YouVersion Logo
Search Icon

ആവർ. 25

25
അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള നിയമം
1”മനുഷ്യർക്ക് തമ്മിൽ വ്യവഹാരം ഉണ്ടാകുകയും, അവർ ന്യായാസനത്തിൽ വരുകയും അവരുടെ കാര്യം വിസ്തരിക്കുകയും ചെയ്യുമ്പോൾ, നീതിമാനെ നീതീകരിക്കുകയും കുറ്റക്കാരനെ കുറ്റം വിധിക്കുകയും വേണം. 2കുറ്റക്കാരൻ അടിക്ക് യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്‍റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം. 3നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; അതിൽ അധികമായി അടിപ്പിച്ചാൽ സഹോദരൻ നിന്‍റെ കണ്ണിന് നിന്ദിതനായിത്തീർന്നേക്കാം.
4”കാള, ധാന്യം മെതിക്കുമ്പോൾ അതിന് മുഖക്കൊട്ട കെട്ടരുത്.
5”സഹോദരന്മാർ ഒന്നിച്ച് വസിക്കുമ്പോൾ അവരിൽ ഒരുവൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവൻ്റെ ഭാര്യ പുറത്തുള്ള ഒരുവന് ഭാര്യയാകരുത്; ഭർത്താവിന്‍റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോട് ദേവരധർമ്മം നിവർത്തിക്കേണം. 6മരിച്ചുപോയ സഹോദരന്‍റെ പേര് യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കുവാൻ അവൾ പ്രസവിക്കുന്ന ആദ്യജാതനെ മരിച്ചവൻ്റെ അവകാശിയായി കണക്കാക്കേണം.
7”സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിക്കുവാൻ അവനു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്‍ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: “എന്‍റെ ഭർത്താവിന്‍റെ സഹോദരന് തന്‍റെ സഹോദരന്‍റെ പേര് യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോട് ദേവരധർമ്മം നിവർത്തിപ്പാൻ അവനു മനസ്സില്ല” എന്നു പറയേണം. 8അപ്പോൾ അവന്‍റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ച് അവനോട് സംസാരിക്കേണം; എന്നാൽ: “ഇവളെ പരിഗ്രഹിക്കുവാൻ എനിക്ക് മനസ്സില്ല” എന്നു അവൻ ഉറപ്പിച്ചു പറഞ്ഞാൽ 9അവന്‍റെ സഹോദരന്‍റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്‍റെ അടുക്കൽ ചെന്നു, അവന്‍റെ കാലിൽനിന്ന് ചെരിപ്പഴിച്ച് അവന്‍റെ മുഖത്തു തുപ്പി: “സഹോദരന്‍റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യും” എന്നു പ്രത്യുത്തരം പറയേണം. 10‘ചെരിപ്പഴിഞ്ഞവൻ്റെ കുടുംബം’ എന്നു യിസ്രായേലിൽ അവന്‍റെ കുടുംബത്തിന് പേർ പറയും.
11”പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുവന്‍റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവൻ്റെ കയ്യിൽനിന്ന് വിടുവിക്കേണ്ടതിന് അടുത്തുചെന്നു കൈ നീട്ടി അവന്‍റെ ലിംഗം പിടിച്ചാൽ 12അവളുടെ കൈ വെട്ടിക്കളയേണം; അവളോട് കനിവ് തോന്നരുത്.
13”നിന്‍റെ സഞ്ചിയിൽ ഒരേ തൂക്കത്തിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്. 14നിന്‍റെ വീട്ടിൽ ഒരേ അളവിന് ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പറയും ഉണ്ടാകരുത്. 15നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത്, നീ ദീർഘായുസ്സോടിരിക്കേണ്ടതിന് നിന്‍റെ അളവുകൾ നേരുള്ളതും ന്യായവുമായിരിക്കേണം; അങ്ങനെ തന്നെ നിന്‍റെ പറയും ഒത്തതും ന്യായവുമായിരിക്കേണം. 16ഈ കാര്യങ്ങളിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.
17”നിങ്ങൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടു വരുമ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോട് ചെയ്തത്, 18അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്‍റെനേരെ വന്ന്, നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ, നിന്‍റെ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം ഓർത്തുകൊള്ളുക. 19ആകയാൽ നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി കീഴടക്കുവാൻ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്‍റെ സകലശത്രുക്കളെയും നിന്‍റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിൻ്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയണം; ഇത് മറന്നുപോകരുത്.

Currently Selected:

ആവർ. 25: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in