YouVersion Logo
Search Icon

ഉല്പ. 29

29
യാക്കോബ് ലാബാൻ്റെ ഭവനത്തിൽ
1പിന്നെ യാക്കോബ് യാത്ര തുടർന്ന് പൗരസ്ത്യദേശത്ത് എത്തി. 2അവൻ വെളിമ്പ്രദേശത്ത് ഒരു കിണർ കണ്ടു. അതിനരികിൽ മൂന്നു ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുത്തിരുന്നത്; എന്നാൽ കിണറിന്‍റെ തലക്കലുള്ള കല്ല് വലുതായിരുന്നു.
3ആട്ടിൻകൂട്ടങ്ങൾ വരുമ്പോഴെല്ലാം ഇടയന്മാർ കിണറിന്‍റെ തലക്കൽ നിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് തലയ്ക്കൽ അതിന്‍റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും. 4യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്ന് വരുന്നു?” എന്നു ചോദിച്ചു.
അതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്നു അവർ പറഞ്ഞു.
5അവൻ അവരോട്: “നിങ്ങൾ നാഹോരിൻ്റെ മകനായ ലാബാനെ അറിയുമോ?” എന്നു ചോദിച്ചു.
അതിന്: “അറിയും” എന്നു അവർ പറഞ്ഞു. 6അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ?” എന്നു ചോദിച്ചു.
“സുഖം തന്നെ; അവന്‍റെ മകൾ റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” എന്നു അവർ അവനോട് പറഞ്ഞു.
7“പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ച് കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്നു അവൻ പറഞ്ഞു.
8അതിന് അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു.
9അവൻ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്‍റെ അപ്പന്‍റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. 10തന്‍റെ അമ്മയുടെ സഹോദരനായ ലാബാൻ്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകൾക്കു വെള്ളം കൊടുത്തു. 11യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. 12താൻ അവളുടെ അപ്പന്‍റെ ബന്ധുവും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു.
13ലാബാൻ തന്‍റെ സഹോദരിയുടെ മകനായ യാക്കോബിന്‍റെ വിവരം കേട്ടപ്പോൾ അവനെ എതിരേൽക്കുവാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. 14ലാബാൻ അവനോട്: “നീ എന്‍റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്‍റെ അടുക്കൽ താമസിച്ചു. 15പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്‍റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കണമോ? നിനക്കു എന്ത് പ്രതിഫലം വേണം? എന്നോട് പറക” എന്നു പറഞ്ഞു.
16എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. 17ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. 18യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്‍റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്നു അവൻ പറഞ്ഞു.
19അതിന് ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നത് നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു. 20അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിച്ചതുകൊണ്ട് അത് അവനു അല്പകാലംപോലെ തോന്നി.
21അനന്തരം യാക്കോബ് ലാബാനോട്: “എന്‍റെ സമയം തികഞ്ഞിരിക്കുകയാൽ ഞാൻ എന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം” എന്നു പറഞ്ഞു.
22അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. 23എന്നാൽ രാത്രിയിൽ അവൻ തന്‍റെ മകൾ ലേയയെ കൂട്ടി യാക്കോബിന്‍റെ അടുക്കൽ കൊണ്ടുപോയി വിട്ടു; യാക്കോബ് അവളെ സ്വീകരിച്ചു. 24ലാബാൻ തന്‍റെ മകൾ ലേയായ്ക്ക് തന്‍റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
25നേരം വെളുത്തപ്പോൾ അത് ലേയാ എന്നു കണ്ടു അവൻ ലാബാനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു?” എന്നു പറഞ്ഞു.
26അതിന് ലാബാൻ: “മൂത്തവൾക്കു മുമ്പ് ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല. വിവാഹ കർമ്മങ്ങളുടെ ആഴ്ചവട്ടം പൂർത്തീകരിക്കുന്നതു വരെ നീ കാത്തിരിക്കുക 27എന്നാൽ അടുത്ത് ഏഴു വർഷംകൂടി നീ എനിക്കുവേണ്ടി സേവനം ചെയ്യുമെങ്കിൽ ഞങ്ങൾ റാഹേലിനേയും നിനക്കു തരും” എന്നു പറഞ്ഞു.
28യാക്കോബ് അങ്ങനെ തന്നെ ചെയ്തു, ലേയയുടെ വിവാഹ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്‍റെ മകൾ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. 29തന്‍റെ മകൾ റാഹേലിന് ലാബാൻ തന്‍റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. 30യാക്കോബ് റാഹേലിന്‍റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാൻ്റെ അടുക്കൽ സേവനം ചെയ്തു.
31ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു. 32ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “യഹോവ എന്‍റെ സങ്കടം കണ്ടു; ഇപ്പോൾ എന്‍റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവനു രൂബേൻ എന്നു പേരിട്ടു.
33അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്ക് തന്നു” എന്നു പറഞ്ഞ് അവനു ശിമെയോൻ എന്നു പേരിട്ടു.
34അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്‍റെ ഭർത്താവ് എന്നോട് പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവനു ലേവി എന്നു പേരിട്ടു.
35അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്നു അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.

Currently Selected:

ഉല്പ. 29: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in