YouVersion Logo
Search Icon

സഭാ. 3

3
എല്ലാറ്റിനും ഒരു സമയമുണ്ട്
1എല്ലാറ്റിനും ഒരു സമയമുണ്ട്;
ആകാശത്തിൻ കീഴിലുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.
2ജനിക്കുവാൻ ഒരു കാലം, മരിക്കുവാൻ ഒരു കാലം;
നടുവാൻ ഒരു കാലം, നട്ടതു പറിക്കുവാൻ ഒരു കാലം;
3കൊല്ലുവാൻ ഒരു കാലം, സൗഖ്യമാക്കുവാൻ ഒരു കാലം;
ഇടിച്ചുകളയുവാൻ ഒരു കാലം, പണിയുവാൻ ഒരു കാലം,
4കരയുവാൻ ഒരു കാലം ചിരിക്കുവാൻ ഒരു കാലം;
വിലപിക്കുവാൻ ഒരു കാലം, നൃത്തം ചെയ്യുവാൻ ഒരു കാലം;
5കല്ല് പെറുക്കിക്കളയുവാൻ ഒരു കാലം, കല്ല് പെറുക്കിക്കൂട്ടുവാൻ ഒരു കാലം;
ആലിംഗനം ചെയ്യുവാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കുവാൻ ഒരു കാലം;
6സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം;
സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം;
7കീറുവാൻ ഒരു കാലം, തുന്നിച്ചേർക്കുവാൻ ഒരു കാലം;
മിണ്ടാതിരിക്കുവാൻ ഒരു കാലം, സംസാരിക്കുവാൻ ഒരു കാലം;
8സ്നേഹിക്കുവാൻ ഒരു കാലം, ദ്വേഷിക്കുവാൻ ഒരു കാലം;
യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.
9പ്രയത്നിക്കുന്നവന് തന്‍റെ പ്രയത്നംകൊണ്ട് എന്ത് ലാഭം? 10ദൈവം മനുഷ്യർക്ക് കൊടുത്തിരിക്കുന്ന കഷ്ടപ്പാട് ഞാൻ കണ്ടിട്ടുണ്ട്. 11അവൻ സകലവും അതതിന്‍റെ സമയത്ത് ഭംഗിയായി ചെയ്തു, നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തി എന്തെന്ന് ഗ്രഹിക്കുവാൻ അവർക്ക് കഴിവില്ല. 12ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കില്ല എന്നു ഞാൻ അറിയുന്നു. 13ഏതു മനുഷ്യനും തിന്നുകുടിച്ച് തന്‍റെ സകലപ്രയത്നത്താലും സുഖം അനുഭവിക്കുന്നത് ദൈവത്തിന്‍റെ ദാനം ആകുന്നു. 14ദൈവം പ്രവർത്തിക്കുന്നതെല്ലാം ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറയ്ക്കുവാനും കഴിയുന്നതല്ല; മനുഷ്യർ, തന്നെ ഭയപ്പെടേണ്ടതിന് ദൈവം അത് ചെയ്തിരിക്കുന്നു. 15ഇപ്പോഴുള്ളത് പണ്ടുണ്ടായിരുന്നു; ഇനി ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
ദൈവം എല്ലാവരെയും ന്യായംവിധിക്കും
16പിന്നെയും ഞാൻ സൂര്യനു കീഴിലുള്ള ന്യായത്തിന്‍റെ സ്ഥലത്ത് ന്യായക്കേടും നീതിയുടെ സ്ഥലത്ത് നീതികേടും കണ്ടു. 17ഞാൻ എന്‍റെ മനസ്സിൽ: “ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായംവിധിക്കും; സകല കാര്യത്തിനും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ” എന്നു വിചാരിച്ചു. 18പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമത്രേ; ദൈവം അവരെ ശോധനകഴിക്കേണ്ടതിനും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിനും തന്നെ.” 19മനുഷ്യർക്ക് ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്ന് തന്നെ; അത് മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ. 20എല്ലാം ഒരു സ്ഥലത്തേക്ക് തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു. 21മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം? 22അതുകൊണ്ട് മനുഷ്യൻ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാൻ കണ്ടു; അത് തന്നെ അവന്‍റെ ഓഹരി; തന്‍റെശേഷം ഉണ്ടാകാനിരിക്കുന്നതു കാണുവാൻ ആര്‍ അവനെ മടക്കിവരുത്തും?

Currently Selected:

സഭാ. 3: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in