YouVersion Logo
Search Icon

2 കൊരി. 10

10
പൗലോസിന്‍റെ ശുശ്രൂഷയുടെ വിവരണം
1നിങ്ങളുടെ സമീപെ എളിയവനും നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ നിങ്ങളോട് ധൈര്യപ്പെടുന്നവനുമായ പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്‍റെ സൗമ്യതയാലും ശാന്തതയാലും നിങ്ങളോട് അപേക്ഷിക്കുന്നു. 2ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.
3ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. 4എന്തെന്നാൽ, ഞങ്ങളുടെ യുദ്ധത്തിന്‍റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ #10:4 എങ്ങും എത്തിക്കുവാൻ കഴിയാത്ത വഴിതെറ്റിക്കുന്ന വാദങ്ങൾ തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ. 5അവയാൽ ദൈവത്തിന്‍റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു. 6ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും ശിക്ഷിക്കുവാനും തയ്യാറാവുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
7താൻ ക്രിസ്തുവിനുള്ളവൻ എന്നു ഒരുവന് ബോദ്ധ്യപ്പെട്ടിരിക്കുന്നു എങ്കിൽ താൻ ക്രിസ്തുവിനുള്ളവൻ ആയിരിക്കുന്നതുപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും തന്നെത്താൻ ഓർത്തുകൊള്ളട്ടെ. 8നിങ്ങളെ ഇടിച്ചുകളയുവാനല്ല പണിയുവാനായിട്ട്, കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. 9ഞാൻ കത്തുകളാൽ നിങ്ങളെ ഭയപ്പെടുത്തുന്നു എന്നു തോന്നരുത്. 10എന്തെന്നാൽ അവന്‍റെ കത്തുകൾ ഗൗരവവും ശക്തിയുള്ളതും തന്നെ; എന്നാൽ ശാരീരികസാന്നിദ്ധ്യമോ ബലഹീനവും സംസാരം നിന്ദ്യവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ. 11അകലെയിരിക്കുമ്പോൾ ഞങ്ങൾ കത്തുകളിലൂടെയുള്ള വാക്കിൽ എങ്ങനെയുള്ളവരോ, അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്നു അവർ നിരൂപിക്കട്ടെ.
12തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരിൽനിന്ന് ഞങ്ങളെത്തന്നെ വേർതിരിക്കുവാനോ, താരതമ്യപ്പെടുത്തുവാനോ തുനിയുന്നില്ല; എന്നാൽ, അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല. 13ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുംവിധം ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിൻ്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്. 14ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ ഞങ്ങളെത്തന്നെ അതിർ കടത്തുന്നില്ല; എന്തെന്നാൽ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ. 15ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നത്തിൽ അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ, ഞങ്ങളുടെ അതിരിനകത്ത് നിന്ന് നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിസ്തൃതമാക്കി, 16മറ്റൊരുത്തന്‍റെ അതിരിനകത്ത് നേടിയതിൽ പ്രശംസിക്കാതെ, നിങ്ങളുടെ ദിക്കുകൾക്കും അപ്പുറത്ത് സുവിശേഷം പ്രസംഗിക്കുവാൻ ആശിക്കുകയത്രേ ചെയ്യുന്നു. 17എന്നാൽ, പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. 18തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനത്രേ അംഗീകരിക്കപ്പെട്ടവൻ.

Currently Selected:

2 കൊരി. 10: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 2 കൊരി. 10