൂടെ താമസിച്ച് ഒരു ജനമായി തീരുകയും ചെയ്യാം. 17പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാതിരുന്നാലോ ഞങ്ങൾ ഞങ്ങളുടെ ബാലികയെ കൂട്ടിക്കൊണ്ടുപോരും.”
18അവരുടെ വാക്കുകൾ ഹമോരിനും ഹാമോരിന്‍റെ മകനായ ശെഖേമിനും ബോധിച്ചു. 19ആ യുവാവിനു യാക്കോബിന്‍റെ മകളോട് അനുരാഗം വർദ്ധിച്ചതുകൊണ്ട് അവൻ ആ കാര്യം നടത്തുവാൻ താമസം വരുത്തിയില്ല; അവൻ തന്‍റെ പിതൃഭവനത്തിൽ എല്ലാവരെക്കാളും ബഹുമാന്യനായിരുന്നു. 20അങ്ങനെ ഹമോരും അവന്‍റെ മകനായ ശെഖേമും തങ്ങളുടെ പട്ടണവാതില്‍ക്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: 21“ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതാണല്ലോ; അവരുടെ പുത്രിമാരെ നമുക്ക് ഭാര്യമാരായി എടുക്കുകയും നമ്മുടെ പുത്രിമാരെ അവർക്ക് കൊടുക്കുകയും ചെയ്യുക. 22എങ്കിലും അവരെപ്പോലെ തന്നെ നമ്മുടെയിടയിലുള്ള പുരുഷന്മാർ എല്ലാവരും പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ വസിച്ച് ഒരു ജനമായിരിക്കുവാൻ സമ്മതിക്കുകയുള്ളു. 23അവരുടെ ആട്ടിൻകൂട്ടവും സമ്പത്തും മൃഗങ്ങൾ എല്ലാം നമുക്ക് ആകുകയില്ലയോ? അവർ പറയുന്നതുപോലെ സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും” എന്നു പറഞ്ഞു.
24അപ്പോൾ ഹാമോരിന്‍റെ പട്ടണത്തിലുള്ളവർ എല്ലാവരും അവൻ്റെയും മകൻ ശെഖേമിൻ്റെയും വാക്കു കേട്ടു പട്ടണവാസികളിൽ ആണെല്ലാം പരിച്ഛേദന ഏറ്റു.
25മൂന്നാംദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്‍റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും അവരവരുടെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്‍റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു. 26അവർ ഹാമോരിനെയും അവന്‍റെ മകനായ ശേഖേമിനെയും വാളിന്‍റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്‍റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ട് പോന്നു.
27പിന്നെ യാക്കോബിന്‍റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്നു, അവരുടെ സഹോദരിയെ മാനഭംഗപ്പെടുത്തിയതുകൊണ്ടു പട്ടണം കൊള്ള ചെയ്തു. 28യാക്കോബിന്‍റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. 29അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും ഭാര്യമാരെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.
30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്ക് വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്‍റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
31അതിന് അവർ: “ഞങ്ങളുടെ സഹോദരിയോട് അവൻ ഒരു വേശ്യയോട് എന്നപോലെയല്ലേയൊ പെരുമാറിയത്?” എന്നു ചോദിച്ചു.

Currently Selected:

ഉല്പ. 34: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in