YouVersion Logo
Search Icon

1 ശമു. 29

29
ഫെലിസ്ത്യർ ദാവീദിനെ ഉപേക്ഷിക്കുന്നു
1അതിനുശേഷം ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി. 2അപ്പോൾ ഫെലിസ്ത്യ പ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും മുൻപോട്ട് നീങ്ങി; എന്നാൽ ദാവീദും അവന്‍റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ ആയിരുന്നു. 3ഫെലിസ്ത്യ പ്രഭുക്കന്മാർ ചോദിച്ചു; “ഈ എബ്രായർ ഇവിടെ എന്ത് ചെയ്യുന്നു?” ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു പറഞ്ഞു; “ഇവൻ ദാവീദല്ലയോ? യിസ്രായേൽ രാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്ന ദാവീദ്; എത്രനാളായി എത്ര വര്‍ഷമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല.”
4എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ ആഖീശിനോട് കോപിച്ചു: “നീ അവന് കല്പിച്ചുകൊടുത്ത സ്ഥലത്തേക്ക് പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ യുദ്ധത്തിന് നമ്മോടുകൂടെ വരരുത്; അവൻ യുദ്ധത്തിൽ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്‍റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?
5ശൗല്‍ ആയിരത്തെ കൊന്നു
ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ?” എന്നു ഫെലിസ്ത്യ പ്രഭുക്കന്മാർ അവനോട് പറഞ്ഞു.
6അപ്പോൾ ആഖീശ് ദാവീദിനെ വിളിച്ച് അവനോട് പറഞ്ഞു: “യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്‍റെ പോക്കും വരവും എനിക്ക് ബോധിച്ചതും ആകുന്നു. നീ എന്‍റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്ക് നിന്നെ ഇഷ്ടമല്ല. 7ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക.”
8ദാവീദ് ആഖീശിനോട് ചോദിച്ചു: “എന്നാൽ ഞാൻ എന്ത് ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതി കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്ത് കണ്ടിരിക്കുന്നു.”
9ആഖീശ് ദാവീദിനോട് മറുപടി പറഞ്ഞു: “എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: “അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന് വരരുത്” എന്നു പറഞ്ഞിരിക്കുന്നു. 10ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്‍റെ യജമാനന്‍റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ.”
11ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും ഫെലിസ്ത്യദേശത്തേക്ക് മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രായേലിലേക്ക് പോയി.

Currently Selected:

1 ശമു. 29: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in