പ്രവൃത്തികൾ 14
14
അംഗീകരണവും തിരസ്കാരവും
1പൗലോസും ബർന്നബാസും ഇക്കോന്യയിൽ യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദ്യരും യവനന്മാരും ആയ ജനമദ്ധ്യത്തിൽ വിശ്വാസം ഉളവാകത്തക്കവണ്ണം സംസാരിച്ചു. 2വിശ്വസിക്കാത്ത യെഹൂദന്മാരോ ജനതകളുടെ മനസ്സിൽ സഹോദരന്മാരുടെ നേരെ പകയും വിദ്വേഷവും ഉളവാക്കി. 3എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്‍റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. 4എന്നാൽ പട്ടണത്തിലെ ഭൂരിഭാഗം ജനസമൂഹങ്ങളിലും ഭിന്നത ഉണ്ടായി ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. 5പൗലോസിനെയും, ബർന്നബാസിനെയും പരിഹസിപ്പാനും കല്ലെറിയുവാനുമായി ജാതികളും യെഹൂദന്മാരും അവിടുത്തെ പ്രമാണികളോടുകൂടി ഒരു ആക്രമണം ഭാവിച്ചപ്പോൾ, 6അവർ അത് ഗ്രഹിച്ച് ലുസ്ത്ര, ദെർബ്ബ എന്ന ലുക്കവോന്യ പട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും 7ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
8ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന് ശക്തിയില്ലാതെയും ഉള്ളൊരു പുരുഷൻ ഇരുന്നിരുന്നു. 9അവൻ പൗലൊസ് സംസാരിക്കുന്നത് കേട്ടു; പൗലോസ് അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിക്കുവാൻ അവനിൽ വിശ്വാസമുണ്ട് എന്നു കണ്ടിട്ട്: 10ഉച്ചത്തിൽ “നീ എഴുന്നേറ്റ് കാലൂന്നി നിവർന്നുനിൽക്ക” എന്നു പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റ് നടന്നു.
11പൗലൊസ് ചെയ്തത് പുരുഷാരം കണ്ടിട്ട്: ലുക്കവോന്യഭാഷയിൽ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 12ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർവിളിച്ചു. 13പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശനകവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു. 14ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്‍റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്: 15“പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. 16കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജനതകളെയും തങ്ങളുടെ വഴികളിൽ നടപ്പാൻ അനുവദിച്ചു. 17എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ച് സാക്ഷ്യം തരാതിരുന്നിട്ടില്ല.” 18അവർ ഇങ്ങനെ ഉപദേശിച്ചുകൊണ്ട് തങ്ങൾക്ക് യാഗം കഴിക്കാതിരിക്കുവാനായി പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
19എന്നാൽ അന്ത്യൊക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നുകൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ട് അവനെ പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. 20എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റ് പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബയ്ക്ക് പോയി.
സിറിയയിലെ അന്ത്യൊക്യയിലേക്ക് മടങ്ങുന്നു
21ആ പട്ടണങ്ങളിലും സുവിശേഷം അറിയിച്ച് പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്ക് മടങ്ങിച്ചെന്നു, 22ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിക്കുകയും, വിശ്വാസത്തിൽ നില നില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു പോന്നു. 23സഭതോറും അവർക്ക് മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ട് തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കുകയും ചെയ്തു. 24അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽ എത്തി, 25പെർഗ്ഗയിൽ വചനം പ്രസംഗിച്ചശേഷം അത്തല്യയ്ക്ക് പോയി. 26അവിടെനിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;. 27അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചുകൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്ന് ചെയ്തതൊക്കെയും ജനതകൾക്ക് വിശ്വാസത്തിന്‍റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു. 28പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറേക്കാലം അവിടെ പാർത്തു.
Currently Selected:
പ്രവൃത്തികൾ 14: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.