പുറ. 28
28
പൗരോഹിത്യവസ്ത്രങ്ങൾ
1നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ. 2നിന്റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. 3അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയേണം. 4അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം. 5അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.
6പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം. 7അതിന്റെ രണ്ടു അറ്റത്തോട് ചേർന്നതായി രണ്ടു തോൾപ്പട്ട ഉണ്ടായിരിക്കേണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കേണം. 8അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം.
9അത് കൂടാതെ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽ മക്കളുടെ പേര് കൊത്തണം. 10ആറു പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറു പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം. 11രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ടു കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കേണം; 12കല്ല് രണ്ടും ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽ മക്കളുടെ ഓർമ്മക്കല്ലായി വയ്ക്കേണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം. 13പൊന്ന് കൊണ്ടു തടങ്ങൾ ഉണ്ടാക്കേണം. 14തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ടു സരപ്പളി നിർമ്മിച്ച് അവ തടങ്ങളിൽ ചേർക്കേണം.
15ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കേണം; അത് ഏഫോദിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം. 16അത് സമചതുരവും രണ്ടു മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കേണം. 17അതിൽ നാലു നിര കല്ല് പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര. 18രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം. 19മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്. 20നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം. 21ഇവ ക്രമമായി യിസ്രായേൽ മക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുകൾ ആയിരിക്കേണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കേണം.
22പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ടു സരപ്പളി നിർമ്മിക്കേണം. 23പതക്കത്തിന് പൊന്നുകൊണ്ട് രണ്ടു വളയങ്ങൾ ഉണ്ടാക്കി പതക്കത്തിൻ്റെ രണ്ടു അറ്റത്തും വയ്ക്കേണം. 24പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിൻ്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം. 25പിരിച്ചെടുത്ത രണ്ടു ചങ്ങലകളുടെയും മറ്റേഅറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വയ്ക്കേണം. 26പൊന്നുകൊണ്ട് രണ്ടു വളയങ്ങൾ ഉണ്ടാക്കി പതക്കത്തിൻ്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന് നേരെ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കേണം. 27പൊന്നുകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ടു തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മേലായി വയ്ക്കേണം. 28പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മുകളിലായി ഇരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വളയങ്ങളാൽ ഏഫോദിന്റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടേണം.
29അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽ മക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം. 30ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും#28:30 ഊറീമും തുമ്മീമും പുരോഹിതന് ദൈവഹിതം അറിയുവാനുള്ള ഉപാധി വയ്ക്കേണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അത് അവന്റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
31ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കേണം. 32അതിന്റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിൻ്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കേണം. 33നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് അതിന്റെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ പൊന്നുകൊണ്ട് മണികളും ഉണ്ടാക്കേണം. 34അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം, ഇങ്ങനെ വേണം. 35അഹരോൻ ശുശ്രൂഷ ചെയ്യുമ്പോൾ അത് ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്ത് വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കേണം.
36തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്നു മുദ്ര കൊത്തേണം. 37അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിൻ്റെ മുൻഭാഗത്ത് ഇരിക്കേണം. 38യിസ്രായേൽ മക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കേണം.
39പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കേണം.
40അഹരോന്റെ പുത്രന്മാർക്ക് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കേണം. 41അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും #28:41 കരപൂരണം - ദൈവസേവാർത്ഥം പ്രതിഷ്ഠിക്കുകകരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം. 42അവരുടെ നഗ്നത മറയ്ക്കുവാൻ അവർക്ക് ചണനൂൽകൊണ്ട് കാൽചട്ടയും ഉണ്ടാക്കേണം; അത് അര തുടങ്ങി തുടവരെ എത്തണം. 43അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം വഹിച്ച് മരിക്കാതിരിക്കേണ്ടതിന് അവർ അത് ധരിക്കേണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
Currently Selected:
പുറ. 28: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.