YouVersion Logo
Search Icon

2 ദിന. 5

5
1യഹോവയുടെ ആലയത്തിന്‍റെ പണി പൂർത്തിയായപ്പോൾ, ശലോമോൻ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും എല്ലാ ഉപകരണങ്ങളും കൊണ്ടുവന്ന് ദൈവാലയത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു.
യഹോവയുടെ നിയമപെട്ടകം ദൈവാലയത്തിലേക്ക് കൊണ്ടുവരുന്നു
2ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്‍റെ നഗരത്തിൽ നിന്ന് കൊണ്ടുവരുവാൻ യിസ്രായേൽ മൂപ്പന്മാരെയും യിസ്രായേൽ മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയും യെരൂശലേമിൽ കൂട്ടിവരുത്തി. 3യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിനായി രാജാവിന്‍റെ അടുക്കൽ വന്നുകൂടി.
4യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ നിയമപെട്ടകം എടുത്തു. 5പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്. 6ശലോമോൻരാജാവും അവന്‍റെ അടുക്കൽ കൂടിവന്ന യിസ്രായേൽ ജനമൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു.
7പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്‍റെ സ്ഥലത്ത്, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത് കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വച്ചു. 8കെരൂബുകൾ, മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു. 9തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന് മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്. 10യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവച്ച് പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകകൾ അല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.
11പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ - അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ വിഭാഗ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു 12ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും നേർത്ത ചണവസ്ത്രം ധരിച്ച് കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ച് യാഗപീഠത്തിന് കിഴക്ക് കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു. 13കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും സംഗീത ഉപകരണങ്ങളോടും കൂടെ:
“അവൻ നല്ലവനല്ലോ
അവന്‍റെ ദയ എന്നേക്കുമുള്ളത്”
എന്നു ഏകസ്വരമായി യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. 14യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാർക്ക് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നിൽക്കുവാൻ കഴിഞ്ഞില്ല.

Currently Selected:

2 ദിന. 5: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in