2 പത്രൊ. 1
1
1യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്; നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിൻ്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്ക് എഴുതുന്നത്: 2ദൈവത്തിന്‍റെയും നമ്മുടെ കർത്താവായ യേശുവിൻ്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ.
വിളിയും തിരഞ്ഞെടുപ്പും സുസ്ഥിരമാക്കുന്നു
3തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ. 4അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്‍റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. 5ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും 6പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും 7ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ. 8ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല. 9എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്‍റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.
10അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. 11ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകുകയില്ല. അങ്ങനെ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കുകയും ചെയ്യും.
12അതുകൊണ്ട് ഇപ്പോൾ നിങ്ങൾ അവയെ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറച്ചുനില്ക്കുന്നവരും എന്നു വരികിലും ഈ കാര്യങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുവാൻ ഞാൻ എപ്പോഴും ഒരുങ്ങിയിരിക്കും. 13നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്‍റെ കൂടാരമായ ശരീരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ 14ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓർമ്മിപ്പിച്ചുണർത്തുക യുക്തം എന്നു വിചാരിക്കുന്നു. 15എന്‍റെ വേർപാടിൻ്റെ ശേഷവും നിങ്ങൾ ഈ കാര്യങ്ങൾ എപ്പോഴും ഓർത്തുകൊള്ളുവാൻ തക്കവണ്ണം വേണ്ടത് ഞാൻ ചെയ്യും.
16ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയാകുന്ന മടങ്ങിവരവും നിങ്ങളോട് അറിയിച്ചത് സമർത്ഥമായി മെനഞ്ഞെടുത്ത കഥകളുടെ അടിസ്ഥാനത്തിലല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രേ. 17“ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠതേജസ്സിങ്കൽനിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു ബഹുമാനവും മഹത്വവും ലഭിച്ചു. 18ഞങ്ങൾ അവനോടുകൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽനിന്നും ഈ ശബ്ദം ഉണ്ടായത് കേട്ടു. 19പ്രവാചകവാക്യം അധികം ഉറപ്പായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്‌വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിയാൽ നല്ലത്. 20തിരുവെഴുത്തിലെ പ്രവചനം ഒന്നുംതന്നെ പ്രവാചകന്‍റെ സ്വയമായ വ്യാഖ്യാനത്താൽ ഉളവായതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം. 21പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ.
Currently Selected:
2 പത്രൊ. 1: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.