2 രാജാ. 4
4
എലീശ വിധവയെ സഹായിക്കുന്നു
1പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: “നിന്റെ ദാസനായിരുന്ന എന്റെ ഭർത്താവ് മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു.”
2എലീശ അവളോട്: “ഞാൻ നിനക്കു എന്തു ചെയ്തു തരേണം എന്നു പറയുക; വീട്ടിൽ നിനക്കു എന്താണുള്ളത്?” എന്നു ചോദിച്ചു.
“ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്നു അവൾ പറഞ്ഞു.
3അതിന് അവൻ: “നീ ചെന്നു നിന്റെ അയല്ക്കാരോടു ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. 4പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്നു പറഞ്ഞു.
5അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു. 6പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരിക” എന്നു പറഞ്ഞു.
അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
7അവൾ ചെന്നു ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. “നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക” എന്നു പറഞ്ഞു.
ശൂനേംകാരത്തിയുടെ മകൻ പുനർജീവിക്കുന്നു
8ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ വീട്ടിൽ ഭക്ഷണം കഴിക്കുവാൻ വരേണം എന്നു നിർബ്ബന്ധിച്ചു. അതിനുശേഷം അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.
9അവൾ തന്റെ ഭർത്താവിനോട്: “നമ്മുടെ വഴിയിലൂടെ മിക്കവാറും കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ അറിയുന്നു. 10നമുക്ക് വീട്ടിന്റെ മുകളിൽ ചെറിയ ഒരു മാളികമുറി ഉണ്ടാക്കാം; അതിൽ ഒരു കട്ടിലും മേശയും കസേരയും നിലവിളക്കും വയ്ക്കാം; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ പാർക്കാമല്ലോ” എന്നു പറഞ്ഞു.
11പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. 12അവൻ തന്റെ ഭൃത്യനായ ഗേഹസിയോട്: “ശൂനേംകാരത്തിയെ വിളിക്ക” എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. 13അവൻ അവനോട്: “നീ ഇത്ര താല്പര്യത്തോടെ ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി എന്തെങ്കിലും പറയേണ്ടതുണ്ടോ?” എന്നു നീ അവളോട് ചോദിക്ക, എന്നു പറഞ്ഞു.
അതിന് അവൾ: “ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു” എന്നു പറഞ്ഞു.
14എന്നാൽ അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നു അവൻ ചോദിച്ചു
അതിന് ഗേഹസി: “അവൾക്ക് മകനില്ലല്ലോ; അവളുടെ ഭർത്താവ് വൃദ്ധനും ആകുന്നു” എന്നു പറഞ്ഞു.
15“അവളെ വിളിക്ക” എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു. 16അപ്പോൾ അവൻ: “വരുന്ന ആണ്ടിൽ ഈ സമയം ആകുമ്പോൾ നീ ഒരു മകനെ മാറിൽ അണയ്ക്കുവാൻ ഇടയാകും” എന്നു പറഞ്ഞു.
അതിന് അവൾ: “അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ” എന്നു പറഞ്ഞു.
17ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ, എലീശാ അവളോട് പറഞ്ഞസമയത്തു തന്നെ, ഒരു മകനെ പ്രസവിച്ചു.
18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു. 19അവൻ അപ്പനോട്: “എന്റെ തല, എന്റെ തല” എന്നു പറഞ്ഞു.
അവൻ ഒരു ബാല്യക്കാരനോട്: “ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടു പോകുക” എന്നു പറഞ്ഞു.
20അവൻ ബാലനെ എടുത്ത് അവന്റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി. 21അപ്പോൾ അവൾ മാളികമുറിയിൽ കയറിച്ചെന്ന് അവനെ ദൈവപുരുഷന്റെ കട്ടിലിൽ കിടത്തി, വാതിൽ അടച്ചു പുറത്തിറങ്ങി. 22പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: “ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ പോയിവരേണ്ടതിന് എനിക്ക് ഒരു ഭൃത്യനെയും ഒരു കഴുതയെയും തരേണമേ” എന്നു പറഞ്ഞു.
23അതിന് അവൻ: “ഇന്നു നീ അവന്റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസ്യയോ, ശബ്ബത്തോ അല്ലല്ലോ” എന്നു പറഞ്ഞു.
“സാരമില്ല” എന്നു അവൾ പറഞ്ഞു.
24അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ഭൃത്യനോട്: “കഴുതയെ വേഗത്തിൽ തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത്” എന്നു പറഞ്ഞു.
25അവൾ കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോട്: “അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: 26‘സുഖം തന്നെയോ? ഭർത്താവ് സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ?’ എന്നു അവളോടു ചോദിക്കേണം” എന്നു പറഞ്ഞു.
“സുഖം തന്നെ” എന്നു അവൾ പറഞ്ഞു.
27അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്നു പറഞ്ഞു.
28“ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ” എന്നു അവൾ പറഞ്ഞു.
29ഉടനെ അവൻ ഗേഹസിയോട്: “നീ അരകെട്ടി എന്റെ വടിയും കയ്യിൽ എടുത്തു പോകുക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറയുകയും അരുത്; എന്റെ വടി ബാലന്റെ മുഖത്തു വയ്ക്കേണം” എന്നു പറഞ്ഞു.
30എന്നാൽ ബാലന്റെ അമ്മ: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി.
31ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വച്ചു; എങ്കിലും ബാലൻ അനങ്ങുകയോ ഉണരുകയോ ചെയ്തില്ല. അതുകൊണ്ട് അവൻ അവനെ എതിരേൽക്കുവാൻ മടങ്ങിവന്നു: “ബാലൻ ഉണർന്നില്ല” എന്നു അറിയിച്ചു.
32എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിൽ ബാലൻ മരിച്ചു കിടക്കുന്നതു കണ്ടു. 33താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർത്ഥിച്ചു. 34പിന്നെ അവൻ കയറി ബാലന്റെമേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണ് അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വച്ചു അവന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു. 35അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
36അവൻ ഗേഹസിയെ വിളിച്ചു; “ശൂനേംകാരത്തിയെ വിളിക്ക” എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: “നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊൾക” എന്നു പറഞ്ഞു. 37അവൾ അകത്തു ചെന്നു അവന്റെ കാല്ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചശേഷം തന്റെ മകനെ എടുത്തുകൊണ്ടു പോയി.
കലത്തിൽ മരണം
38അനന്തരം എലീശാ ഗിൽഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകഗണം അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്തു വച്ചു പ്രവാചക ഗണത്തിനു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.
39ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു; ഒരു കാട്ടുവള്ളി കണ്ടു മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
40അവർ അത് ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; “ഹേ ദൈവപുരുഷാ, കലത്തിൽ മരണം” എന്നു പറഞ്ഞു.
41അവർക്കു ആ പായസം കുടിക്കുവാൻ കഴിഞ്ഞില്ല. “മാവ് കൊണ്ടുവരുവിൻ” എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: “ആളുകൾക്ക് വിളമ്പികൊടുക്കുക എന്നു പറഞ്ഞു. പിന്നെ ദോഷകരമായതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
42അനന്തരം ബാൽ-ശാലീശയിൽ നിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായി ഇരുപതു യവത്തപ്പവും മലരും തോൾസഞ്ചിയിൽ കൊണ്ടുവന്നു. “ജനത്തിന് അത് തിന്നുവാൻ കൊടുക്ക” എന്നു അവൻ കല്പിച്ചു.
43അതിന് അവന്റെ ബാല്യക്കാരൻ: “ഞാൻ ഇതു നൂറുപേർക്ക് എങ്ങനെ വിളമ്പും?” എന്നു ചോദിച്ചു.
അവൻ പിന്നെയും: “ജനത്തിന് അതു ഭക്ഷിക്കുവാൻ കൊടുക്കുക, അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 44അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.
Currently Selected:
2 രാജാ. 4: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.