YouVersion Logo
Search Icon

യെഹെ. 14

14
വിഗ്രഹാരാധകർ കുറ്റംചുമത്തപ്പെടുന്നു
1യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്‍റെ അടുക്കൽവന്ന് എന്‍റെ മുമ്പിൽ ഇരുന്നു. 2അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 3“മനുഷ്യപുത്രാ, ഈ പുരുഷന്മാർ അവരുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ച് അവരുടെ അകൃത്യകാരണം അവരുടെ മുമ്പിൽ വച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? 4അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിൽ തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യകാരണം തന്‍റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്‍റെ അടുക്കൽ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തെ പിടിച്ചടക്കേണ്ടതിന്, അവന്‍റെ വിഗ്രഹങ്ങളുടെ ബഹുത്വത്തിനു തക്കവണ്ണം ഉത്തരം അരുളും; 5അവർ എല്ലാവരും അവരുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.”
6അതിനാൽ നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിയുവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിൽ നിന്നും നിങ്ങളുടെ മുഖം തിരിക്കുവിൻ. 7യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യകാരണം മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്‍റെ അടുക്കൽ അരുളപ്പാടു ചോദിക്കുവാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നെ ഉത്തരം അരുളും. 8ഞാൻ ആ മനുഷ്യന്‍റെ നേരെ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്‍റെ ജനത്തിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
9”എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്‍റെനേരെ കൈ നീട്ടി അവനെ യിസ്രായേൽ ജനത്തിൽനിന്ന് സംഹരിച്ചുകളയും. 10യിസ്രായേൽഗൃഹം ഇനി മേൽ എന്നെവിട്ടു തെറ്റിപ്പോകുകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്ക് ജനവും ഞാൻ അവർക്ക് ദൈവവും ആയിരിക്കേണ്ടതിന് 11അവർ അവരുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവൻ്റെ അകൃത്യവും പ്രവാചകന്‍റെ അകൃത്യവും ഒരുപോലെ ആയിരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
നോഹ, ദാനീയേൽ, ഇയ്യോബ്
12യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 13“മനുഷ്യപുത്രാ ഒരു ദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോൾ ഞാൻ അതിന്‍റെ നേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും. 14നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
15”ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ ഭയന്ന് ആരും വഴിപോകാത്തവിധം അവ അതിനെ നിർജ്ജനമാക്കിയിട്ട് അത് ശൂന്യമാകുകയും ചെയ്താൽ, 16ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്ന്” യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
17”അല്ലെങ്കിൽ ഞാൻ ആ ദേശത്ത് വാൾ വരുത്തി ‘വാളേ, നീ ദേശത്തുകൂടി കടക്കുക’ എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും 18അതിൽനിന്ന് ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർക്ക് പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കുവാൻ സാധിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
19”അല്ലെങ്കിൽ ഞാൻ ആ ദേശത്ത് മഹാമാരി അയച്ച്, അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയുവാൻ തക്കവിധം എന്‍റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ 20നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ അവരുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കുകയുള്ളു” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
21യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിൽ നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാൾ, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടി അയച്ചാലോ? 22എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിനു വരുത്തിയ അനർത്ഥവും അതിന് വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും. 23നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്ക് ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതെല്ലാം വെറുതെയല്ല ചെയ്തത് എന്നു നിങ്ങൾ അറിയും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

Currently Selected:

യെഹെ. 14: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in