പ്രവൃത്തികൾ 17
17
പൗലോസും ശീലാസും തെസ്സലോനീക്യയിൽ
1പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. 2പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്നു അവരോട് സംവാദിച്ചു. 3ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു. 4കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു. 5യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോൻ്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. 6പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; 7യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്നു നിലവിളിച്ചു. 8ഇത് കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി. 9പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
പൗലൊസും ശീലാസും ബെരോവയിൽ
10സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി. 11അവർ തെസ്സലോനീക്യയിൽ ഉള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. 12സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു. 14ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു. 15പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്‍റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു.
അഥേനയിലെ പ്രഭാഷണം
16പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു ആത്മാവിൽ അവൻ കലങ്ങിപ്പോയി. 17അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു. 18എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു. 19പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിവുള്ളതോ? 20നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. 21(എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
അരയോപഗമദ്ധ്യേ പൗലോസിന്‍റെ പ്രഭാഷണം
22പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. 23ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന്’ എന്നു എഴുത്തുള്ള ഒരു ബലിപീഠം കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു. 24ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. 25താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. 26ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. 27തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്നു അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. 28അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്‍റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു.
29നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്നു നിരൂപിക്കേണ്ടതില്ല. 30എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു. 31ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്‍റെ ഉറപ്പ് നല്കിയുമിരിക്കുന്നു.”
32മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ടു ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു. 33അങ്ങനെ പൗലൊസ് അവരുടെ നടുവിൽനിന്ന് പോയി. 34ചില പുരുഷന്മാർ അവനോട് ചേർന്ന് വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റ് ചിലരും ഉണ്ടായിരുന്നു.
Currently Selected:
പ്രവൃത്തികൾ 17: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.