YouVersion Logo
Search Icon

2 കൊരി. 8

8
ഔദാര്യദാനം
1സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. 2കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി. 3അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി. 4വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു. 5അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
6അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്നു ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു. 7എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, സകല ഉത്സാഹത്തിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ കൃപയുടെ പ്രവൃത്തിയിലും ശ്രേഷ്ഠരാകുവിൻ.
8ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിൻ്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്. 9നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്‍റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. 10ഞാൻ ഇതിൽ എന്‍റെ അഭിപ്രായം പറയുന്നു; പ്രവർത്തിക്കുവാൻ മാത്രമല്ല, താൽപ്പര്യപ്പെടുവാനും കൂടെ ഒരു വർഷം മുമ്പെ തന്നെ ആദ്യമായി തുടങ്ങിയ നിങ്ങൾക്ക് അത് പ്രയോജനകരം. 11എന്നാൽ താല്‍പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ. 12ഒരുവന് മനസ്സൊരുക്കം ഉണ്ടെങ്കിൽ തനിക്കു ഇല്ലാത്തതനുസരിച്ചല്ല, തനിക്കുള്ളതനുസരിച്ച് കൊടുത്താൽ അത് പ്രസാദകരം ആയിരിക്കും.
13മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ. 14തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ.
15“ഏറെ പെറുക്കിയവന് ഏറെയും
കുറച്ചു പെറുക്കിയവന് കുറവും കണ്ടില്ല”
എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.
തീത്തൊസിനെ കൊരിന്തിലേക്ക് അയയ്ക്കുന്നു
16നിങ്ങൾക്കുവേണ്ടി തീത്തൊസിന്‍റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം. 17എന്തെന്നാൽ, അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. 18ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകലസഭകളിലും വ്യാപിച്ചിരിക്കുന്നു, 19അതുമാത്രമല്ല, കർത്താവിന്‍റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിക്കുവാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയുടെ പ്രവൃത്തിയിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. 20ഞങ്ങൾ നടത്തിവരുന്ന ഈ ഉദാരമായ സംഭാവനയുടെ കാര്യത്തിൽ, ആരും ഞങ്ങളെ അപവാദം പറയാതിരിക്കുവാൻ, 21ഞങ്ങൾ കർത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു.
22ഞങ്ങൾ പലപ്പോഴും ശോധനചെയ്ത്, പലതിലും ഉത്സാഹിയായി കണ്ടും, ഇപ്പോഴോ തനിക്കു നിങ്ങളിലുള്ള വലിയ ആത്മവിശ്വാസം നിമിത്തം അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. 23തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ. 24ആകയാൽ നിങ്ങളുടെ സ്നേഹത്തിനും, നിങ്ങളെച്ചൊല്ലി ഞങ്ങളുടെ പ്രശംസയ്ക്കും ഉള്ള തെളിവ് സഭകൾ കാൺകെ അവർക്ക് കാണിച്ചുകൊടുക്കുവിൻ.

Currently Selected:

2 കൊരി. 8: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 2 കൊരി. 8