YouVersion Logo
Search Icon

പുറ. 5

5
മോശെയും അഹരോനും ഫറവോയുടെ മുമ്പിൽ
1അതിന്‍റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്‍റെ ജനത്തെ വിട്ടയയ്ക്കേണം എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്നു പറഞ്ഞു.
2അതിന് ഫറവോൻ: “യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്നു പറഞ്ഞു. 3അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്നു പറഞ്ഞു. 4മിസ്രയീമിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്നു പറഞ്ഞു. 5“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.
6അന്നു ഫറവോൻ ജനത്തിന്‍റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു: 7“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ. 8എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കേണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്നു നിലവിളിക്കുന്നത്. 9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ; അവർ വ്യാജവാക്കുകൾ കേൾക്കരുത്.
10അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല; 11നിങ്ങൾ തന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കുകയില്ല” എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു. 12അങ്ങനെ ജനം വൈക്കോലിന് പകരം #5:12 താളടി - കൊയ്ത്തിന് ശേഷം വയലിൽ ശേഷിക്കുന്ന കുറ്റിതാളടി ശേഖരിക്കുവാൻ മിസ്രയീമിൽ എല്ലായിടവും ചിതറി നടന്നു.
13ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്: “വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നതത്രയും വേല ദിവസവും തികക്കേണം” എന്നു പറഞ്ഞു. 14ഫറവോന്‍റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത്?” എന്നു ചോദിച്ചു.
15അതുകൊണ്ട് യിസ്രായേൽ മക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോട് നിലവിളിച്ചു: “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്? 16അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്‍റെ ജനത്തിന്നു പാപമാകുന്നു” എന്നു പറഞ്ഞു.
17അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്: ‘ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്നു നിങ്ങൾ പറയുന്നു. 18പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്നു കല്പിച്ചു.
19“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽ മക്കളുടെ പ്രമാണികൾ കണ്ടു. 20അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു. 21അവരോട്: “നിങ്ങൾ ഫറവോൻ്റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു.
22അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്? 23ഞാൻ നിന്‍റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്‍റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്നു പറഞ്ഞു.

Currently Selected:

പുറ. 5: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in