യെഹെ. 7
7
യിസ്രായേലിൻ്റെ അന്ത്യം അടുത്തിരിക്കുന്നു
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2“മനുഷ്യപുത്രാ, യഹോവയായ കർത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
‘ഇതാ അവസാനം! യിസ്രായേൽ ദേശത്തിന്റെ നാലുഭാഗത്തും
അവസാനം വന്നെത്തിയിരിക്കുന്നു!
3ഇപ്പോൾ നിനക്കു അവസാനം വന്നിരിക്കുന്നു;
ഞാൻ എന്റെ കോപം നിന്റെമേൽ അയച്ച്
നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച്
നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോട് പകരം ചെയ്യും.
4എന്റെ കണ്ണ് നിന്നെ ആദരിക്കാതെയും
ഞാൻ കരുണ കാണിക്കാതെയും
നിന്റെ നടപ്പിനു തക്കവണ്ണം നിന്നോട് പകരം ചെയ്യും;
നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും;
ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”
5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഒരു അനർത്ഥം, ഒരു അനർത്ഥം ഇതാ, വരുന്നു!
6അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു!
അത് നിന്റെനേരെ ഉണർന്നുവരുന്നു! ഇതാ, അത് വരുന്നു.
7ദേശനിവാസിയേ, ആപത്തു നിനക്കു വന്നിരിക്കുന്നു;
കാലമായി, സമയം അടുത്തു;
മലകളിൽ ആർപ്പുവിളി; സന്തോഷത്തിന്റെ ആർപ്പുവിളിയല്ല.
8ഇപ്പോൾ ഞാൻ വേഗത്തിൽ എന്റെ ക്രോധം നിന്റെമേൽ പകർന്ന്,
എന്റെ കോപം നിന്നിൽ നിവർത്തിക്കും;
ഞാൻ നിന്റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ച്
നിന്റെ സകലമ്ലേച്ഛതകൾക്കും നിന്നോടു പകരം ചെയ്യും.
9എന്റെ കണ്ണ് ആദരിക്കാതെയും
ഞാൻ കരുണ കാണിക്കാതെയും
നിന്റെ നടപ്പിനു തക്കവണ്ണം ഞാൻ നിന്നോട് പകരം ചെയ്യും;
നിന്റെ മ്ലേച്ഛതകൾ നിന്റെ നടുവിൽ വെളിപ്പെട്ടുവരും;
യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങൾ അറിയും.
10“ഇതാ, നാൾ; ഇതാ, അത് വരുന്നു;
നിന്റെ ആപത്ത് പുറപ്പെട്ടിരിക്കുന്നു;
വടി പൂത്ത് അഹങ്കാരം തളിർത്തിരിക്കുന്നു.
11സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളർന്നിരിക്കുന്നു;
അവരിലോ അവരുടെ കോലാഹലത്തിലോ
അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കുകയില്ല;
അവരെക്കുറിച്ചു വിലാപം ഉണ്ടാകുകയുമില്ല.
12കാലം വന്നിരിക്കുന്നു; നാൾ അടുത്തിരിക്കുന്നു;
അതിന്റെ സകല ജനസമൂഹത്തിന്മേലും ക്രോധം വന്നിരിക്കുകയാൽ
വാങ്ങുന്നവൻ സന്തോഷിക്കുകയും വില്ക്കുന്നവൻ ദുഃഖിക്കുകയും വേണ്ടാ.
13“അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവനു വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല ജനസമൂഹത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരുകയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കുകയില്ല.
14“അവർ കാഹളം ഊതി സകലവും ഒരുക്കുന്നു;
എന്നാൽ എന്റെ ക്രോധം അതിന്റെ സകല ജനസമൂഹത്തിന്മേലും വന്നിരിക്കുകയാൽ
ആരും യുദ്ധത്തിനു പോകുന്നില്ല,
15പുറത്തു വാൾ, അകത്ത് മഹാമാരിയും ക്ഷാമവും;
വയലിൽ ഇരിക്കുന്നവൻ വാൾകൊണ്ടു മരിക്കും;
പട്ടണത്തിൽ ഇരിക്കുന്നവൻ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.
16എന്നാൽ അവരിൽ ചാടിപ്പോകുന്നവർ ചാടിപ്പോകുകയും
ഓരോരുത്തനും അവനവന്റെ അകൃത്യത്തെക്കുറിച്ച്
താഴ്വരകളിലെ പ്രാവുകളെപ്പോലെ
മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.
17എല്ലാകൈകളും തളരും;
എല്ലാമുഴങ്കാലുകളും വെള്ളംപോലെ ബലഹീനമാകും.
18അവർ രട്ടുടുക്കും;
ഭീതി അവരെ മൂടും;
സകലമുഖങ്ങളിലും ലജ്ജയും
എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.
19“അവർ അവരുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും;
പൊന്ന് അവർക്ക് മലമായി തോന്നും;
അവരുടെ വെള്ളിക്കും പൊന്നിനും
യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിക്കുവാൻ കഴിയുകയില്ല;
അതിനാൽ അവരുടെ വിശപ്പ് അടങ്ങുകയില്ല,
അവരുടെ വയറ് നിറയുകയും ഇല്ല;
അത് അവർക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.
20അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി ഉപയോഗിച്ചു;
അതുകൊണ്ട് അവർ അവർക്ക് മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്ക് മലമാക്കിയിരിക്കുന്നു.
21ഞാൻ അത് അന്യന്മാരുടെ കയ്യിൽ കവർച്ചയായും
ഭൂമിയിലെ ദുഷ്ടന്മാർക്ക് കൊള്ളയായും കൊടുക്കും;
അവർ അത് അശുദ്ധമാക്കും.
22ഞാൻ എന്റെ മുഖം അവരിൽ നിന്നു തിരിക്കും.
അവർ എന്റെ അമൂല്യസ്ഥലത്തെ അശുദ്ധമാക്കും;
കവർച്ചക്കാർ അതിനകത്ത് കടന്ന് അതിനെ അശുദ്ധമാക്കും.
23“ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കുകയാൽ
നീ ഒരു ചങ്ങല ഉണ്ടാക്കുക.
24ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും;
അവർ അവരുടെ വീടുകൾ കൈവശമാക്കും;
ഞാൻ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും;
അവരുടെ വിശുദ്ധസ്ഥലങ്ങൾ അശുദ്ധമായിത്തീരും.
25നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും;
എന്നാൽ അത് ഇല്ലാതെ ഇരിക്കും.
26അപകടത്തിന്മേൽ അപകടവും കിംവദന്തിയ്ക്കു പിന്നാലെ കിംവദന്തിയും വന്നുകൊണ്ടിരിക്കും;
അവർ പ്രവാചകനോടു ദർശനം അന്വേഷിക്കും;
എന്നാൽ പുരോഹിതന്റെ പക്കൽനിന്ന് ഉപദേശവും
മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും നഷ്ടമായിപ്പോകും.
27രാജാവു ദുഃഖിക്കും; പ്രഭു നിരാശ്രയനാകും;
ദേശത്തെ ജനത്തിന്റെ കൈകൾ വിറയ്ക്കും;
ഞാൻ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും;
അവർക്ക് ന്യായമായതുപോലെ അവരെ വിധിക്കും;
ഞാൻ യഹോവ എന്നു അവർ അറിയും.“
Currently Selected:
യെഹെ. 7: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.