1 ശമു. 25
25
ശമൂവേലിന്‍റെ മരണം
1ശമൂവേൽ മരിച്ചു; യിസ്രായേൽ മക്കൾ ഒരുമിച്ചുകൂടി അവനെക്കുറിച്ച് വിലപിച്ചു, രാമയിൽ അവന്‍റെ വീടിനരികെ അവനെ അടക്കം ചെയ്തു. ദാവീദ് പാരാൻമരുഭൂമിയിൽ#25:1 പാരാൻമരുഭൂമിയിൽ മോവാന്‍ മരുഭൂമിയിൽ പോയി പാർത്തു.
ദാവീദും അബീഗയിലും
2കർമ്മേലിൽ വ്യാപാരിയായ ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന് മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവൻ ആടുകളുടെ രോമം കത്രിച്ചിരുന്നത് കർമ്മേലിൽ വച്ചായിരുന്നു. 3അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. അവന്‍റെ പേര് നാബാൽ എന്നും അവന്‍റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
4നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവം ഉണ്ട് എന്നു ദാവീദ് മരുഭൂമിയിൽവച്ച് കേട്ടു. 5ദാവീദ് പത്തു യുവാക്കളെ അയച്ച് അവരോട് പറഞ്ഞത്: “നിങ്ങൾ കർമ്മേലിൽ നാബാലിന്‍റെ അടുക്കൽ ചെന്നു എന്‍റെ പേരിൽ അവന് വന്ദനം ചൊല്ലുക: 6നിനക്ക് സമാധാനം ഉണ്ടാകട്ടെ. നിനക്കും നിന്‍റെ ഭവനത്തിനും നിനക്കുള്ള സകലത്തിനും സമാധാനം ഉണ്ടാകട്ടെ; 7നീ ആടുകളുടെ രോമം കത്രിക്കുന്നുണ്ടെന്ന് ഞാൻ കേട്ടു. നിന്‍റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല. 8അവരോട് ചോദിക്കുക അവരും അത് നിന്നോട് പറയും; അതുകൊണ്ട് ഈ ബാല്യക്കാരോട് ദയ തോന്നേണം; ഉത്സവ ദിവസമാണല്ലോ ഞങ്ങൾ വന്നിരിക്കുന്നത്; നിന്‍റെ കൈവശം ഉള്ളത് അടിയങ്ങൾക്കും നിന്‍റെ മകനായ ദാവീദിനും തരേണമേ എന്നു അവനോട് പറയുവിൻ.” 9ദാവീദിന്‍റെ ബാല്യക്കാർ നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്‍റെ പേരിൽ അറിയിച്ച് മറുപടിയ്ക്കായി കാത്തുനിന്നു.
10നാബാൽ ദാവീദിന്‍റെ ഭൃത്യന്മാരോട്: “ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ട് പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്ത് വളരെ ഉണ്ട്. 11ഞാൻ എന്‍റെ അപ്പവും വെള്ളവും എന്‍റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എവിടെനിന്ന് വന്നു എന്നു അറിയാത്തവർക്ക് കൊടുക്കുമോ” എന്നു ഉത്തരം പറഞ്ഞു.
12ദാവീദിന്‍റെ ബാല്യക്കാർ മടങ്ങിവന്ന് വിവരമെല്ലാം അവനോട് അറിയിച്ചു. 13അപ്പോൾ ദാവീദ് തന്‍റെ ആളുകളോട്: “എല്ലാവരും വാൾ അരയിൽ കെട്ടിക്കൊൾവിൻ” എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരയിൽ കെട്ടി; ദാവീദും വാൾ അരയിൽ കെട്ടി; ഏകദേശം നാനൂറ് പേർ ദാവീദിന്‍റെ പിന്നാലെ പോയി; ഇരുനൂറ് പേർ സാധനങ്ങൾ സൂക്ഷിക്കുവാൻ അവിടെ താമസിച്ചു.
14എന്നാൽ ബാല്യക്കാരിൽ ഒരുവൻ നാബാലിന്‍റെ ഭാര്യയായ അബീഗയിലിനോട്: “ദാവീദ് നമ്മുടെ യജമാനന് വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്ന് ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു. 15എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി താമസിച്ചിരുന്ന കാലത്ത് ഒരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടതുമില്ല. 16ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴെല്ലാം രാവും പകലും അവർ ഞങ്ങൾക്ക് ഒരു കോട്ട ആയിരുന്നു. 17അതുകൊണ്ട് ഇപ്പോൾ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; ദാവീദ് നമ്മുടെ യജമാനനും അവന്‍റെ സകലഭവനത്തിനും ദോഷം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു; അവനോ ദുശ്ശാഠ്യക്കാരൻ#25:17 ദുശ്ശാഠ്യക്കാരൻ ബെലിയാലിന്റെ സന്തതി ആയതുകൊണ്ട് അവനോട് ആർക്കും ഒന്നും സംസാരിക്കാൻ സാധിക്കുകയില്ല.”
18ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും, രണ്ടു തുരുത്തി വീഞ്ഞും, പാകം ചെയ്ത അഞ്ചു ആടും, അഞ്ചു പറ മലരും#25:18 അഞ്ചു പറ മലരും ഏകദേശം 20 കിലോഗ്രാം, നൂറ് ഉണക്കമുന്തിരിക്കുലയും, ഇരുനൂറ് അത്തിയടയും കഴുതപ്പുറത്ത് കയറ്റി ബാല്യക്കാരോട്; 19“നിങ്ങൾ എനിക്ക് മുമ്പെ പോകുവിൻ; ഞാൻ പിന്നാലെ വരാം” എന്നു പറഞ്ഞു. ഭർത്താവായ നാബാലിനെ അവൾ ഒന്നും അറിയിച്ചില്ല.
20അവൾ കഴുതപ്പുറത്ത് കയറി മലയുടെ മറവിൽകൂടി ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അവന്‍റെ സഹയാത്രികരും അവൾക്കെതിരെ വരുന്നു; അവൾ അവരെ എതിരേറ്റു. 21അപ്പോൾ ദാവീദ്: “മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതെല്ലാം ഞാൻ സംരക്ഷിച്ചത് വെറുതെയായി. അവന് ഒന്നും നഷ്ടപ്പെട്ടതുമില്ല; അവനോ നന്മക്ക് പകരം എനിക്ക് തിന്മ ചെയ്തു. 22അവന്‍റെ പുരുഷന്മാരിൽ ആരെയെങ്കിലും പുലരുംവരെ ഞാൻ ജീവനോടെ വെച്ചിരുന്നാൽ ദൈവം ദാവീദിന്‍റെ ശത്രുക്കൾക്ക് പകരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.”
അബിഗയിൽ നാബാലിനായി മദ്ധ്യസ്ഥത വഹിക്കുന്നു
23അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ പെട്ടെന്ന് കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിനെ സാഷ്ടാംഗം നമസ്കരിച്ചു. 24അവൾ അവന്‍റെ കാല്ക്കൽ വീണ് പറഞ്ഞത്: “യജമാനനേ, കുറ്റം എന്‍റെ മേൽ ഇരിക്കട്ടെ; അടിയൻ ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്‍റെ വാക്കുകളെ കേൾക്കേണമേ. 25ദുസ്സ്വഭാവിയായ#25:25 ദുസ്സ്വഭാവിയായ ബെലിയാലായ നാബാലിനെ#25:25 നാബാലിനെ ഭോഷനെ യജമാനൻ കാര്യമാക്കരുത്; അവൻ തന്‍റെ പേരുപോലെ തന്നെ ആകുന്നു. നാബാൽ എന്നാണല്ലോ അവന്‍റെ പേർ; ഭോഷത്തം മാത്രമേ അവന്‍റെ കയ്യിൽ ഉള്ളൂ. അടിയൻ, യജമാനൻ അയച്ച വേലക്കാരെ കണ്ടിരുന്നില്ല. 26അതുകൊണ്ട് യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടഞ്ഞിരിക്കുന്നു; നിന്‍റെ ശത്രുക്കളും യജമാനന് ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ. 27ഇപ്പോൾ യജമാനന്‍റെ അടുക്കൽ അടിയൻ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച#25:27 കാഴ്ച മറ്റൊരാൾക്ക് നൽകുന്ന സമ്മാനം യജമാനന്‍റെ ബാല്യക്കാർക്ക് ഇരിക്കട്ടെ. 28അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ. യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; കാരണം യഹോവയുടെ യുദ്ധങ്ങളാണല്ലോ യജമാനൻ നടത്തുന്നത്. ജീവിതകാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല. 29ആരെങ്കിലും നിന്നെ പിന്തുടർന്ന് കൊല്ലുവാൻ ശ്രമിച്ചാലും, യജമാനന്‍റെ പ്രാണൻ നിന്‍റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്‍റെ ശത്രുക്കളുടെ പ്രാണനെയോ അവൻ കവിണയിൽ നിന്ന് എന്നപോലെ എറിഞ്ഞുകളയും. 30എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവർത്തിച്ച്, നിന്നെ യിസ്രായേലിനു പ്രഭുവാക്കി വെയ്ക്കുമ്പോൾ 31കാരണംകൂടാതെ രക്തം ചിന്തിയെന്നോ, പ്രതികാരം ചെയ്തു എന്നോ പശ്ചാത്താപവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനന് നന്മ ചെയ്യുമ്പോൾ അടിയനെയും ഓർത്തുകൊള്ളണമേ.”
32ദാവീദ് അബീഗയിലിനോട് പറഞ്ഞത്: “എന്നെ എതിരേൽക്കുവാൻ നിന്നെ അയച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം. 33നിന്‍റെ വിവേകം സ്തുത്യം; രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയിരിക്കുവാനും ഇന്ന് എന്നെ തടഞ്ഞ നീ അനുഗ്രഹിക്കപ്പെട്ടവൾ. 34നിനക്ക് ദോഷം വരാതെയിരിക്കുവാൻ എന്നെ തടഞ്ഞ യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, നീ വേഗം എന്നെ എതിരേറ്റ് വന്നിരുന്നില്ലെങ്കിൽ നേരം പുലരുമ്പോഴേക്ക് പുരുഷപ്രജയൊന്നും നാബാലിന് ശേഷിക്കയില്ലായിരുന്നു.” 35പിന്നെ അവൾ കൊണ്ടുവന്നത് ദാവീദ് അവളുടെ കയ്യിൽനിന്ന് വാങ്ങി അവളോട്: “സമാധാനത്തോടെ വീട്ടിലേക്ക് പോക; ഇതാ, ഞാൻ നിന്‍റെ വാക്ക് കേട്ട് നിന്‍റെ മുഖം ആദരിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
36അബീഗയിൽ നാബാലിന്‍റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്‍റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്‍റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല. 37എന്നാൽ രാവിലെ നാബാലിന്‍റെ വീഞ്ഞിന്‍റെ ലഹരി മാറിയശേഷം അവന്‍റെ ഭാര്യ അവനോട് വിവരം അറിയിച്ചപ്പോൾ അവന്‍റെ ഹൃദയം അവന്‍റെ ഉള്ളിൽ ജീവനില്ലാത്തതു പോലെ ആയി. അവൻ ശിലാസമനായി. 38പത്തു ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി. 39നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോൾ: “എന്നെ നിന്ദിച്ചതിനാൽ നാബാലിനോട് പകരംചോദിക്കുകയും, അങ്ങേയുടെ ദാസനെ തിന്മ ചെയ്യാതെ തടയുകയും ചെയ്ത യഹോവയ്ക്ക് സ്തോത്രം. നാബാലിന്‍റെ ദുഷ്ടത യഹോവ അവന്‍റെ തലയിൽ തന്നെ വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയാക്കേണ്ടതിന് അവളോട് സംസാരിപ്പാൻ ആളയച്ച്.
40ദാവീദിന്‍റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്‍റെ അടുക്കൽ ചെന്നു അവളോട്: “നീ ദാവീദിന് ഭാര്യയായിത്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവൻ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
41അവൾ എഴുന്നേറ്റ് നിലംവരെ തല കുനിച്ചു: “ഇതാ, അടിയൻ യജമാനന്‍റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി” എന്നു പറഞ്ഞു. 42ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്‍റെ പരിചാരികമാരായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്ത് കയറി ദാവീദിന്‍റെ ദൂതന്മാരോടുകൂടി ചെന്നു അവന് ഭാര്യയായിത്തീർന്നു. 43യിസ്രായേലിൽനിന്നും ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവർ രണ്ടുപേരും ദാവീദിന് ഭാര്യമാരാത്തീർന്നു. 44ശൗല്‍ തന്‍റെ മകളും ദാവീദിന്‍റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്‍റെ മകൻ ഫല്തിക്ക് കൊടുത്തിരുന്നു.
Currently Selected:
1 ശമു. 25: IRVMAL
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.