YouVersion Logo
Search Icon

2 രാജാ. 2

2
ഏലീയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു
1യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള സമയമായി. ഏലീയാവ് എലീശയോടു കൂടെ ഗിൽഗാലിൽനിന്നു യാത്ര പുറപ്പെട്ടു. 2ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
എലീശാ അവനോട്: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി.
3ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്ന് അവനോട്: “യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ?” എന്നു ചോദിച്ചു.
അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിക്കുവിൻ” എന്നു പറഞ്ഞു. 4ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
അതിന് അവൻ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ യെരിഹോവിലേക്ക് പോയി. 5യെരീഹോവിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്ന് അവനോട്: “യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ?” എന്നു ചോദിച്ചു.
അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ” എന്നു പറഞ്ഞു.
6ഏലീയാവ് അവനോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ യോർദ്ദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
അതിന് അവൻ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരും യോർദാനിലേക്ക് പോയി.
7അവർ ഇരുവരും യോർദ്ദാൻ നദിക്കരികെ നിന്നു. അമ്പതു പ്രവാചകഗണം ദൂരെ അവർക്ക് അഭിമുഖമായി നിന്നു. 8അപ്പോൾ ഏലീയാവ് തന്‍റെ പുതപ്പ് എടുത്തു ചുരുട്ടി വെള്ളത്തെ അടിച്ചു; വെള്ളം രണ്ടായി പിരിഞ്ഞു; അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
9അവർ അക്കരെ കടന്നശേഷം ഏലീയാവ് എലീശയോട്: “ഞാൻ നിന്‍റെ അടുത്തു നിന്ന് എടുക്കപ്പെടും മുമ്പെ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചു കൊൾക” എന്നു പറഞ്ഞു.
അതിന് എലീശാ: “നിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്ക് എന്‍റെ മേൽ വരുമാറാകട്ടെ” എന്നു പറഞ്ഞു.
10അതിന് അവൻ: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിന്‍റെ ആഗ്രഹം സഫലമാകും; അല്ലെങ്കിൽ അതു സംഭവിക്കുകയില്ല” എന്നു പറഞ്ഞു.
11ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി. 12എലീശാ അതു കണ്ടിട്ട്: “എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും” എന്നു നിലവിളിച്ചു; പിന്നെ ഏലീയാവിനെ കണ്ടില്ല; അപ്പോൾ അവൻ തന്‍റെ വസ്ത്രം രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
13പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങി യോർദ്ദാനരികെ ചെന്നു നിന്നു. 14ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു: “ഏലീയാവിന്‍റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അവൻ വെള്ളത്തെ അടിച്ചപ്പോൾ യോർദാൻ രണ്ടായി പിരിഞ്ഞു. എലീശാ ഇക്കരെ കടന്നു.
15യെരീഹോവിൽ അവനു അഭിമുഖമായി നിന്നിരുന്ന പ്രവാചകഗണം അവനെ കണ്ടിട്ട്: “ഏലീയാവിന്‍റെ ആത്മാവ് എലീശയുടെമേൽ അധിവസിക്കുന്നു” എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു. 16അവർ അവനോട്: “ഇതാ, അടിയങ്ങളോടുകൂടെ ശക്തന്മാരായ അമ്പതു പേർ ഉണ്ട്; അവർ ചെന്നു നിന്‍റെ യജമാനനെ അന്വേഷിക്കട്ടെ; ഒരുപക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു.
അതിന് അവൻ: “നിങ്ങൾ അയക്കരുത്” എന്നു പറഞ്ഞു. 17അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: “എന്നാൽ അയച്ചുകൊള്ളുവിൻ” എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല. 18അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ട് അവർ അവന്‍റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോട്: “പോകരുത് എന്നു ഞാൻ നിങ്ങളോട് പറഞ്ഞില്ലയോ?” എന്നു പറഞ്ഞു.
എലീശയുടെ അത്ഭുതപ്രവൃത്തികൾ
19അനന്തരം ആ പട്ടണക്കാർ എലീശയോട്: “ഈ പട്ടണത്തിന്‍റെ അവസ്ഥ മനോഹരമെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം മലിനവും ദേശം ഫലശൂന്യവും ആകുന്നു” എന്നു പറഞ്ഞു.
20അതിന് അവൻ: “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക” എന്നു പറഞ്ഞു. അവർ അത് അവന്‍റെ അടുക്കൽ കൊണ്ടുവന്നു. 21അവൻ നീരുറവിന്‍റെ അടുക്കൽ ചെന്നു അതിൽ ഉപ്പ് വിതറി. “ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഫലശൂന്യതയും ഉണ്ടാവുകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. 22എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ ശുദ്ധമായിത്തന്നേ ഇരിക്കുന്നു.
23പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിലൂടെ നടക്കുമ്പോള്‍ പട്ടണത്തിൽനിന്നു ചില യൗവനക്കാർ വന്ന് അവനെ പരിഹസിച്ചു കൊണ്ടു അവനോട്: “മൊട്ടത്തലയാ, കയറിപ്പോകൂ, കയറിപ്പോകൂ” എന്നു പറഞ്ഞു. 24അവൻ തിരിഞ്ഞുനോക്കി യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടികൾ ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ടു പേരെ കടിച്ചുകീറിക്കളഞ്ഞു. 25അവൻ അവിടം വിട്ടു കർമ്മേൽ പർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.

Currently Selected:

2 രാജാ. 2: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in