പ്രവൃത്തികൾ 15
15
യെരൂശലേമിലെ ആലോചനാസമിതി
1ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്നു സഹോദരന്മാരെ ഉപദേശിച്ചു. 2പൗലൊസിനും ബർന്നബാസിനും അവരോട് ശക്തമായ വാദവും തർക്കവും ഉണ്ടായിട്ട് പൗലൊസും ബർന്നബാസും അവരിൽ മറ്റുചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു. 3സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജനതകളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി. 4അവർ യെരൂശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും പൗലോസും ബർന്നബാസും അവരെ അറിയിച്ചു. 5എന്നാൽ പരീശപക്ഷത്തിൽനിന്ന് വിശ്വസിച്ചവർ ചിലർ എഴുന്നേറ്റ് “അവരെ പരിച്ഛേദന കഴിപ്പിക്കുകയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കുകയും വേണം” എന്നു പറഞ്ഞു.
6ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിപ്പാനായി അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി. 7വളരെ വാഗ്വാദം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: “സഹോദരന്മാരേ, കുറെനാൾ മുമ്പെ ദൈവം നിങ്ങളുടെ നടുവിൽവച്ച് ഞാൻ മുഖാന്തരം ജനതകൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു ദൈവം നിശ്ചയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ. 8ഹൃദയങ്ങളെ അറിയുന്ന ദൈവം നമ്മിൽ പകർന്നതുപോലെ വിശ്വാസത്താൽ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് സാക്ഷിനിന്ന് 9അവരുടെ ഹൃദയങ്ങളെയും ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല എന്നു തെളിയിച്ചുവല്ലോ. 10ആകയാൽ നാമോ നമ്മുടെ പിതാക്കന്മാരോ വഹിക്കേണ്ടിയിരുന്നിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വയ്ക്കുവാൻ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്? 11കർത്താവായ യേശുവിന്‍റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.”
12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ട് ജനതകളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. 13അവർ പറഞ്ഞു നിർത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞ് തുടങ്ങിയത് “സഹോദരന്മാരേ, എന്‍റെ വാക്ക് ശ്രദ്ധിച്ചു കൊൾവിൻ; 14“ദൈവം കൃപയാൽ ജാതികളിൽനിന്ന് തന്‍റെ നാമത്തിനായി ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായി കടാക്ഷിച്ചത് ശിമോൻ വിവരിച്ചുവല്ലോ. 15ഇതിനോട് പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
16‘അതിനുശേഷം ഞാൻ മടങ്ങിവരികയും,
ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും;
അതിന്‍റെ ശൂന്യമായ ശേഷിപ്പുകളിൽ നിന്ന്
വീണ്ടും പണിത് അതിനെ നിവർത്തും;
17മനുഷ്യരിൽ അവശേഷിക്കുന്നവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന
സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു
18പൂർവ്വകാലം മുതൽക്കേ കർത്താവ് അരുളിച്ചെയ്യുന്നു’
എന്നു എഴുതിയിരിക്കുന്നുവല്ലോ.
19ആകയാൽ ജാതികളിൽനിന്ന് ദൈവത്തിങ്കലേക്ക് തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ 20അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. 21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലം മുതൽ പട്ടണം തോറും അത് പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
ജാതികളിൽ നിന്നു ചേർന്നു വന്ന സഹോദരങ്ങൾക്കുള്ള കത്ത്
22അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്ത് പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, നേതൃത്വ നിരയിൽ നിന്നും ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു. 23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സിറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം. 24ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ അസ്വസ്ഥമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നും കേട്ടതുകൊണ്ട് 25നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ ചില പുരുഷന്മാരെ ഞങ്ങൾ തിരഞ്ഞെടുത്ത് അവരെ നമ്മുടെ 26പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയയ്ക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ട് നിശ്ചയിച്ചു. 27ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും. 28താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു: 29വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുത് എന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. ഇവ വിട്ടുമാറി സൂക്ഷിച്ചാൽ നന്ന്; ശുഭമായിരിപ്പിൻ.
30അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. 31അവർ അത് വായിച്ചപ്പോൾ, അതിനാലുള്ള പ്രോത്സാഹനം നിമിത്തം സന്തോഷിച്ചു. 32യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു. 33കുറേനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്ക് സമാധാനത്തോടെ പറഞ്ഞയച്ചു. 34എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്യയിൽ തന്നെ പാർത്തു. 35അവർ മറ്റു പലരോടുംകൂടി കർത്താവിന്‍റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
രണ്ടാം ദൗത്യ പ്രചരണ യാത്ര ആരംഭിക്കുന്നു.
36കുറേനാൾ കഴിഞ്ഞിട്ട് പൗലൊസ് ബർന്നബാസിനോട്: “നാം കർത്താവിന്‍റെ വചനം അറിയിച്ച പട്ടണം തോറും പിന്നെയും ചെന്നു സഹോദരന്മാർ ക്രിസ്തുവിൽ എങ്ങനെയിരിക്കുന്നു എന്നു അന്വേഷിക്കുക” എന്നു പറഞ്ഞു. 37മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. 38പൗലൊസോ പംഫുല്യയിൽനിന്ന് തങ്ങളെ വിട്ട് പ്രവർത്തനങ്ങളിൽ തുടരാതെ പോയവനെ കൂട്ടിക്കൊണ്ട് പോകുന്നത് യോഗ്യമല്ല എന്നു നിരൂപിച്ചു. 39അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ട് വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പോയി. 40പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്ത് സഹോദരന്മാരുടെ പ്രാർത്ഥനയാൽ കർത്താവിന്‍റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ട് 41യാത്ര പുറപ്പെട്ടു സിറിയ കിലിക്യ ദേശങ്ങളിൽക്കൂടി സഞ്ചരിച്ച് സഭകളെ ഉറപ്പിച്ചു പോന്നു.
Currently Selected:
പ്രവൃത്തികൾ 15: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.